വർധിപ്പിച്ച പ്രോപ്പർട്ടി ടാക്സിനെതിരെ ഡാളസ് കൗണ്ടി ജഡ്ജി
Monday, May 16, 2022 1:00 PM IST
പി.പി. ചെറിയാൻ
ഡാളസ്: ടെക്സസിലെ പല കൗണ്ടികളിലും പ്രോപ്പർട്ടി ടാക്സ് വർധിപ്പിച്ചതിനതിരെ പ്രോട്ടസ്റ്റ് ഫയൽ ചെയ്യാൻ ജനങ്ങളോട് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജൻങ്കിൻസ് അഭ്യർഥിച്ചു. പ്രോട്ടസ്റ്റ് ചെയ്യാനുള്ള അവസാനി തീയതി മേയ് 16 ആണ്.

ഡാളസ് കൗണ്ടിയിൽ ടാക്സ് വർധനവ് ഉണ്ടായിട്ടില്ലെന്നും ഈ വർഷം പ്രോപ്പർട്ടി വിലയിൽ 24 ശതമാനം വർധനവുണ്ടായിട്ടും ഇവിടെ ടാക്സ് കുറച്ചിരിക്കുകയാണെന്നും ജഡ്ജി പറഞ്ഞു.

ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടിയിലെ ടാക്സ് വർധിപ്പിക്കാത്ത സാഹചര്യത്തിൽ ടെക്സസിലെ മറ്റു കൗണ്ടികളും ടാക്സ് വർധിപ്പിക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും ജഡ്ജി അഭ്യർഥിച്ചു.

സംസ്ഥാന അധികൃതർ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടികുറയ്ക്കുമെന്നതിനാൽ ടാക്സ് കുറയ്ക്കുന്നതിന് മറ്റു കൗണ്ടികൾ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും സ്കൂൾ അധികൃതരോടും ഇതിനെക്കുറിച്ചു ചർച്ച ചെയ്തുവെങ്കിലും അവർ ഭയാശങ്കയിലാണെന്നും ജഡ്ജി കൂട്ടിചേർത്തു.

സംസ്ഥാനം പ്രോപ്പർട്ടി ടാക്സ് കുറ‌യ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രോട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ജഡ്ജി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബിസിനസ് വർധിച്ചതനുസരിച്ച് വീടുകളുടെ അഭാവവും വിലയിലുണ്ടായ കാര്യമായ വർധനവുമാണ് ടാക്സ് വർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.