വെടിവയ്പിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുഞ്ഞിന്‍റെ ഒന്നാം പിറന്നാൾ ഗംഭീരമാക്കി
Tuesday, May 26, 2020 2:53 PM IST
എൽപാസൊ, ടെക്സസ്: എൽപാസോ വാൾ മാർട്ടിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ആൻഡ്രെ - ജോർദാൻ ദമ്പതികളുടെ മകൻ പോൾ ഗിൽബർട്ടിന്‍റെ ഒന്നാം ജന്മദിനം എൽപാസോ കമ്യൂണിറ്റി ആഘോഷമാക്കി. മാതാപിതാക്കൾ കൊല്ലപ്പെടുമ്പോൾ വെറും രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന പോൾ, ഇപ്പോൾ ഗ്രാൻഡ് പേരന്‍റ്സിന്‍റെ കൂടെയാണ് കഴിയുന്നത്.

മാതാപിതാക്കൾ ജീവിച്ചിരുന്നുവെങ്കിൽ നടത്തുമായിരുന്ന ജന്മദിനാഘോഷത്തേക്കാൾ അതിഗംഭീരമായിട്ടാണ് കുടുംബാംഗങ്ങളും സ്നേഹിതരും മേയ് 23 ന് ആഘോഷിച്ചത്. മാതാപിതാക്കൾ നഷ്ടപ്പെട്ടുവെങ്കിലും സമൂഹം ഒറ്റകെട്ടായി കുട്ടിയുടെ പുറകിൽ ഉണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ജന്മദിനാഘോഷം.

മനോഹരമായി അലങ്കരിച്ച മോട്ടോർ ബൈക്കുകളും നൂറു കണക്കിനാളുകളുമാണ് ജന്മദിനാഘോഷ പരേഡിൽ പങ്കെടുത്തത്. വാൾ മാർട്ടിൽ വെടിവയ്പു നടത്തിയ അക്രമിയിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ അമ്മ ജോർദാൻ കുട്ടിക്കു ചുറ്റും വലയം ചേർത്തു. ലക്ഷ്യബോധമില്ലാതെ വെടിയുണ്ടകൾ പായിച്ചു മുന്നോട്ടു നീങ്ങിയ അക്രമി ജോർദാനു നേരെ തോക്കു ചൂണ്ടുന്നതു കണ്ട് ജോർദാന്‍റെ ഭർത്താവും കുട്ടിയുടെ പിതാവുമായ ആൻഡ്രെ, ജോർദാനും അക്രമിക്കുമിടയിൽ ചാടി വീണു. പക്ഷേ അക്രമിയുടെ തോക്കിൽ നിന്നും പാഞ്ഞു വന്ന വെടിയുണ്ട ആൻഡ്രെയുടെ ശരീരത്തിലൂടെ തുളച്ചു ജോർദാന്‍റെ ശരീരത്തിലും പതിച്ചു. ഇരുവരുടേയും ജീവൻ വെടിയുണ്ട കവർന്നു. 23 പേരാണ് ആ വെടിവയ്പിൽ കൊല്ലപ്പെട്ടത്.

പ്രതി പാട്രിക് ക്രൂസിസ് ഹേറ്റ് ക്രൈംസ് ഉൾപ്പെടെ 98 ചാർജുകൾ ചുമത്തപ്പെട്ടു ശിക്ഷ കാത്തു കഴിയുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ