ഫൊക്കാന വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനം വർണാഭമായി
Wednesday, January 27, 2021 12:15 PM IST
ന്യൂജഴ്‌സി: സ്ത്രീ ശാക്തീകരണത്തിന്‍റെ ഉത്തമ സംഗമവേദിയായി ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടന വേദി മാറി. കോവിഡ് മഹാമാരിയുടെ പരിമിതികളും, പ്രതിബന്ധങ്ങളുടെ വേലിക്കെട്ടുകൾക്കും തങ്ങളെ തളർത്താനാവില്ല എന്ന വ്യക്തമായ സന്ദേശത്തോടെയായിരുന്നു സമൂഹത്തിലെ വിവിധ തുറകളിൽ പാഗൽഭ്യം തെളിയിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി സ്ത്രീരത്നങ്ങൾ വ്യത്യസ്തമായ പരിപാടികൾ വെർച്ച്വൽ ആയി അവതരിപ്പിച്ചു.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിസ്മയകരമായ വെർച്ച്വൽ കലാപരിപാടികൾക്ക് നേതൃത്വം നൽകിയ വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹിക്കും വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടന പരിപാടി അവർക്ക് സ്വതന്ത്രമായി നടത്താൻ അവസരം നൽകിയ ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസിനും സെക്രട്ടറി ഡോ.സജിമോൻ ആന്‍റണിക്കും മറ്റു ഭരണ നേതൃത്വത്തിനും പൊൻതൂവലായി.

ചടങ്ങിലെ മുഖ്യാതിഥിയായ കേരള ആരോഗ്യവനിതാക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമാണ്. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച പ്രവർത്തനോദ്ഘാടന ചടങ്ങിൽ വീണ ജോർജ് എംഎൽഎ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. മലയാള സിനിമയിലെ ഏക വനിത സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പ്രശസ്ത തെന്നിന്ത്യൻ നടിമാരായ അഭിരാമി, മന്യ റെഡ്ഢി എന്നിവരുടെയും കേരള വനിത കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറും മെജോറിറ്റി ലീഡറുമായ ഡോ. ആനി പോൾ, അമേരിക്കയിലെ മലയാളി വനിതാ ജഡ്‌ജി ജൂലി മാത്യു, പ്രമുഖ വനിത വ്യവസായ സംരംഭകരായ ഷീല കൊച്ചൗസേപ്പ്, കേരളത്തിലെ പ്രമുഖ സാമൂഹിക- രാഷ്ട്രീയ രംഗത്തെ നേതാവ് നിഷ ജോസ്, ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ റിലേഷൻസ് ചെയർപേഴ്സൺ മിനി സാജൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ രമ ജോർജ്, സമൂഹത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ചിരിക്കുന്ന ലോക പ്രശസ്ത മാന്ത്രികൻ പ്രഫ. ഗോപിനാഥ് മുതുകാട്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ അക്രമങ്ങളെക്കുറിച്ചന്വേഷിക്കുന്ന അഭിഭാഷകനും കേരള പൊലീസിനെ സൈബർ സെല്ലിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമായ ഇ.എസ്. ബിജുമോൻ ഐ പി എസ്, ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള, ഫൊക്കാന നാഷണൽ അംഗംങ്ങളായ ഗീത ജോർജ്, ഗ്രേസ് മരിയ ജോസഫ്, ഫൊക്കാന യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി മെമ്പർ രേഷ്‌മ(കാനഡ), ഫൊക്കാന വിമൻസ് ഫോറം മുൻ ചെയർപേഴ്സൺ ലീല മാരേട്ട്, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൊക്കാന കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡണ്ടും അല്മേഡ കൗണ്ടിയിലെ മെഡിക്കൽ ഡയറക്ടറും പ്രമുഖ പീഡിയാട്രീഷനുമായ ഡോ.ജേക്കബ് ഈപ്പൻ, ഫൊക്കാന ഇന്റർനാഷണൽ കമ്മിറ്റി അംഗംങ്ങളായ സൂസി ജോയ്, ദീപ്തി വിജയ്, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു. വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി സ്വാഗതവും ഫൊക്കാന സെക്രട്ടറി ഡോ. സജിമോൻ ആന്റണി നന്ദിയും പറഞ്ഞു.

ഡോ കല ഷാഹി, ഡോ. മഞ്ജുഷ ഗിരീഷ്, ഡോ. ബ്രിജിറ്റ് ജോർജ്, രേഷ്‌മ സുനിൽ, ലീല മാരേട്ട്, ലത പോൾ, രേവതി പിള്ള, മഞ്ജു സാമുവേൽ, സുനിത ഫ്ലവർഹിൽ , ഗീത ജോർജ്,മേരി ഫിലിപ്പ്, റിനു കുര്യൻ, ഷൈനി പുരുഷോത്തമൻ, എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. ഫൊക്കാന ടെക്‌നിക്കൽ ടീം കോർഡിനേറ്റർ പ്രവീൺ തോമസ്, ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, മഹേഷ് മുണ്ടയാട് എന്നിവർ ചേർന്നാണ് സൂം മീറ്റിംഗ് നിയന്ത്രിച്ചത്.

പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഹൃസ്വമായ ഒരു മായാജാല പ്രകടനവും അരങ്ങേറി. കർണാട്ടിക്ക്, ഹിന്ദുസ്ഥാനിക്ക് സംഗീതത്തിൽ പ്രാവിണ്യം നേടിയിട്ടുള്ള ഓൺലൈനിൽ വോയിസ് കൾച്ചർ ട്രൈനിംഗ് നടത്തുന്ന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റിൽ നിന്നുള്ള ലക്ഷ്മി നായർ അവതരിപ്പിച്ച "നന്മയാകുന്ന കാന്തി കാണുവാൻ കണ്ണിണകണമേ... " എന്ന് തുടങ്ങുന്ന പ്രാർത്ഥനാഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിമൻസ് ഫോറം എക്സിക്യൂട്ടീവ് -നാഷണൽ കമ്മിറ്റി അംഗങ്ങൾ ചേർന്ന് വെർച്വൽ ആയി താന്താങ്ങളുടെ ഭവനങ്ങളിൽ നിന്നുകൊണ്ട് ദീപാർച്ചന നടത്തി. തുടർന്ന് ഫ്‌ളോറിഡയിൽ നിന്ന് പ്രസിഡന്‍റ് ജോർജി വർഗീസിന്റെ ഭവനത്തിൽ വച്ച് ജോർജി വർഗീസ്,ഭാര്യ ഷീല വർഗീസ്, കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് പ്രസിഡണ്ട് വർഗീസ് ജേക്കബ്, പ്രസിഡണ്ട് ഇലെക്ട് രാജുമോൻ ഇടിക്കുള,ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ ലിബി ഇടിക്കുള, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, മേരിക്കുട്ടി ജേക്കബ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഔദ്യോഗിക ഉദ്‍ഘാടനം നിർവഹിച്ചു.

ഫൊക്കാനയുടെ പ്രവർത്തങ്ങളെക്കുറിച്ചുള്ള ഹൃസ്വമായ വീഡിയോ പ്രദർശനവും തുടർന്ന് നടന്നു. ഫ്ലവർസ് ടി.വി യു.എസ്.എ സിംഗ് ആൻഡ് വിൻ മ്യൂസിക്ക് മത്സരത്തിലെ വിജയി ഡോ. ഡയാന ജെയിംസ് (ഫ്ലോറിഡ) " സാരേ ജഹാംസേ അച്ചാ ..." എന്ന് തുടങ്ങുന്ന ദേശഭക്തിഗാനമാലപിച്ചു. ഡോ.ഡോ. മഞ്ജുഷ ഗിരീഷ്, ഡോ. മഞ്ജു ഭാസ്‌ക്കർ,ഡോ. അബ്ജ അരുൺ എന്നിവർ ചേർന്ന് "വന്ദേമാതരം..." എന്ന ദേശഭക്തിഗാനവുമാലപിച്ചു. "ഓമനത്തിങ്കൽ കിടാവോ.." എന്നു തുടങ്ങുന്ന മാതൃത്വത്തിന്റെ അമൃത് പൊഴിക്കുന്ന ഗാനത്തിൽ വിമൻസ് ഫോറം സാരഥി ഡോ.കല ഷഹിയുടെ മോഹിനിയാട്ടം ഏറെ ഹൃദ്യമായി മാറി. തുടർന്ന് കേരളത്തിലെ പ്രശസ്ത സംഗീത അദ്ധ്യാപിക ശാന്തി അലന്റെ ശിഷ്യയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മത്സരാർത്ഥിയുമായ കല്യാണി വിനോദ് രവിവർമ്മന്റെ മനോഹാരമായാ സെമി ക്ലാസിക്കൽ സംഗീത ആലാപനവും അരങ്ങേറി.

വേൾഡ് മലയാളി കൗൺസിൽ 2020 സംഘടിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതി മേനോൻ അവതരിപ്പിച്ച കേരള നടനം അമേരിക്കൻ മലയാളികൾക്ക് നവ്യാനുഭവമായി മാറി. മലയാള ചരിത്രത്തിലെ ആദ്യത്തെ ശക്തയായ സ്ത്രീ കഥാപാത്രം പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയുടെ കഥ പറയുന്ന കേരളനടനം നടന നൃത്ത വൈഭവം കൊണ്ട് അവിസ്മരണീയമായി. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ കൂടിയായ പ്രിയ നായർ ആലപിച്ച കണ്ണകി എന്ന സിനിമയിലെ "കരിനീല കണ്ണെഴകീ കണ്ണകി...." എന്ന ഗാനാലാപനവും ഉണ്ടായിരുന്നു.

"നാരി മണി അവളുടെ ഉദരത്തിൽ നിന്നു പിറന്നു ഞാൻ..." എന്ന് തുടങ്ങുന്ന മാതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ കവിത ശലകത്തിനു ദൃശ്യാവിഷ്‌കാരം നൽകിയ പ്രീതി സുധ, ഡോ. മഞ്ജുഷ ഗിരീഷ് എന്നിവരെ കേരള അസ്സോസിയേഷൻ ഓഫ് കണെക്ടിക്കട്ട് പ്രസിഡണ്ട് ഷൈൻ പുരുഷോത്തമൻ പരിചയപ്പെടുത്തി. തുടർന്ന് "ശ്രീരാഗമോ തേടുന്നു നിൻ വീണ തൻ.." എന്ന ഗാനത്തിന് ന്യൂജേഴ്സിയിലെ സൗപർണിക ഡാൻസ് അക്കാദമിയിലെ മാലിനി നായരും സംഘവും അവതരിപ്പിച്ച സംഘനൃത്തവും നയന സുന്ധരമായിരുന്നു. തുടർന്ന് ചിന്നു തോട്ടം സാറാ അനു എന്നിവർ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഫാസ്റ്റ് നമ്പർ ഡാൻസും ഗംഭീരമായി.

ഫ്ലവർസ് ടി.വി യു.എസ് എ സിംഗ് ആൻഡ് വിൻ 2020 മത്സരത്തിലെ ഗോൾഡൻ വോയിസ് ഒന്നാം സ്ഥാനം നേടിയ എലിസബത്ത് ഐപ്പ് ആലപിച്ച മലയാള സിനിമ ഗാനമായ "പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായൊന്നു മാറി... " എന്ന് തുടങ്ങുന്ന മെലഡി മനസിന് കുളിർമയേകി. കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ തനതായ കലാരൂപമായ മാർഗംകളി അവതരിപ്പച്ചത് ബിന്ദു രാജീവ്, ദിവ്യ കാരാത്ത്, ദൃശ്യ രവീന്ദ്രൻ, മഞ്ജു ഉണ്ണി, രഞ്ജന മേനോൻ, സ്വപ്‌ന ജിനേഷ്, സുമി മുകേഷ്, ടീനു കുര്യൻ എന്നിവർ ചേർന്നാണ്.

"തിരുവോണപുലരി" എന്ന ഓണം ആൽബത്തിലെ "പൂത്തങ്ങാടി.." എന്നു തുടങ്ങുന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന് മനോഹരമായ നൃത്താവിഷ്‌ക്കാരം നൽകിയ ടാമ്പയിലെ ഉത്സവ് ഡാൻസ് ട്രൂപ്പിലെ സുനിത ഫ്ലവർ ഹിൽ , നിഷ ബൈജു, സുമ നായർ എന്നിവർ ഏറെ കയ്യടി നേടി. തുടർന്ന് കാനഡയിൽ നിന്ന് നിയ മെറിൻ,അലീഷ നസ്രീൻ, അമീഷ നൗറീൻ എന്നിവർ ചേർന്ന് ബോളിവുഡ് സംഘനൃത്തവും അവതരിപ്പിച്ചു.കാനഡയിൽ നിന്ന് തന്നെയുള്ള ഡാൻസിംഗ് മയൂറീസ് ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച മറ്റൊരു ബോളിവുഡ് സിനിമാറ്റിക് ഡാൻസ് ഫ്യൂഷനും കണ്ണിന് കുളിർമ്മ പകർന്നു. വൈഷ്ണവി ഭാരത്, അനിഷി മൈദൂർ , പൂജ പട്ടേൽ , ജ്യോതി പ്രകാശ്,ഗീത ബുശേഖർ എന്നിവർ ചേർന്നായിരുന്നു നൃത്തം അവതരിപ്പിച്ചത്.

റിപ്പോർ‌ട്ട്: ഫ്രാൻസിസ് തടത്തിൽ