പ്രോപ്പർട്ടി ടാക്സ് വർധന : ഹാരിസ് കൗണ്ടി അധികൃതർ പഠനം നടത്തുന്നു
Saturday, August 8, 2020 5:12 PM IST
ഹൂസ്റ്റൺ: പ്രോപ്പർട്ടി ടാക്സ് ഉയർത്തുന്നതു സംബന്ധിച്ച് ഹാരിസ് കൗണ്ടി അധികൃതർ പഠനം നടത്തുന്നു. വ്യാഴാഴ്ച നടന്ന കൗണ്ടി കമ്മീഷണറുടെ യോഗത്തിലാണ് പ്രോപ്പർട്ടി ടാക്സ് എട്ട് ശതമാനമായി ഉയർത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നത്.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടർമാരുടെ അനുമതിയില്ലാതെതന്നെ നികുതി ഉയർത്താൻ കൗണ്ടികൾക്ക് നിയമം അനുവാദം നൽകുന്നുണ്ട്. "പ്രഖ്യാപിത ദുരന്തസമയങ്ങളിൽ പൊതുജനാഭിപ്രായം തേടാതെ തന്നെ ഭരണകൂടങ്ങൾക്ക് നികുതിയും മറ്റു ഫീസുകളും ഉയർത്താൻ നിയമത്തിൽ ഇളവ് അനുവദിക്കുന്നുണ്ട്‌' ഹാരിസ് കൗണ്ടിയിലെ ബജറ്റ് മാനേജ്മെന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഇൻകമിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബെറി പറഞ്ഞു.

30 ശതമാനം ശേഷിയിലാണ് ഇപ്പോൾ ഞങ്ങൾ പ്രവർത്തിക്കുന്നത്. നികുതി വർധിപ്പിച്ചാൽ അത് ഞങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ താങ്ങാനാവുന്നതല്ല, 51 വർഷമായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ചൈന ഗാർഡൻ റസ്റ്ററന്‍റ് ഉടമ പറഞ്ഞു. സമാനമായ അവസ്ഥയാണ്‌ മിക്ക റസ്റ്ററന്‍റ് ഉടമകളും പങ്കു വയ്ക്കുന്നത്.

ഇന്നലെ നടന്ന ചർച്ചയിൽ നികുതി വർധനവ് തീരുമാനമാകാതെ പിരിഞ്ഞു. ഈ മാസാവസാനം ഹാരിസ് കൗണ്ടി അപ്രൈസൽ ഡിസ്ട്രിക്ട് അതിന്‍റെ സ്വത്തുനികുതി എസ്റ്റിമേറ്റ് നൽകുന്നതു വരെ കാത്തിരുന്ന് വീണ്ടും ഈ വിഷയത്തിൽ ചർച്ച ചെയ്തു തീരുമാനം അറിയിക്കും എന്ന് കമ്മീഷണർ അറിയിച്ചു.

റിപ്പോർട്ട്: അജു വരിക്കാട്