അരലക്ഷം കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനമായി കലിഫോർണിയ
Monday, August 3, 2020 8:46 PM IST
കലിഫോർ‍ണിയ: കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനുശേഷം അതിന്‍റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കലിഫോർണിയ ബഹുദൂരം മുന്നിൽ.

ഓഗസ്റ്റ് ഒന്നിനു കലിഫോർണിയ ഹെൽത്ത് ഡിപ്പാർട്ടുമെന്‍റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അരമില്യൺ കോവിഡ് 19 കേസുകൾ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കലിഫോർണിയ എന്നു ചൂണ്ടിക്കാണിക്കുന്നു. 509 162 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ജൂലൈ 31 നു കലിഫോർണിയായിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും പുതിയ റിക്കാർഡ് കുറിച്ചു. 214 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 176 ആയിരുന്നു ഇതിനു മുന്പുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണനിരക്ക്.

ഓഗസ്റ്റ് രണ്ടിനു വൈകി കിട്ടിയ റിപ്പോർട്ട് പ്രകാരം കലിഫോർണിയായിൽ 9396 കോവിഡ് മരണവും 511836 പോസിറ്റീവ് കേസുകളും സ്ഥിരികരിച്ചിട്ടുണ്ട്. ഇതിൽ നഴ്സിംഗ് ഹോമുകളിലെ മരണനിരക്ക് 4090 ആണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ