കുപ്പായത്തിനുള്ളിലെ കലാകാരന്‍, റവ. ഫാ. തോമസ് മാത്യു പ്രവാസി മലയാളികളുടെ താരമായി മാറി
Saturday, January 16, 2021 2:20 PM IST
ഡാളസ്:തിരുവസ്ത്രം ധരിച്ച് സ്റ്റേജുകളില്‍ സിനിമാതാരങ്ങളുടെയും, മറ്റു പലവിധ ശബ്ദം അനുകരിച്ചും പ്രവാസികളുടെ മനസുകളില്‍ പ്രസിദ്ധനായികൊണ്ടിരിക്കുന്ന ജൂബി അച്ചന്‍ എന്ന് വിളിക്കുന്ന റവ.ഫാദര്‍ തോമസ് മാത്യുവിന്റെ കലാ പാടവം പ്രവാസികളുടെ ശ്രദ്ധനേടുന്നു.

സഭയോടുള്ള കൂറും, ദൈവത്തോടുള്ള തീഷ്ണമായ വിശ്വാസവും ഉള്ള ഈ യുവ വൈദികന്‍ ഹാസ്യ കലാ രംഗത്തു ഒരു മുതല്‍കൂട്ടു തന്നെയാണ്. അമേരിക്കയില്‍ വിവിധ കലയില്‍ സാമര്‍ഥ്യം ഉള്ളവര്‍ ധരാളം ഉണ്ടെങ്കിലും മിമിക്രി ഹാസ്യകലയില്‍ പരിജ്ഞാനം ഉള്ളവര്‍ നന്നേ കുറവാണു.പ്രത്യേകിച്ച് വൈദീകരുടെ ഇടയില്‍ ആരും തന്നെ ഉള്ളതായി അറിയില്ല. അച്ചന്‍ നല്ലൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ്.

പ്ലാനോ സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് പള്ളി വികാരിയായി സേവന ചെയ്തു കൊണ്ടിരിക്കുന്ന റവ. തോമസ് മാത്യു കോന്നി തണ്ണിത്തോട് സ്വദേശിയാണ്. ഭാര്യ ജെസ്‌നി നേഴ്‌സ് ആയി സേവനം ചെയ്യുന്നു. മക്കള്‍ ഏഡ്രിയെല്‍, സെമീറ എന്നിവര്‍.

ചെറുപ്പം മുതല്‍ അനുകരണ കലയോട് താല്പര്യമുണ്ടായിരുന്ന അച്ചന്‍ സ്‌കൂള്‍- കോളേജ് പഠനകാലത്ത് മിമിക്രി നടത്തി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാന്തര ബിരുദം നേടിയ ജൂബി അച്ചന്‍ കോളേജ് പഠനകാലത്ത് മിമിക്രി അവതരിപ്പിക്കുന്നതിനോടൊപ്പം ധരാളം ലഘു നാടകങ്ങള്‍ സംവിധാനം ചെയുകയും പ്രധാന റോളുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അച്ചന്‍ കേരളത്തില്‍ മദ്യവര്‍ജ്ജന റാലിക്കു വേണ്ടി തെരുവ് നാടകങ്ങള്‍ സംവിധാനം ചെയ്തു പ്രസിദ്ധി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ അന്‍പതില്‍ പരം വേദികളില്‍ ജൂബി അച്ചന്‍ സംവിധാനം ചെയ്ത ലഘു നാടകങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. 2012 മുതല്‍ 2016 കാലഘട്ടത്തില്‍ സെമിനാരിയില്‍ വൈദീക പഠനം തുടരുമ്പോഴും, പട്ടത്വ ശുശ്രുഷയുടെ ആരംഭ വേളയിലും കുറെ കാലത്തേക്ക് മിമിക്രിയും അഭിനയവും ഉപേക്ഷിച്ചിരുന്നു.

2017 ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയില്‍ എത്തിയ അച്ചന്‍, ജിജി പി സ്‌കറിയ ആരംഭംകുറിച്ച മിമിക്‌സ് ട്രൂൂപ്പമായി സഹകരിച്ചു പ്രസ്തുത ട്രൂപ്പില്‍ ത്രിമൂര്‍ത്തികളില്‍ ഒരാളായി തോമസ് മാത്യു അച്ചന്‍ രംഗപ്രവേശനം ചെയ്തതോടുകൂടി പൊതു വേദികള്‍ ഓരോന്നായി അച്ചനെ തേടി വരുകയായിരുന്നു.ഇന്ന് ഡാളസിലെ പ്രധാന സംഘടനകളുടെ പൊതു പരിപാടികളില്‍ അച്ചന്റെ മിമിക്‌സ് പ്രോഗ്രാം മുഖ്യമാണ്.

ഡാളസ് മിമിക്‌സ് & മ്യൂസിക് എന്ന പേരിലറിയപ്പെടുന്ന ഈ ട്രൂപ്പിന്റെ ആരംഭം കുറിച്ചത് ജിജി പി സക്കറിയയുടെ ആണ്. മെയില്‍ നേഴ്‌സ് ആയി സേവനം ചെയ്തു വരുന്ന ഇദ്ദേഹം സ്‌കൂള്‍ കോളേജ് പഠനകാലത്തു മിമിക്രി അവതരിപ്പിച്ചു ധരാളം പുരസ്‌കാരം നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരുമ്പോഴും മിമിക്‌സ് എന്ന കലക്ക് മുന്‍തൂക്കം നല്‍കിയിരുന്നു.അന്നേ കാലത്തു നിലവിലുണ്ടയിരുന്ന മിക്‌സ് ട്രൂപ് തുശൂര്‍ ഗിന്നിസ്സ് എന്ന സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെ ജിജിയുടെ അവസരങ്ങള്‍ കൂടി വരുകയായിയുരുന്നു.

ത്രിമൂര്‍ത്തികളില്‍ വനിതാംഗമായ ദീപ്തി റോയ് കോട്ടയം പാമ്പാടി സ്വാദേശിയാണ്. ഇപ്പോള്‍ നഴ്‌സ് ആയി സേവനം ചെയ്തു വരുന്നു.കോളേജ് പഠനകാലത്തു കോട്ടയം ജില്ലാ യുവജനോത്സവത്തിനു കലാ തിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് റോയിയോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം ധാരാളം സ്റ്റേജുകളില്‍ മിമിക്രി നടത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ