ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു
Tuesday, May 24, 2022 2:31 PM IST
പി.പി. ചെറിയാന്‍
ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വില്‍മര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു .

തെറ്റായ ദിശയില്‍ കയറിവന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന കാറിന് നേര്‍ക്ക് ഇടിച്ചു കയറുകയായിരുന്നു തെറ്റായ ദിശയില്‍ വന്ന കാറിന്റെ വനിതാ ഡ്രൈവറും രണ്ടു കൗമാര പ്രായക്കാരനും മറ്റൊരു കാറില്‍ ഉണ്ടായിരുന്ന പാലസ്റ്റയിന്‍ ജൂനിയര്‍ ഹൈയിലെ അധ്യാപകനും പരിശീലകനുമായ മൈക്കിള്‍ കോയ്‌നും (28) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അധ്യാപകന്‍റെ കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററില്‍ നിന്നും മാവെറില്‍സ് മത്സരം കണ്ടു മടങ്ങുകയായിരുന്നു അധ്യാപകനും രണ്ടു വിദ്യാര്‍ത്ഥികളും .

ദിശ തെറ്റി കയറിവന്ന കാറിന്‍റെ വനിതാ ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണോ അപകടകാരണമെന്ന് അന്വേഷിച്ചു വരുണാതായി വില്‍മെര്‍ പോലീസ് അറിയിച്ചു. അധ്യാപകന്‍ ഒഴിച്ചുള്ള മരിച്ചവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോച്ചായിരുന്ന അധ്യാപകന്റെ മരണത്തില്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അതീവ ദുഖത്തിലാണ്.