മില്ലേനിയം പാര്‍ക്കില്‍ രാത്രി 10 മുതല്‍ നൈറ്റ് കര്‍ഫ്യൂ
Tuesday, May 17, 2022 4:25 PM IST
പി.പി. ചെറിയാൻ
ഷിക്കാഗോ: മില്ലേനിയം പാർക്കിൽ മേ‌‌യ് 19 (വ്യാഴം) മുതൽ 22 (ഞായർ) വരെ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കർഫ്യു ഏർപ്പെടുത്തിയതായി ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് അറിയിച്ചു.

ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ പതിനേഴുകാരനായ വിദ്യാർഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കർഫ്യു ഏർപ്പെടുത്തുന്നതെന്ന് മേയർ പറഞ്ഞു.

ഞായറാഴ്ച മില്ലേനിയം പാർക്കിലേക്ക് കൗമാരക്കാരെ വൈകുന്നേരം ആറു മണിക്കുശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടു‌ണ്ട്. വൈകുന്നേരം ആറു മുതൽ 10 വരെ ഇവർക്ക് പാർക്കിൽ പ്രവേശനം അനുവദിക്കണമെങ്കിൽ കൂടെ മുതിർന്നവരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അടുത്ത വാരാന്ത്യം മുതൽ ഉത്തരവ് നടപ്പാക്കുമെന്നും മേയർ ചൂണ്ടികാട്ടി.

മില്ലേനിയം പാർക്ക് പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് ആളുകൾ വരുന്നത് അല്പം വിശ്രമത്തിനും സന്തോഷത്തിനുമാണ്. അവിടെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഭീതിജനകമാണെന്നും മേയർ കൂട്ടിചേർത്തു.

കഴിഞ്ഞ കുറേ വർഷങ്ങളായി സിറ്റിയിൽ കൗമാര പ്രായക്കാർക്ക് രാത്രി 11 മുതൽ നൈറ്റ് കർഫ്യു ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ മേയ് 21 മുതൽ രാത്രി പത്തു മണിയായി ചുരുക്കിയെന്നും മേയർ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞു. നൂറുകണക്കിന് യുവാക്കൾ ഉൾപ്പെടെയുള്ളവർ സന്ദർശനത്തിനെത്തുന്ന അതിമനോഹരവും ആകർഷകവുമായ ഒന്നാണ് മില്ലേനിയം പാർക്ക്.