National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് ഫാക്ടറിയിൽ വൻ തീപിടിത്തമുണ്ടായി.
വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താനും ലൈസൻസ് ഉണ്ടായിരുന്നോയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും പരിശോധിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: അൽഖ്വയ്ദയുടെ ഉപസംഘടനയാണ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിൽ.
ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശിൽ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്.
അൽഖ്വയ്ദയും ഐസിസും രാസ-ജൈവ ആയുധങ്ങൾ ഉന്നമിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.
International
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത് ജറമാന നഗരത്തിൽ മിനിബസിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റതായും സിറിയൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 2024 ഡിസംബറിലെ ഭരണമാറ്റത്തിന് ശേഷം സിറിയയിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും തലസ്ഥാനത്തും പരിസരങ്ങളിലും സിവിലിയന്മാരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവേളയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് അഹമ്മദ് അൽ-ഷറഅ് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും രാജ്യത്ത് ആക്രമണങ്ങൾ തുടരുകയാണ്.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് .
ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
National
അഹമ്മദാബാദ്: 56 പേർ കൊല്ലപ്പെട്ട 2008ലെ അഹമ്മദാബാദ് സ്ഫോടന പരന്പരക്കേസിൽ 38 ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. 11 പ്രതികളുടെ ജീവപര്യന്തം തടവും ഹൈക്കോടതി ശരിവച്ചു.
ജസ്റ്റീസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവേ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. ഇത്രയധികം പേർക്ക് കോടതി വധശിക്ഷ വിധിക്കുന്നത് ആദ്യ സംഭവമാണ്.
2008 ജൂലൈ 26ന് അഹമ്മദാബാദിലെ വിവിധ മേഖലകളിൽ 70 മിനിറ്റിനിടെ 21 ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. ആശുപത്രികൾക്കു നേർക്കും ഭീകരർ ആക്രമണം നടത്തിയിരുന്നു.
2022 ഫെബ്രുവരിയിൽ 38 പേർക്കു തൂക്കുകയറും 11 പേർക്കു ജീവപര്യന്തം തടവും പ്രത്യേക കോടതി വിധിച്ചിരുന്നു.
International
ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും തകർന്നതായി പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് പേർക്ക് പരിക്കേറ്റു. ബിൽഖാനിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തെ തുടർന്ന് രണ്ട് മുറികൾക്ക് തീപിടിച്ചു. വീടിനുള്ളിലുണ്ടായിരുന്ന ആറ് പേർക്കും ഇവരെ രക്ഷിക്കാനെത്തിയ അയൽക്കാരായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദ്ഗധ ചികിത്സയ്ക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ സിലിണ്ടർ ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരിക്കേറ്റു.
ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ രണ്ടു ട്രാഫിക് പോലീസുകാരും ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
International
ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 21 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്.
20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമാണത്തിന് മുന്നിലുള്ള ലിയുയാംഗ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.
'ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റ 61 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
National
ചണ്ഡിഗഡ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവെ ട്രാക്കിനു സമീപം സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഗുർജീന്തർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനം നടത്തുന്നതിനിടെ കൊല്ലപ്പെട്ട ജാഗ്രൂപ് സിംഗിന്റെ പ്രധാന കൂട്ടാളിയാണ് ഗുർജീന്ദർ. ശംഭു, സിർഹിന്ദ് റെയിൽവെ ട്രാക്ക് സ്ഫോടനങ്ങളിലും മോഗ ഗ്രനേഡ് ആക്രമണത്തിലും ഇയാളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പാക് രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐയുടെ പിന്തുണയുള്ള ഖാലിസ്ഥാൻ അനുകൂല ഭീകര സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്ന് പോലീസ് കരുതുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പട്യാലയിലെ ശംഭുവിൽ ചരക്ക് ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലായിരുന്നു സ്ഫോടനം.
National
ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഫോടനം. ചൊവ്വാഴ്ച പുലർച്ചെ പട്യാല ജില്ലയിലെ രാജ്പുരയ്ക്ക് സമീപം ട്രാക്കിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സ്ഫോടനം നടന്ന സമയത്ത് പാതയിലൂടെ ട്രെയിനുകൾ വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ട്രാക്കിൽ ചെറിയ വിള്ളലുകൾ വീണതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും ആർപിഎഫും പരിശോധന നടത്തി.
സ്ഫോടനത്തിന് പിന്നിൽ അട്ടിമറി ശ്രമമുണ്ടോയെന്ന് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന് അംബാല-ലൂധിയാന റൂട്ടിലെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: അപകട കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങൾക്കായി ഇന്നും തെരച്ചിൽ നടത്തും. കെഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ നടത്തും.
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ് മോർട്ടം രാത്രിതന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു.
ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.
National
ചത്തീസ്ഗഡ്: പവർ പ്ലാന്റിൽ 20 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ചത്തീസ്ഗഡ് പോലീസ്.
ഏപ്രിൽ 14ന് സിംഗിതരായ് ഗ്രാമത്തിലെ വേദാന്ത പ്ലാന്റിൽ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 20 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിനും മറ്റുള്ളവർക്കുമെതിരെ വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ 289 (യന്ത്രങ്ങളോടുള്ള അശ്രദ്ധ), 3(5) (പൊതു ഉദ്ദേശ്യം), സെക്ഷൻ 106 (അശ്രദ്ധ മൂലമുള്ള മരണം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ശക്തി പോലീസ് സൂപ്രണ്ട് പ്രഫുൽ താക്കൂർ പറഞ്ഞു. അനിൽ അഗർവാൾ ഉൾപ്പടെ പത്ത് ആളുകളുടെ പേരാണ് എഫ്ഐആറിൽ ഉള്ളത്.
Kerala
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില് വാടകവീട്ടില് അനുമതിയില്ലാതെ പ്രവര്ത്തിച്ചിരുന്ന പടക്കനിര്മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത വിഷ്ണുവിനെതിരെയാണ് മനപൂര്വ്വമല്ലാത്ത നരഹത്യ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി കുന്ദമംഗലം പോലീസ് കേസെടുത്തത്.
വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അഞ്ചുപേരാണ് വീട്ടില് ഉണ്ടായിരുന്നതെന്നും പടക്കനിര്മ്മാണ കേന്ദ്രം പ്രവര്ത്തിക്കാന് അനുമതിക്കായി അപേക്ഷ നല്കിയിരുന്നുവെന്നും ചോദ്യം ചെയ്യലില് വിഷ്ണു പൊലീസിനോട് പറഞ്ഞു.
വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തത്. സ്ഫോടനത്തില് പരിക്കേറ്റ് ചികിത്സയില് തുടരുന്ന സിമി ഒന്നരമാസം ഗര്ഭിണിയാണ്.
അനുമതിയില്ലാതെയാണ് പടക്കനിര്മാണ കേന്ദ്രം പ്രവര്ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. വീടിനുള്ളില് വെടിമരുന്ന് ശേഖരവും കണ്ടെത്തിയിരുന്നു. പടക്കനിര്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്മാണം നടന്നിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനമുണ്ടായത്. രാമനാട്ടുകര സ്വദേശി രാഹുല് (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന് രാഹുല് (27) എന്നിവരാണ് മരിച്ചത്.
National
അമൃത്സർ: പഞ്ചാബിലെ ചണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച്പേർ അറസ്റ്റിൽ. ചണ്ഡീഗഡ് പോലീസും പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിംഗും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗ്രനേഡ് ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഷമി (ബൽവീന്ദർ ലാൽ), ജസി (ജസ്വിർ സിംഗ്), ചന്നി (ചരൺജിത് സിംഗ്), റൂബൽ ചൗഹാൻ, മൻദീപ് എന്ന അഭിജോത് ശർമ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രധാന കുറ്റവാളികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, സംഘത്തിന് പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും പോർച്ചുഗലിലും ജർമനിയിലുമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തി.
പ്രതികൾ ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിയുണ്ടകൾ എന്നിവയ രാജ്യത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പോർച്ചുഗല്ലിലുള്ള ബൽജോത് സിംഗ് എന്ന ജോട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികൾ ആക്രമണം ഏകോപിപ്പിച്ചത്.
Kerala
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയിൽ പതിനാറുകാരനായ യദു ദേവിനാണ് പരിക്കേറ്റത്. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പോലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ക്ഷേത്രത്തിൽനിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എൽഡിഎഫിന്റെ മറുപടി.
National
ഇൻഡോർ: ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 12 വയസുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. മൂന്നുപേർ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ.
മധ്യപ്രദേശിലെ ഇൻഡോറിലെ ബ്രിജേശ്വരി അനക്സിന് സമീപം മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.
ചാർജിംഗ് പോയിന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടരുകയായിരുന്നു. വീടിനുള്ളിൽ പത്തോളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
തീ പടർന്നതോടെ ഇതിൽ ചില സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കനത്ത പുകയും ആളിപ്പടരുന്ന തീയും കാരണം വീടിന്റെ മുൻഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് സമീപത്തെ കെട്ടിടം വഴി സാഹസികമായാണ് സംഘം ഉള്ളിലെത്തിയത്.
മൂന്ന് പേരെ ആദ്യഘട്ടത്തിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ കിടപ്പുമുറികളിൽ കുടുങ്ങിപ്പോയവർക്ക് പുറത്തുകടക്കാനാവാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പൊട്ടിത്തെറിക്കിടെ വീട്ടിൽ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട് അപകടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ എക്സ്പ്ലൊസീവ് ഫാക്ടറിയില് ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
സ്ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളിൽ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റവരെ നാഗ്പുരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.
National
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഫോടനം ഉണ്ടായ സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
National
ന്യൂഡല്ഹി: മണിപ്പൂരിലെ ബിഷ്ണുപുര് ജില്ലയിലുണ്ടായ ഇരട്ടസ്ഫോടനത്തിന്റെ അന്വേഷണച്ചുമതല എന്ഐഎയ്ക്ക്. തിങ്കളാഴ്ച രാവിലെ ഫൂഗക്ചാവോ പോലീസ് സ്റ്റേഷന് പരിധിയിലെ നഗൗക്കോണില് ഉണ്ടായ തുടര്ച്ചയായ സ്ഫോടനങ്ങളില് രണ്ട് പേര്ക്ക് പരിക്കേറ്റിരുന്നു.
പുലര്ച്ചെ 5.45 ഓടെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്വച്ചാണ് ആദ്യ സ്ഫോടനം ഉണ്ടായത്. രാവിലെ 8.45 ഓടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. കേസ് കൂടുതല് അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്സിക്ക് കൈമാറിയതായി സംസ്ഥാന പോലീസ് പ്രസ്താവനയിറക്കി.
സ്ഫോടനം നടന്നതിന്റെ സമീപ പ്രദേശങ്ങളില് തിരച്ചില് നടക്കുന്നതായും സുരക്ഷ കൂടുതല് ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ ഇന്ഡിജീനസ് പീപ്പിള് ഓര്ഗനൈസേഷന്, ഓള് മണിപ്പുര് സ്റ്റുഡന്റ്സ് യൂണിയന് എന്നിവയുള്പ്പെടെ നിരവധി സംഘടനകള് ബുധനാഴ്ച പുലര്ച്ചെ 12 മുതല് സംസ്ഥാനത്തുടനീളം 24 മണിക്കൂര് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്ഫോടനങ്ങളെ കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് മെയ്തെയ് സിവില് ഓര്ഗനൈസേഷന് കോര്ഡിനേറ്റിംഗ് കമ്മിറ്റി ഓണ് മണിപ്പുര് ഇന്റഗ്രിറ്റിയും ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കുക്കി-മെയ്തേയ് സംഘര്ഷങ്ങളെ തുടര്ന്ന് ഇതിനോടകം 260ല് അധികമാളുകള് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്ക്ക് വീടുകള് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വംശീയ സംഘര്ഷങ്ങള് അമര്ച്ച ചെയ്യുന്നതില് പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്ന്ന് മുഖ്യമന്ത്രി ബിരേന് സിംഗ് രാജിവെച്ചതിനെ തുടര്ന്ന് 2025 ഫെബ്രുവരി മുതല് മണിപ്പൂര് രാഷ്ട്രപതി ഭരണത്തിന്കീഴിലാണ്.
Kerala
തിരുവനന്തപുരം: വലിയശാലയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേർക്ക് ആക്രമണമുണ്ടായെന്ന് പരാതി. വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞെന്നാണ് പരാതി.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. തമ്പാനൂർ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇയാൾ സജീവ രാഷ്ട്രീയ പ്രവർത്തനകനല്ലെന്നുമാണ് പോലീസ് പറയുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടവുമുണ്ടായത്.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ചായകുടിക്കാനെത്തിയ സ്ത്രീകള്ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളജിലേക്കും മാറ്റി. പ്രഷര് കുക്കര് പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്ന് സംശയമുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ വിചാരണ നിരീക്ഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതുവരെ ആരംഭിക്കാത്ത വിചാരണ നിരീക്ഷിക്കാൻ കഴിയില്ലെന്നു വിമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
കോടതിയുടെ നിർദേശങ്ങൾ സ്ഫോടനത്തിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പ് നൽകുമെന്നും ചെങ്കോട്ടയ്ക്കു സമീപം 2000 ഡിസംബറിൽ നടന്ന സ്ഫോടനത്തിന്റെ വിചാരണ പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
കേസ് നിലവിൽ എൻഐഎയ്ക്കു കൈമാറിയിട്ടുണ്ടെന്നും യുഎപിഎ നിയമച്ചട്ടക്കൂടിനു കീഴിലായിരിക്കും ഇനി കേസ് പുരോഗമിക്കുകയെന്നും ഹർജിയെ എതിർത്ത് കേന്ദ്രം കോടതിയെ അറിയിച്ചു.
Kerala
അമരാവതി: ആന്ധ്രാപ്രദേശിലെ ടൈൽസ് ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
ഫാക്ടറിയിൽ ടൈൽസ് നിർമാണത്തിനായി എൽപിജി സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടാങ്കിൽ ചോർച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. ഈ സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നവരാണ് മരിച്ചത്.
ചോർച്ചയുണ്ടോയെന്ന് നൈട്രജൻ വാതകം ഉപയോഗിച്ചാണ് പരിശോധിച്ചത്. മരിച്ച രണ്ട് പേർക്കും തലക്ക് ക്ഷതമേറ്റതായും സംഭവത്തിൽ കേസെടുത്തുവെന്നും ശ്രീ കാളഹസ്തി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ നരസിംഹ മൂർത്തി അറിയിച്ചു.
National
ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം. പാക് അധീന കാശ്മീർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഫോൺകോളുകൾ എത്തിയതായാണ് വിവരം. ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ പിടിയിലായവരും അംഗങ്ങളാണ്.
കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. അതേസമയം ചെങ്കോട്ട സ്ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.
കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനത്തിനുശേഷം കാമ്പസിൽനിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതി ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി അന്വേഷണസംഘം. സ്ഫോടനത്തെ തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രതി അദീൽ മജീദ് റാത്തറാണ് ഹണിട്രാപ് ശൃംഖല നടത്തിയിരുന്നതായി കരുതുന്നത്.
ഇയാളുടെ വസതിയിൽ നിന്ന് 14 മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നിലധികം കശ്മീരി സ്ത്രീകളുമായുള്ള അശ്ലീല ഫോട്ടോകളും വീഡിയോ കോൾ രേഖകളും ഇതിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. സെഷൻ ആപ്പിലും വാട്ട്സ്ആപ്പിലും രാത്രി വൈകിയുള്ള എൻക്രിപ്റ്റഡ് ചാറ്റുകളും കണ്ടെത്തിയതായി അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രാദേശിക ഡോക്ടർമാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഒരു ഹണിട്രാപ് രീതിയാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന് സഹായം നൽകിയിരുന്നോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്. എൻഐഎ ആണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പേരിലാണ് കാർ വാങ്ങിയത്. നിലവില് കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില് ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.
ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
National
ന്യൂഡൽഹി: അൽഫലാ സർവകലാശാലയ്ക്കെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര് രജിസ്റ്റർ ചെയ്തത്. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലയ്ക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
സ്ഫോടനത്തില് ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പഠാൻകോട്ടിൽ നിന്ന് പിടിയിലായ സർജൻ ഡോക്ടർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം പുറത്തുവരുന്നത്.
ഹരിയാനയിൽ നൂഹിലടക്കം വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. ചെങ്കോട്ട സ്ഫോടനത്തിൽ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ക്രിമിനൽ
ഗൂഢാലോചനയിലാണ് കേസെടുത്തിരിക്കുന്നത്. എൻഐഎ കേസിന് പുറമേയാണിത്. അറസ്റ്റിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.
ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഹരിയാന പോലീസ് എൻഐഎക്ക് കൈമാറി. ഇവരെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ഡോക്ടർമാരായ മുസമ്മിൽ ,ആദിൽ, ഷഹീദ എന്നിവരെയാണ് ഏജൻസി കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യും.
കഴിഞ്ഞ ദിവസം ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന അൽഫലാഹ് സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
National
ശ്രീനഗര്: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്ന്നു.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കാഷ്മീർ പോലീസ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്ഫോടനത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ എല്ലാ ജനങ്ങളും ഭീകരരല്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മൾ ഒരു കാര്യം ഓർക്കണം. ജമ്മുകാഷ്മീരിലെ എല്ലാ നിവാസികളും ഭീകരരോ ഭീകരരുമായി ബന്ധപ്പെട്ടവരോ അല്ല. ഇവിടെ എപ്പോഴും സമാധാനവും സാഹോദര്യവും നശിപ്പിച്ച ചുരുക്കം ചില ആളുകൾ മാത്രമാണിത്. ജമ്മുകാഷ്മീരിലെ ഓരോ നിവാസിയെയും ഓരോ കാഷ്മീരി മുസ്ലീമിനെയും ഒരൊറ്റ പ്രത്യയശാസ്ത്രത്തോടെ നോക്കുകയും അവരിൽ ഓരോരുത്തരും ഭീകരരാണെന്ന് കരുതുകയും ചെയ്യുമ്പോൾ, ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണ്'. അദ്ദേഹം പറഞ്ഞു.
ഡൽഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കാഷ്മീരി ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. സ്ഫോടനത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കണം. നിരപരാധികളെ ഇത്രയും ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില് ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഉമറിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദില് നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാമായ ഇസ്ലാമാബാദിൽ സ്ഫോടനം. ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.
ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള് ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്റെ സിലിണ്ടര് പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്ത്തകള് പുറത്തുവന്നത്. എന്നാൽ പിന്നീട് പോലീസ് തന്നെ, ഇതൊരു ചാവേര് ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു. ഡൽഹി പോലീസ് ആണ് കേസെടുത്തത്. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, 13പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്ക്കാര് വൃത്തങ്ങള് നൽകുന്ന വിവരം. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി.
കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്റെ ദൃശ്യങ്ങള് പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള് കാര് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു.
ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.
സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നതായും പറഞ്ഞു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും മോദി വ്യക്തമാക്കി.
സ്ഫോടന വാർത്ത അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരപരാധികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം നിലകൊള്ളുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
International
സൊനോറ: മെക്സിക്കോയില് സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്ന്നുണ്ടായ തീപിടിത്തത്തില് കുട്ടികള് ഉള്പ്പെടെ 23 പേര്ക്ക് ദാരുണാന്ത്യം. 12ഓളം പേര്ക്ക് പരിക്കേറ്റു. മെക്സിക്കോയിലെ വടക്കന് സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്മോസില്ലോയിലാണ് സംഭവം.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.
ആഘോഷ ദിനത്തിലുണ്ടായ ദുരന്തം രാജ്യത്തെ ദുഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവര്ണര് അല്ഫോന്സോ ഡുറാസോ വീഡിയോ സന്ദേശത്തില് പറഞ്ഞു.
അതേസമയം, തീപിടിത്തമുണ്ടായത് ട്രാന്സ്ഫോര്മറില് നിന്നാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറന്സിക് മെഡിക്കല് സര്വീസ് സംസ്ഥാന അറ്റോര്ണി ജനറല് ഗുസ്താവോ സലാസ് സ്ഥിരീകരിച്ചു.
Kerala
കാസർഗോഡ്: പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. ഒരാൾ മരിച്ചു. കാസർഗോഡ് കുമ്പള അനന്തപുരത്താണ് സംഭവം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
ആസാം സിംഗ്ലിമാര സ്വദേശി നസീറുൽ (19) ആണ് മരിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലും രണ്ടുപേരെ കുമ്പള ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെക്കർ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഏകദേശം മുന്നൂറോളം പേർ വിവിധ സമയങ്ങളിലായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിരവധിപേർക്ക് പരിക്കേറ്റതായും പറയുന്നു. അപകടം നടക്കുന്ന സമയത്ത് ഏകദേശം ഇരുപതോളം പേർ ജോലി ചെയ്തിരുന്നതായാണ് സംശയം.
Kerala
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.