National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലോനി സ്വദേശി അങ്കിത് കുമാർ, മീററ്റ് സ്വദേശി ആദേശ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മീററ്റ് സ്വദേശികളായ കുൽദീപ്, അദേശ് പാൽ, ഹിമാൻഷു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാസിയാബാദിൽ നിന്നും മീററ്റിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പലതവണ മറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കടത്തിയെന്ന സംശയത്തിലാണ് നടപടി. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്.
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു.
ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ഒരാളുടെ അറസ്റ്റും കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് എ എസ് റോഡ് വേ കാര്‍സിന്റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജണ്ണ സിരിസില്ലയിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ലക്ഷ്മി (35) എന്ന യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴരയോടെയാണ് സംഭവം.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. രാജ്കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല.
അപകടത്തിൽപ്പെട്ട കാർ ദാബ്രി സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഡ്രൈവർ നിലവിൽ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പേലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവ നഗരമധ്യത്തില്‍ ഷോപ്പിംഗ് സെന്ററിനകത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്തത് ഉടമ തന്നെയെന്ന് സൂചന. ഇന്ന് രാവിലെയാണ് ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ താറാവും മുയലും ആയുധങ്ങളുമുള്ള കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ചില്ല് തകര്‍ത്ത നിലയില്‍ കിടന്നിരുന്ന കാര്‍ നാട്ടുകാരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ശ്രദ്ധയില്‍പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഉടമ തിരിച്ചെത്തിയപ്പോള്‍ ചാവി നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകര്‍ത്തത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാര്‍ ഉടമയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
വളര്‍ത്തുമൃഗങ്ങളോട് ഭ്രമമുള്ള ഇയാള്‍ കഴിഞ്ഞ ദിവസം തോട്ടുമുഖത്തെ നഴ്സറിയില്‍ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടതോടെ ചില്ല് തകര്‍ക്കുകയായിരുന്നു. കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടോമേഷന്‍ സ്ഥാപനം നടത്തുന്ന ഇയാളുടെ പണി ആയുധങ്ങളാണ് കാറിലുണ്ടായിരുന്നത്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സബർകാന്തയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വരികയായിരുന്ന ബസ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
കാറ്ററിംഗ് തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോഡാസയിൽ നിന്ന് ഹമ്മത്നഗറിലേയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്ന ആറ് സ്ത്രികളാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
International
ബമാകോ: ചാവേർ ആക്രമണത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാര കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ കമാരയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അൽഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് സ്ഫോടനം നടത്തിയത്.
ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടന്നിരുന്നു. കാറ്റിക്ക്, കിഡാൽ, ഗാവോ എന്നിവിടങ്ങളിലും ഒരേസമയം ആക്രമണങ്ങളുണ്ടായി. 2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹിയിലെ ശകർപൂരിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഞ്ജയ് (25) എന്ന യുവാവാണ് ഓട്ടോ ഓടിച്ചിരുന്നത്.
ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന മൂന്ന് തൊഴിലാളികളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് വഹാനങ്ങളും പൂർണമായും തകർന്നു. അപകടത്തിന് തൊട്ടുപിന്നാലെ കാർ ഡ്രൈവറും മറ്റ് യാത്രക്കാരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഡൽഹി ഗാന്ധി നഗർ സ്വദേശി കാജൽ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന കാർ ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ദുർഗം ചെരിവിന് സമീപം കാറിടിച്ച് യുവാവ് മരിച്ചു. ഹഫീസ്പേട്ട് സ്വദേശി ശ്യം രാജ് (32) എന്ന വ്യവസായി ആണ് മരിച്ചത്. അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ശ്യമും ഭാര്യയും ദുർഗം ചെരുവ് പാലത്തിന് സമീപം ബൈക്കിൽ എത്തിയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭാര്യ നടപ്പാതയിലും ശ്യം റോഡിലും നിൽകുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന കാർ ശ്യാമിനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് പാലത്തിൽ ഇടിച്ച് മറിയുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിരിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. പാലത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മാവേലിക്കര: പെട്ടിഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. കല്ലിമേൽ പാവൂർ വടക്കതിൽ രഘുനാഥൻ (58) ആണ് മരിച്ചത്.
കഴിഞ്ഞ ഏഴിന് വൈകുന്നേരം 4.30ഓടെ തഴക്കര ഗ്ലാസ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ചികിത്സയിലിരിക്കേ കഴിഞ്ഞദിവസം രാത്രിയിലാണു മരിച്ചത്. ഭാര്യ: ലിസി. മക്കൾ: അമൃത്, ഹേമന്ത് (സൗദി).
Kerala
കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്തുവെച്ചു നടന്ന സംഭവത്തിൽ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24) ആണ് പിടിയിലായത്.
അതേസമയം മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തു. എന്നാൽ ഇവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചാംതീയതി രാത്രിയിലാണ് മനു ഓടിച്ച കാർ ബൈക്കിൽ ഇടിച്ചത്.
പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ മനു തനിക്ക് അപകടം സംഭവിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു.
തുടർന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ പ്രണവിനെ മർദിക്കുകയായിരുന്നു. ഈ സംഭവത്തിൽ പ്രണവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. പോലീസ് അപകടം നടന്ന സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.
കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തെന്ന് അറിഞ്ഞതോടെ മനു ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് എലത്തൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ടയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പെർണി സ്വദേശികളായ സതീഷ്-ഗായത്രി ദമ്പതികളുടെ മകൾ ശരണ്യയാണ് മരിച്ചത്.
മറ്റ് കുട്ടികളോടെപ്പം കളിക്കുന്നതിനിടെ ശരണ്യ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. കുട്ടി കാറിനുള്ളിൽ കയറിയത് വീട്ടുകാരുടെയും ബന്ധുകളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനിടെ കാറിന്റെ ജനലുകളും വാതിലുകളും ലോക്കായതോടെ ശരണ്യ കാറിനുള്ളിൽ കുടുങ്ങിപോവുകയായിരുന്നു.
കുറേനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ വീടുകളിലും പരിസരത്തും തിരച്ചിൽ നടത്തി. മണിക്കൂറുകൾക്ക് ശേഷമാണ് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ ശരണ്യയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാർ തുറന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിനുള്ളിൽ വായുസഞ്ചാരമില്ലാത്തതിനാൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളി. മൂർത്തിജാപൂരിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പ്രണിത (25) യെയാണ് ഭർത്താവ് അക്ഷയ് ചൗരപാഗർ (28) കാറിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
നദിയിൽ അജ്ഞാത മൃതദേഹം കണ്ടത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്ഷയ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളിയതാണെന്ന് കണ്ടെത്തിയത്.
ഇരുവർക്കും രണ്ട് വയസുള്ള ഒരു കുഞ്ഞുണ്ട്. കൊലപാതകം നടക്കുന്പോൾ കുഞ്ഞ് ഉറക്കത്തിലായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിന് തൊട്ടുമുന്‍പ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നാല് പേർ ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ മരണമടഞ്ഞു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രീതി, പ്രിയാൻഷ്, ആരവ്, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Kerala
തൃശൂർ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ആറുപേർക്ക് പരിക്ക്. ദേശീയപാത 66ൽ തൃത്തല്ലൂർ ജംഗ്ഷന് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കറ്റേത്. ഇവരെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അലി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
NRI
ഹൂസ്റ്റൺ: ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. ഒരു ടെസ്ല സൈബർട്രക്കും വൈറ്റ് ബ്യൂക്ക് സെഡാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഹൂസ്റ്റൺ പോലീസ് വെഹിക്കുലാർ ക്രൈംസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Auto
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും.
ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും. എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ.
യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും.
നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും.
എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്.
ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്‍ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്.
ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു.
ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്‍പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്.
ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
Kerala
പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട്ടുവച്ചുണ്ടായ സംഭവത്തിൽ കൽപ്പാത്തി കുന്നുംപുറം ഫൈസൽ (38) ആണ് മരിച്ചത്.
അപകടസമയത്ത് ഫൈസലിന്റെ മകൻ ബൈക്കിലുണ്ടായിരുന്നു. റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിലേക്ക് നാല് റേഞ്ച് റോവർ എസ്യുവികൾ വരുന്നു. ഇതിനായി 11.17 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനത്തിന് സമാനമായ വാഹനമാണ് നിതീഷ് കുമാറും സ്വന്തമാക്കുന്നത്.
നിലവിലെ യാത്രകൾക്ക് ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് വാഹനമാണ് നിതീഷ് കുമാർ ഉപയോഗിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള യാത്രകൾക്കായി ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ടാറ്റ സഫാരിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് മുഖ്യമന്ത്രിക്കായി റേഞ്ച് റോവർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന റേഞ്ച് റോവർ എസ്യുവികൾ എത്തിക്കുന്നത്.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാലയിലുണ്ടായ അപകടത്തിൽ കർണാടക സ്വദേശി രവി (50) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഷിഡ്ജൽ ഗൗഡ (അഞ്ച്), മമത (35), ലക്ഷ്മി (45), ലോകേഷ് (44) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന വഴിയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പോലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവിയുടെ ജീവൻ രക്ഷിക്കാനായില്ല.
Todays Story
കാർ വീടാക്കിയൊരുക്കി ലോകംചുറ്റുന്ന വിദേശ യുവദമ്പതികൾ കേരളീയരുടെയും മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശി 36 വയസുകാരനായ മാറ്റിഫെർനോണും 31 വയസുകാരി ബ്രസീലിയൻ സ്വദേശിനി നിക്കോലിയുമാണ് കാറിൽ ലോകം ചുറ്റി വൈക്കത്ത് എത്തിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ടു. ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.
മാറ്റി ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്നു കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടറും സഹോദരങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. സി.ബി.ചന്ദ്രബാബുവും കുടുംബവും പുറത്തിറങ്ങിയ ഉടൻ തന്നെ കാർ അഗ്നിക്കിരയായി.
ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
Todays Story
ഓരോ സഞ്ചാരികളും റൈഡുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കരുതുന്നവരാണ്. കാണാത്ത സ്ഥലങ്ങള്‍ തേടിപ്പോകുന്ന യാത്രകളില്‍ മിക്കപ്പോഴും കൂട്ട് സ്വന്തം വണ്ടി തന്നെയായിരിക്കും. ഒരു തോന്നലില്‍ പെട്ടെന്നു പുറപ്പെടുന്ന യാത്രകളുണ്ടാകാം.
അതിനാല്‍ തന്നെ ഇത്തരം യാത്രകള്‍ക്ക് വേണ്ടത്ര മുന്നൊരുക്കങ്ങളും കുറവായിരിക്കും. യാത്ര എവിടേക്ക് ആയാലും ഓടിക്കുന്ന വാഹനം ഏതായാലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.
ഒരു ജീവന് പൊലിയുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നതും പിന്നീട് എല്ലാം മറന്നു പഴയ താളത്തിലെത്തുന്നതും മാറ്റി നിര്‍ത്തേണ്ട കാര്യങ്ങള്‍ തന്നെയാണ്. സുരക്ഷിതയാത്രയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
ഹെൽമെറ്റിനോട് നോ കോംപ്രോമൈസ്
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ സുരക്ഷ തന്നെയാണ് മുഖ്യം. അതിനായി ആദ്യം ചെയ്യേണ്ടത് യാത്രകളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് തന്നെയാണ്. എത്ര ചെറിയ ദൂരത്തേക്കാണ് പോകുന്നതെങ്കിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം.
വണ്ടി ഓടിക്കുന്ന ആള് മാത്രമല്ല, പുറകിലിരിക്കുന്ന ആളും ഹെല്‍മെറ്റ് ധരിക്കണം. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതു കൊണ്ട് എല്ലായ്പ്പോഴും അപകടങ്ങളില്‍നിന്നു രക്ഷപ്പെടണമെന്നില്ല.
ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ തലയ്ക്കുണ്ടാകുന്ന ആഘാതങ്ങളെ ഒരുപരിധി വരെ ചെറുത്തുനിര്ത്താനേ ഹെല്‍മെറ്റിന് സാധിക്കൂ.
റൈഡിംഗ് ഗിയര്‍ ഉപയോഗിക്കാം
ഹെല്‍മെറ്റ് മാത്രം ഉപയോഗിച്ചാല്‍ നമ്മുടെ ഭാഗം ക്ലിയറായി എന്നു വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ നമ്മുടെ സുരക്ഷ പൂര്‍ണമാകണമെങ്കില്‍ റൈഡിംഗ് ഗിയറുകളും ഉപയോഗിക്കണം.
റൈഡിംഗ് ജാക്കറ്റ്, പാന്റ്സ്, നീ ഗാര്‍ഡ്, റൈഡിംഗ് ഷൂ, പ്രൊട്ടക്ടിവ് ഗ്ലൗസ് തുടങ്ങിയവയെല്ലാം യാത്രകളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘ ദൂര യാത്രകളാണെങ്കില്‍ ഇവ ഒരു കാരണവശാലും ഒഴിവാക്കരുത്.
വണ്ടി സര്‍വീസ് ചെയ്യുക
ദീര്‍ഘദൂര റൈഡുകളില്‍ സുരക്ഷിതത്വം നമ്മുടെ ഭാഗത്തു മാത്രമല്ല, വണ്ടിയുടെ ഭാഗത്തും ഉണ്ട് . വണ്ടിയുടെ മികച്ച പെര്‍ഫോമന്‍സിനായി സമയാസമയങ്ങളില്‍ സര്‍വീസ് ചെയ്യണം.
സ്പാര്‍ക്ക് പ്ലഗ്, ആക്സിലറേറ്റര്‍, ബ്രേക്ക് കേബിള്‍, ടയര്‍, ഓയില്‍ ലെവല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
ഓവര്‍ സ്പീഡ് വേണ്ട
അമിത വേഗത്തില്‍ പോകാതെ യാത്രകളില്‍ കൃത്യമായ സ്പീഡില്‍ പോവുക. അമിത വേഗം ആപത്ത് വിളിച്ചുവരുത്തും. യാത്ര ചെയ്യുമ്പോള്‍ വണ്ടിയില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കണം. ഓരോ ദിവസത്തെയും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുക.
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്ര പോകുമ്പോള്‍ ഓരോ ദിവസവും സഞ്ചരിക്കേണ്ട ദൂരവും സമയവും മുന്‍കൂട്ടി നിശ്ചയിക്കണം.
സീബ്രാ ക്രോസിംഗില്‍
* സീബ്രാ ക്രോസ് സൂചിപ്പിക്കുന്ന റോഡ് സിഗ്നല്‍ കണ്ടാല്‍ വേഗം കുറച്ച് സീബ്രാ ക്രോസിന് മുമ്പായി വാഹനം നിര്‍ത്താനുള്ള റോഡ് മാര്‍ക്കിംഗില്‍ റോഡിന് ഇടതുശം ചേര്‍ത്ത് നിര്‍ത്തണം.
* പെഡസ്ട്രിയന്‍ ക്രോസിംഗിലൂടെ റോഡ് ക്രോസ് ചെയ്യാന്‍ കാല്‍നടക്കാരെയും വീല്‍ ചെയറില്‍ പോവുന്നവരെയും മറ്റും അനുവദിക്കുക.
* ക്രോസിംഗില്‍ ആരും തന്നെ ഇല്ലെങ്കില്‍ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
* ട്രാഫിക് കണ്ട്രോള് സിഗ്നല്‍ ഉള്ള ഇടങ്ങളില്‍ സ്റ്റോപ്പ് ലൈനിനു പുറകിലായി മാത്രമേ വാഹനം നിര്‍ത്താവൂ. സ്റ്റോപ്പ് ലൈന്‍ മാര്‍ക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയന്‍ ക്രോസിംഗിനു പുറകിലായി മാത്രം വാഹനം നിര്‍ത്തുക.
പെഡസ്ട്രിയന്‍ ക്രോസിംഗ് അടയാളപ്പെടുത്തിയിട്ടില്ല എങ്കില്‍ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിടണം.
ഗ്രീന്‍ സിഗ്നല്‍ ഓണ്‍ ആയാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ ആരും ഇല്ലെങ്കില്‍ മാത്രമേ വാഹനം മുന്നോട്ട് എടുക്കാന്‍ പാടുള്ളൂ.
* ‘Give Way' അടയാളത്തിന് മുമ്പായി പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ പോലും അവിടെ കാല് നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന.
* വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വാഹനം നിര്‍ത്തിയിടരുത്.
പോലീസിനെ അറിയിക്കാം
നിങ്ങളുടെ സന്ദേശം ഒരപകടം ഒഴിവാക്കിയേക്കാം. ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 9747001099 എന്ന വാട്സ്ആപ്പ് നമ്പറില്‍ ചിത്രം, വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പോലീസ്
Kerala
തിരുവനന്തപുരം: സ്കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്കും കാർ ഡ്രൈവർക്കും പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലിന് കഴക്കൂട്ടത്തുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ മേനംകുളം സ്വദേശി അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. കഴക്കൂട്ടം സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ബസ് കാറിനെ ഇടിച്ചശേഷം ഏറെ ദൂരം നിരങ്ങിപ്പോയശേഷമാണ് നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴക്കൂട്ടം പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
National
അമൃത്സർ: പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിലെ മൻസ - പട്യാല റോഡിൽ വച്ച് ഹർമൻ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ഹർമൻ സിദ്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിയിൽ വാഹനം പൂർണമായും തകർന്നു. മിസ് പൂജ എന്ന ഗായികയോടൊപ്പം പാടിയ പേപ്പർ യാ പ്യാർ എന്ന ഗാനമാണ് ഹർമൻ സിന്ധുവിനെ പ്രശസ്തനാക്കിയത്.
ഈ ഗാനം നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. തുടർന്നും നിരവധി ആൽബങ്ങളിൽ പൂജയുമായി സഹകരിച്ചു പ്രവർത്തിച്ചു. കോയി ചക്കർ നയി, ബേ ബേ ബാപ്പു, ഖബ്ബർ ഷേർ, മുൾട്ടാൻ വേഴ്സസ് റഷ്യ, എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ആൽബങ്ങളാണ്.
Kerala
കൊച്ചി: ഷംഷാബാദ് ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ബിഷപ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ ഉരസിയെന്നു പറഞ്ഞായിരുന്നു ആക്രമണം.
പ്രതികൾ ബിഷപ് സഞ്ചരിച്ച കാറിന്റെ ഹെഡ് ലൈറ്റും പിന്നിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പേലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.
NRI
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
Kerala
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.
അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്റെ തലയ്ക്കടിച്ചത്.
Kerala
കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താമരശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.
ഇയാളുടെ കാറും സംഘം തകര്‍ത്തിട്ടുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ വച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കാറിലെത്തിയ സംഘമാണ് ജിനീഷിനെ ആക്രമിച്ചത്.
മുഹമ്മദ് ജിനീഷിന്റെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരമാസകലം കുത്തേറ്റ നിലയിലാണ്.
മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയിലും കത്തിയുണ്ടായിരുന്നു. പോലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്.
അക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.