സൂപ്പർ ഹീറോകൾക്കായി ലൈവ് ഓർക്കസ്ട്ര "ഗാനമഞ്ജരി' മേയ് 30 ന്
Saturday, May 30, 2020 10:10 AM IST
ന്യൂജേഴ്‌സി: കോവിഡിനെതിരെ വീറുറ്റ പോരാട്ടം നടത്തിയ അമേരിക്കൻ മലയാളികളായ ആരോഗ്യപ്രവർത്തകർക്കായി അമേരിക്കയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഇന്തോ അമേരിക്കൻ എന്‍റർടൈമെന്‍റ്സും കേരളത്തിലെ വിവിധ ബാൻഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരുപറ്റം കലാകാരന്മാരും ചേർന്ന് തത്സമയ ഗാന മഞ്ജരി ഒരുക്കുന്നു.

അതിജീവനത്തിന്‍റെ അഗ്‌നി നാളങ്ങളിൽ വെന്തുരുകിയിട്ടും ആത്മസംയനത്തിന്‍റേയും അർപ്പണബോധത്തിന്‍റേയും കരുത്തോടെ എന്നും ലോകം പകച്ചുനിന്ന നിന്ന കോവിഡ് 19 എന്ന മഹാമാരിയെ നേർക്കുനേർ നിന്ന് പോരാടിയ അമേരിക്കയിലെ ആരോഗ്യ പ്രവത്തകർക്ക് കലാകേരളത്തിന്‍റെ കൂപ്പുകൈ അർപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഈ തത്സമയ പരിപാടി ഫേസ് ബുക്ക് ലൈവ് വഴി മേയ് 30 നു (ശനി) ന്യൂയോർക്ക് സമയം രാവിലെ 10 മുതലാണ്. (nafa 2020 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അമേരിക്കൻ മലയാളികളായ ഹെൽത്ത് കെയർ വർക്കേഴ്സിനായി സമർപ്പിക്കുന്നുത്.

ലൈവ് പരിപാടി കാണുവാനുള്ള ഈ ലിങ്ക് : https://www.facebook.com/IAECORP/live/

കോവിഡിന്‍റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ആദ്യമായിട്ടാണ് കേരളത്തിൽ പ്രത്യേകമായി സജീകരിച്ച അത്യാധുനിക സ്റ്റുഡിയോ സംവിധാനം വഴി ഒരു മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന ലൈവ് ഓർക്കസ്ട്രയോടുകൂടിയ തത്സമയം സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂജേഴ്‌സി സ്വദേശിയായ ഡാനി (ഡാനിയേൽ വർഗീസ്) കാനഡയിലെ പ്രമുഖ ഫോട്ടോ ഗ്രാഫർ മനോജ് (കാപ്ച്ചർ മേറ്റ് ഫോട്ടോഗ്രാഫി),ഒട്ടനവധി സിനിമകളുടെ സഹ സംവിധായൻ ആയ സോണി ജി. കുളക്കട എന്നിവരാണ് ഈ അത്യപൂർവ സംഗീത പരിപാടിയുടെ അണിയറ ശിൽപ്പികൾ.

കഴിഞ്ഞ 15 വർഷമായി വിവിധ സ്റ്റേജുകളിൽ പെർഫോമൻസ് നടത്തുകയും വിവിധ ടിവി ഷോകളിലും സിനിമയിലും പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ കീബോർഡിസ്റ്റും പ്രോഗ്രാമാറുമായ ടിനു ആമ്പൈ, കലായവനികയിൽ മറഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന്‍റെ ബിഗ് ബാൻഡിലെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പെർഫോമൻസ് നടത്തിയിട്ടുള്ള ലീഡിങ്ങ് ഡ്രമ്മറും 25 വർഷമായി വിവിധ വേദികളിൽ ഡ്രം പെർഫോമൻസ് നടത്തിവരുന്ന ഷിബു സാമുവേൽ, മുനിര സംഗീത താരങ്ങൾക്കൊപ്പം വിവിധ സ്റ്റേജ് ഷോകളിലും ടിവി പ്രോഗ്രാമുകളിലും മാന്ത്രിക വിരലുകൾകൊണ്ട് സംഗീത ജാലവിദ്യകൾ കാട്ടുന്ന ബാസ് ഗിറ്റാറിസ്റ് ജാക്‌സൺ ജേക്കബ്, വിവിധ സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും സംഗീത വിസ്‌മയം പൊഴിയ്ക്കുന്ന, ബാലഭാസ്‌കറിന്‍റെ പിൻഗാമി എന്നു വിശേഷിപ്പിക്കാവുന്ന പ്രമുഖ വയലിനിസ്റ്റ് വിഷ്‌ണു നാരായണൻ, അനേകം സ്റ്റേജുകളിലും ടിവി ഷോകളിലും ശബ്‌ദ മാധുര്യം തെളിയിച്ചിട്ടുള്ള പ്രമുഖ ഗായകൻ (വൊക്കലിസ്റ്) റെജി ടി. ഫിലിപ്പ്, എന്നീ കലാകാരന്മാർ ചേർന്നാണ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വലിയ പെർഫോമിംഗ് സെന്‍ററിൽ നിന്ന് ഈ ലൈവ് അവതരിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക രാജ്യം മികച്ച പോലീസ്, പട്ടാള സുരക്ഷ സംവിധാനം, ശാസ്ത്ര മേഖലയിലെ മേൽകോയ്മ തുടങ്ങി എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഹെൽത്ത് കെയർ വർക്കർമാർ ഉൾപ്പെടെയുള്ളവർ തുടക്കത്തിൽ ശരിക്കും പതറിപ്പോയിരുന്നു. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളായ ഹെൽത്ത്കെയർ വർക്കർമാർ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു. കാരണം ഇത്തരമൊരു മഹാമാരിയെ ആദ്യമായിട്ടാണ് നേരിടേണ്ടിവരുന്നത്.

കഴിഞ്ഞ മൂന്ന് പതീറ്റാണ്ടുകളായി ഒരു മഹാമാരിയും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അമേരിക്കയിൽ വേണ്ടത്ര മുൻകരുതലുകൾ എടുക്കും മുൻപാണ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത്. എല്ലാ കാര്യങ്ങളിലുമെന്നപോലെ അമേരിക്കക്കാർ ഹെൽത്ത് മേഖലയിലും ലോകത്തെ ഒന്നാം സ്ഥാനക്കാരാണ്. എന്നാൽ അവിചാരിതമായി പൊട്ടിപ്പുറപ്പെട്ട മഹാമാരിക്കുമുന്പിൽ ആദ്യം പകച്ചു പോയെങ്കിലും ഹെൽത്ത് കെയർ പ്രഫഷണൽമാർ സ്വന്തം സുരക്ഷയെ പോലും ഗൗനിക്കാതെ കോവിഡ് 19 നെതിരെ വീറോടെ പോരാടി അനേകമാളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു.. ആയുധമില്ലാതെ യുദ്ധമുഖത്തേക്കു കടന്നു ചെന്ന പോരാളികളെപ്പോലെയായിരുന്നു അവരുടെ അവസ്ഥയെങ്കിലും സ്വയം സുരക്ഷയ്ക്ക് മുൻപിൽ അറച്ചുനിൽക്കാതെ സ്വധര്യം മുന്നിട്ടിറങ്ങി.ആൽമധൈര്യമാണ് ഏറ്റവും വലിയ ആയുധമെന്നു അവർ പ്രവർത്തിയിലൂടെ തെളിയിച്ചു.

രോഗ പരിപാലനം ഒരു തപസ്യയായി തെരെഞ്ഞെടുത്ത നഴ്സുമാരും ഡോക്ടർമാരും റെസ്‌പിറ്ററി തെറാപ്പിസ്റ്റുകൾ തുടങ്ങിയവരിൽ പലർക്കും ആദ്യകാലങ്ങളിൽ മതിയായ സുരക്ഷ ക്രമീകരങ്ങൾ പോലുമുണ്ടായില്ല. നിരായുധരായ അവർക്കു മുൻപിൽ സ്വന്തം രോഗികളുടെ ജീവനായിരുന്നു അവർക്കു പ്രധാനം. അവരിൽ മുൻ നിരയിൽ നിന്നത് നഴ്സുമാരായിരുന്നു. ഓരോ ദിവസവും ജോലിക്കു പോകുമ്പോഴും മടങ്ങി വരുമ്പോഴും തലേന്ന് തങ്ങൾ പരിചരിച്ചുകൊണ്ടിരുന്ന രോഗികൾ യാതൊരാപത്തുമുണ്ടാകരുതേ എന്ന് പ്രാത്ഥിക്കുകയാണവർ ചെയ്‌തത്‌, അല്ലാതെ അവരെ കാത്തുകൊള്ളണമേ എന്നായിരുന്നില്ല.

കേരളത്തിലോ മറ്റെങ്കിലും പ്രദേശങ്ങളിലുമുള്ളതിനേക്കാൾ ധീരരാണ് നമ്മുടെ ആരോഗ്യമേഖലയിലെ മുന്നണിപ്പോരാളികൾ. അവർ നേരിട്ടത് ഒന്നും രണ്ടും രോഗികളെയല്ല;നൂറുകണക്കിന് രോഗികളെയാണ! അവരിൽ മിക്കവാറും പ്രായമേറിയവർ. ഉറ്റവരും ഉടയവരുമൊന്നും കൈത്താങ്ങില്ലാത്ത ഈ പാവങ്ങളുടെ ആശ്രയമായിരുന്നു ഇവർ. ഒരു പക്ഷെ അവർ അവസാനമായി യാത്ര പറഞ്ഞിട്ടുള്ളതും ഹെൽത്ത് കെയർ വർക്കർമാരോടാണ്.

കോവിഡ് ബാധിച്ച പ്രായമേറിയവരെ ജീവിതത്തിൽ തിരികെ കൊണ്ടുവരിക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നിരുന്നാലും വെന്റിലേറ്ററുകളിലും ഐ.സി.യു..വിലും മറ്റുമുണ്ടായിരുന്ന ഒരുപാടു രോഗികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത് ധീരരായ ഹെൽത്ത് കെയർ വർക്കർമാരുടെ ആൽമാർത്ഥതയും കഠിനാധ്വാനവും കൊണ്ട് മാത്രമാണ്.

ന്യൂജേഴ്സിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ 500മത്തെ രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നപ്പോൾ അതിൽ 37 പേരും പുറത്തിറങ്ങിയത് വെന്‍റിലേറ്ററിൽ നിന്നാണ്. കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ടുവെന്നു പറയുന്ന കേരളത്തിൽ എത്ര രോഗികൾ വെന്റിലേറ്ററിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ടാകും ? വെന്‍റിലേറ്ററിൽ കഴിഞ്ഞ മുഴുവൻ രോഗികളും ജീവനോടെ തിരിച്ചു വരാത്ത രാജ്യങ്ങളെയാണ് നാം കണ്ടത്. എന്നാൽ അമെരിക്കയിലെ ഹോസ്പിറ്റലുകളിൽ തിങ്ങി നിറഞ്ഞ രോഗികളിൽ നിന്ന് ഇത്രയേറെപ്പേരെ ജീവനോടെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ഹെൽത്ത് കെയർജീവനക്കാരുടെ അർപ്പണമനോഭാവം കൊണ്ടൊന്നു മാത്രമാണെന്ന് അടിവരയിട്ടു പറയട്ടെ. ഈ രാജ്യം ഹെൽത്ത് കെയർ വർക്കേഴ്സിനെ അത്ര മേൽ ബഹുമാനിക്കുന്നതാണ് ഇതിനു കാരണം. അവരാണ് സൂപ്പർ ഹീറോസ്!

അമേരിക്കയിലെ നല്ലൊരു ശതമാനം മലയാളികളും അവരുടെ ജീവൻ കെട്ടിപ്പടുത്തത് ഹെൽത്ത് കെയർ മേഖലയിൽ ജോലിചെയ്തതുകൊണ്ടാണ്.അമേരിക്കയിൽ നിന്ന് കോടിക്കണക്കിനു രൂപകേരളത്തിലേക്ക് ഒഴുകിയെത്തിയത് ഈ ഹെൽത്ത് കെയർ വർക്കർമാർ മുഖാന്തിരമാണെന്നു കേരളത്തിലെ സാധാരണ ജനങ്ങൾ അംഗീകരിക്കില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് നന്നായി അറിയാം. കേരളത്തിൽ രണ്ടു തവണ മഹാപ്രളയം വന്നപ്പോൾ അമേരിക്കൻ മലയാളികളോട് കൈ നീട്ടിയപ്പോൾ ഏറിയ പങ്കും സമ്മാനിച്ചത് ഹെൽത്ത് കെയർ വർക്കർമാരാണെന്ന കാര്യം മറക്കരുത്.

സ്വന്തം സുരക്ഷയെ തൃണവൽക്കരിച്ചുകൊണ്ടു ആയിരക്കണക്കിന് കോവിഡ് ബാധിതരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അഹോരാത്രം പ്രയത്നിച്ച ഹെൽത്ത് കെയർ ജീവനക്കാരെ നിങ്ങളാണ് യഥാർഥ ഹീറോകൾ! ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നിങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു. ഇതു നിങ്ങൾക്കുള്ളതാണ്. ഈ ഗാന മഞ്ജരി നിങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു! ഹെൽത്ത് കെയർ വർക്കർമാരെ ആദരിക്കുന്ന ഈ ഗാന മഞ്ജരി എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

www.www.facebook.com/IAECORP/live

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ