കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്തുവെച്ചു നടന്ന സംഭവത്തിൽ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24) ആണ് പിടിയിലായത്.
അതേസമയം മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തു. എന്നാൽ ഇവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചാംതീയതി രാത്രിയിലാണ് മനു ഓടിച്ച കാർ ബൈക്കിൽ ഇടിച്ചത്.
പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ മനു തനിക്ക് അപകടം സംഭവിച്ച വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു.
തുടർന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ പ്രണവിനെ മർദിക്കുകയായിരുന്നു. ഈ സംഭവത്തിൽ പ്രണവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. പോലീസ് അപകടം നടന്ന സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.
കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തെന്ന് അറിഞ്ഞതോടെ മനു ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് പോലീസ് എലത്തൂരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Tags : accident car mdma seized police case