ടെക്സസ് സിറ്റി കമ്മീഷണർ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Monday, August 3, 2020 8:21 PM IST
സൗത്ത് ടെക്സസ് : സൗത്ത് ടെക്സസ് സുള്ളിവാൻ സിറ്റി കമ്മീഷണർ ഗബ്രിയേൽ സലിനാസ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് കമ്മീഷണറുടെ വീട്ടിലെത്തിയ പോലീസിന് ഗബ്രിയേലിന്‍റെ 39 കാരിയായ ഗേൾ ഫ്രണ്ടിനെ ശരീരമാകെ രക്തത്തിൽ കുളിച്ച നിലയിലും സമീപം തലക്കു പരിക്കേറ്റ നിലയിൽ നാലു വയസുകാരനായ മകനേയും കണ്ടെത്തുകയായിരുന്നു.

പോലീസ് എത്തിയതോടെ കമ്മീഷണർ പോലീസിനു നേരെ നിറയൊഴിച്ചു. പോലീസ് തിരിച്ചും വെടിയുതിർത്തു. കീഴടങ്ങാൻ പോലീസ്, കമ്മീഷണർക്ക് നിർദേശം നൽകിയെങ്കിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വീടിനകത്തേക്ക് റോബോട്ടിനെ അയച്ചു. പരിശോധന നടത്തിയ റോബോട്ട് കമ്മീഷണറെ വെടിയേറ്റു മരിച്ച നിലയിൽ ബഡ് റൂമിൽ കണ്ടെത്തുകയായിരുന്നു.

കമ്മിഷണർ കൊല്ലപ്പെട്ടത് പോലീസിന്‍റെ വെടിയേറ്റിട്ടാകാമെന്നാണ് പോലീസ് ചീഫ് പറഞ്ഞത്. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോപ്സിക്കു ശേഷമേ യഥാർഥ മരണ കാരണം വ്യക്തമാകൂ എന്നും ചീഫ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ