District News
നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ചങ്ങനാശേരി: കനത്ത മഴയിലും കൊടുങ്കാറ്റിലും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടം. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു. നിരവധി വീടുകള്‍ വെള്ളത്തിലകപ്പെട്ടു. എസി കനാലില്‍ ജലനിരപ്പുയരുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്.
താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളപ്പൊക്കഭീഷണി നേരിട്ട 31 കുടുംബങ്ങളിലെ 113 അംഗങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിച്ചു. ആഹാരസാധന സാമഗ്രികള്‍ എത്തിച്ചുനല്‍കിയതായി ചങ്ങനാശേരി തഹസില്‍ദാര്‍ പറഞ്ഞു. റവന്യു ടവറിലെ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്‍. 0481-2420037.
തൃക്കൊടിത്താനം ആരമല മോസ്കിനു മുമ്പില്‍ റോഡരികില്‍ നിന്ന മാവ് വീണ് പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിക്കും, പത്രക്കെട്ടുമായി സഞ്ചരിച്ചിരുന്ന കാറിനും നാശനഷ്ടം നേരിട്ടു. കിഴക്കന്‍വെള്ളം ഒഴുകിയെത്തുന്നത് അപ്പര്‍കുട്ടനാട് മേഖലകളായ പൂവം, നക്രാല്‍, പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍ പ്രദേശങ്ങളെയും ദുരിതത്തിലാക്കുക യാണ്.
തോടുകള്‍ കവിഞ്ഞൊഴുകുന്നു; ക്യാമ്പുകളില്‍ 31 കുടുംബങ്ങള്‍
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന കുറിച്ചി ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ 20 കുടുംബങ്ങളിലെ 75 അംഗങ്ങളെയും പെരുമ്പനച്ചി ഗവ. എല്‍പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയും നെടുമണ്ണി ഫാത്തിമാമാതാ യുപി സ്കൂളില്‍ ആറ് കുടുംബങ്ങളിലെ 22 അംഗങ്ങളെയും വാകത്താനം തൃക്കോതമംഗലം എല്‍പി സ്കൂളില്‍ മൂന്നു കുടുംബങ്ങളിലെ പത്തംഗങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണക്കുഴി, കുട്ടന്ചിറമറ്റം, മണ്ണങ്കര ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം നേരിട്ടത്.
മാടപ്പള്ളി പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍പ്പെട്ട പാലമറ്റം, പെരുമ്പനച്ചി മുല്ലശേരി ഭാഗം, കൊഴുപ്പക്കളം ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെളിയം-പെരുമ്പനച്ചി തോട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവശങ്ങളിലുമുള്ള പുരയിടങ്ങളിലും ഇരുപതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ തോടിനു സമീപത്തുള്ള മാടപ്പള്ളി ക്ഷേത്രപരിസരങ്ങളില്‍ വെള്ളം കയറി. പൂവത്തുംമൂട്-മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് റോഡിലെ കരക്ക്ടം ഭാഗത്ത് വെള്ളം കയറി.
പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് ട്രാന്‍സ്ഫോര്‍മറിനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും അപകടക്കെണിയാണ്. നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഇടവെട്ടാല്‍ ഭാഗത്ത് ജലനിരപ്പുയര്‍ന്നതുമൂലം ഒരു ഡസനോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കറുകച്ചാൽ: മേഖലയിൽ കനത്ത മഴ. തോടുകൾ കര കവിഞ്ഞു. നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 25ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ മേഖലയിലെ തോടുകളിലും, മറ്റു ജലാശയങ്ങളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നു. നെടുംകുന്നം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗങ്ങളിൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി. പാറക്കുഴി ഭാഗത്തെ എട്ട് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ നെടുംകുന്നം പഞ്ചായത്ത് നെടുമണ്ണി ഫാത്തിമാമാതാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
15-ാം വാർഡ് പനയ്ക്കവയൽ ഭാഗത്തെ എട്ടു വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ ചമ്പക്കര സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിലെ കപ്പ, ഏത്തവാഴ, ചേന തുടങ്ങിയ കൃഷികളെല്ലാം വെള്ളത്തിലായി. കൊടുങ്ങൂർ-മണിമല റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഴൂർ വലിയതോട് കരകവിഞ്ഞ് നിരവധി വീടുകളിലും കൃഷിടങ്ങളിലും വെള്ളം കയറി.
പനമരം ഭാഗത്ത് തോടിനുകുറുകെ നിർമിച്ച താത്കാലിക പാലം ഒഴുകി പോയി. പന്തംപ്ലാക്കൽ, ശാസ്താംകാവ് ഭാഗങ്ങളിലെ റോഡുകളിലും വെള്ളം കയറി. ചാമംപതാലിൽ തോട് കരകവിഞ്ഞ് കവല പൂർണമായി വെള്ളത്തിലായി. സമീപത്തെ വീടുകളിലും, ഇതര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.
തോട്ടയ്ക്കാട് വലിയമണ്ണി പാലത്തിന് സമീപം കൈതളാവിൽപറമ്പിൽ ഗിരിഷീന്റെ വീട്ടിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്.
വീട്ടിൽ കുടുങ്ങിയവരെ പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഗിരീഷിന്റെ മക്കളായ അഭിനവ്, അഭിനന്ദ എന്നിവരെ അഗ്നിരക്ഷാസേനാംഗങ്ങൾ തോളിലേറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.
District News
കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ കുരിശുങ്കൽ ജംഗ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ടാക്സി സ്റ്റാൻഡിന് മുൻവശത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ദേശീയപാതയോരത്തെ ഓട അടഞ്ഞതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണം. വളവിലെ റോഡിലടക്കം നിറഞ്ഞ വെള്ളം ഭാഗികമായി ടാക്സി സ്റ്റാൻഡിനുള്ളിലേക്കും കയറി. കൂടാതെ കുരിശുങ്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്കും വെള്ളക്കെട്ട് നീണ്ടു.
ഇത് വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും ദുരിതമായി. വെയിറ്റിംഗ് ഷെഡിൽ നിന്നു വെള്ളത്തിലൂടെ ഇറങ്ങി ബസിൽ കയറേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. മുന്‍പും സമാന രീതിയിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെട്ടു
District News
ചെറുപുഴ: മഴ കനത്തതോടെ മലയോരത്ത് നാശനഷ്ടവും തുടങ്ങി. രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ്. ചെറുപുഴയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ വീശിയടിച്ച കാറ്റ് ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു.
കാർഷിക വിളകളും മരങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു. വൈദ്യുതി വിതരണം താറുമാറായി. കന്നിക്കളത്തെ നബീസ ബീവിയുടെ തെങ്ങ്, കമുക് എന്നിവ ഒടിഞ്ഞുവീണു. നബീസ ബീവിയുടെ വീടിന്റെ ചുറ്റുമതിൽ തകർന്നു. തിരുമേനിയിലെ ഓരത്താനിയിൽ ജോസിന്റെ വീടിന്റെ മുകളിൽ കമുക് ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്കു കേടുപറ്റി.
പുളിങ്ങോം, കോഴിച്ചാൽ ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. കോഴിച്ചാൽ-പട്ടത്തുവയൽ റോഡിനു കുറുകെ വൈദ്യുതി ലൈനിൽ തേക്കു മരം ഒടിഞ്ഞുവീണു. കാർഷിക വിളകളുടെ നാശനഷ്ടം ഇന്നു മാത്രമേ കണക്കാക്കാനാകൂ.
തേർത്തല്ലി: ശക്തമായ മഴയിലും കാറ്റിലും തേർത്തല്ലി മേഖലയിൽ വ്യാപക നാശനഷ്ടം. ആലത്താൻ വളപ്പിലെ തെങ്ങട ജോയിയുടെ വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര ഭാഗികമായി നശിച്ചു. നെടുമ്പാറ മാർട്ടിന്റെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ച , ഇടാട്ട് സേവിയറിന്റെ കപ്പ കൃഷിയും, തെങ്ങട ജോസഫിന്റെ കമുകുകളും കാറ്റിൽ നശിച്ചു.
District News
കയ്പമംഗലത്ത് വീടുകൾ വെള്ളക്കെട്ടിൽ
കയ്പമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കുറ്റിക്കാട് ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശത്തെ പതിനഞ്ചോളം വീടുകളാണ് വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്. തുടർച്ചയായ മഴയിൽ വീടുകളുടെ പരിസരവും മുറ്റങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ നാട്ടുകാർക്ക് സഞ്ചാരത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിശ്രീ അംഗൻവാടിക്ക്ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളും ജീവനക്കാരും വെള്ളം താണ്ടിയാണ് എത്തുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി മുൻപ് ഉണ്ടായിരുന്ന കാനകൾ പല ഭാഗങ്ങളിലും മൂടപ്പെട്ടതും ചിലയിടങ്ങളിൽ കാനകളുടെ വീതി കുറഞ്ഞതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയാതെ വീടുകൾക്കും, പൊതുസ്ഥാപനങ്ങൾക്കും ചുറ്റും കെട്ടിക്കിടക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ നഹിദ സലിം പറഞ്ഞു. മഴ ശക്തമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൊടുങ്ങല്ലൂരിൽ വീട് തകർന്നു
കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. വീടിനകത്തുണ്ടായിരുന്ന വൃദ്ധയായ അമ്മയും മകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നഗരസഭയിലെ പുല്ലൂറ്റ് മണ്ണാറ താഴത്ത് ചൂളകടവിൽ നൗഷാദിന്റെ വാടകവീടാണ് ഇന്നലെരാവിലെ അതിശക്തമായ മഴയിൽ തകർന്നു വീണത്. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഈ സമയം നൗഷാദിന്റെ വൃദ്ധമാതാവും സഹോ ദരനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടില്ലാത്ത ഇവർ ഈയിടെ ഏറെ ബുദ്ധിമുട്ടിയാണ് വാടക വീട് കണ്ടെത്തി താമസമാക്കിയത്. ഓടുമേഞ്ഞ വീടാണ് തകർന്നത്.
കാടുകുറ്റിയിലും കാതിക്കുടത്തും മിന്നൽച്ചുഴലി
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിലും കാതിക്കുടത്തും ഇന്നലെ രാവിലെയുണ്ടായ മിന്നൽച്ചുഴലിയിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ പ്രദേശത്ത് ആശങ്ക പടർന്നു. ആളപായമോ മറ്റ് ഗുരുതര അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ 8.45 ന് ശക്തമായ മഴയ്ക്കിടെയാണ് കുറുവക്കടവ് പ്രദേശത്ത് നിർദിഷ്ടഭാഗം കേന്ദ്രീകരിച്ച് മിന്നൽച്ചുഴലി രൂപപ്പെട്ടത്. ചെർപ്പണത്ത് ജോണിന്റെ പറമ്പിലെ എട്ട് ജാതിമരങ്ങളും, തേക്ക്, കവുങ്ങ് തുടങ്ങിയ മരങ്ങളുമാണ് കടപുഴകി വീണത്. മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് പതിച്ചതിനെതുടർന്ന് കമ്പികൾ പൊട്ടിവീഴുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
തുടർന്ന് രാവിലെ പത്തരയോടെ കാതിക്കുടത്തും സമാനമായ സംഭവം ഉണ്ടായി. പൈനാടത്ത് ജോയിയുടെയും റോയിയുടെയും പറമ്പുകളിലെ തേക്ക്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് കാറ്റിൽ നിലംപതിച്ചു. ഒരു ദിശയിലേക്ക് മാത്രമായി വീശിയ ശക്തമായ കാറ്റാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. മനോജിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ശ്രീനാരായണപുരത്ത് ഇടിമിന്നലിൽ നാശം
ശ്രീനാരായണപുരം: ശക്തമായ ഇടിമിന്നലിൽ എസ്എൻ പുരം താണിയൻ ബസാറിൽ വീട്ടിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.
ഇരുപത്തിഒന്നാം വാർഡിൽ താമസിക്കുന്ന മുണ്ടഞ്ചേരി വിജയലക്ഷ്മി വേണുഗോപാലന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഹാളിൽ നിന്നും മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടൈൽ പൊട്ടിത്തെറിച്ചത്. സംഭവസമയം വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റില്ല. വീടിനു മുൻഭാഗത്തെ പ്രവർത്തിപ്പിക്കാതിരുന്ന ഏഴ് ലൈറ്റുകൾ കത്തിനശിച്ചു. രണ്ട് ഫാനുകൾ, പ്ലഗ് പോയിന്റുകൾ, ഡിബി ബോക്സ് തുടങ്ങിയവയും കത്തിപ്പോയ നിലയിലാണ്. പഞ്ചായത്ത് അംഗം സുനിൽ വീട് സന്ദർശിച്ചു.
തീരദേശ മേഖലയിലുണ്ടായ ഇടിമിന്നലിലും ഇടിവെട്ടിലും നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ഇബിയിൽ ചെന്ന് വിവരം അറിയിച്ചപ്പോൾ ആളില്ലെന്നും വരാൻ സാധിക്കില്ലായെന്നുമായിരുന്നു മറുപടിയെന്ന് വീട്ടുകാർ പറഞ്ഞു. ഇടിമിന്നലിൽ ഉണ്ടായ നാശനഷ്ടത്തെ സംബന്ധിച്ച് പി.വെമ്പല്ലൂർ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു അന്വേഷണം നടത്തിയിട്ടില്ലെന്നും കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും വീട്ടുകാർ പറഞ്ഞു.
District News
കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. വ്യാഴം രാത്രി തുടങ്ങിയ ശക്തമായ മഴ ഇന്നലെ ഉച്ചയോടെയാണ് തോര്‍ന്നത്. വൈകുന്നേരത്തോടെ വീണ്ടും മഴ ആരംഭിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ മഴക്കെടുതിയും വര്‍ധിച്ചു. അതിരമ്പുഴയില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു.
കോട്ടയത്തിനു സമീപം മള്ളൂശേരിയില്‍ മതിലിടിഞ്ഞു വീണു. ശക്തമായ മഴ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടരുന്നതോടെ ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ നിറഞ്ഞു. രണ്ടിടങ്ങളിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടരുകയാണ്.
അപകട സാഹചര്യങ്ങളില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മരങ്ങള്‍ വീണും പോസ്റ്റുകള്‍ തകര്ന്നുമുണ്ടാകുന്ന അപകടങ്ങളും ശ്രദ്ധിക്കണം.
മലയോരമേഖലയില്‍ ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്തത്. തീക്കോയി-വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ മണ്ണിടിച്ചിലുണ്ടായി. കെ.കെ. റോഡില്‍ പെരുവന്താനത്തിനു സമീപം കൂറ്റന്‍ പാറകള്‍ റോഡിലേക്ക് വീണിരുന്നു. വന്‍ മരങ്ങളും നിലംപൊത്തി. വാഗമണ്‍, കുട്ടിക്കാനം, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളില്‍ മഴയ്ക്കു ശേഷം ശക്തമായ കോടമഞ്ഞുമുണ്ട്.
മഴക്കാലത്ത് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോരമേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണ കൂടം നിര്‍ദേശിച്ചിട്ടുണ്ട്. ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്നയിടങ്ങളില് വാഹനം ഓടിക്കരുത്. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
വീടിന്റെ മേൽക്കൂര തകർന്നുവീണു
അതിരമ്പുഴ: ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. നാൽപാത്തിമലയിൽ ജോൺസൺ ജോസഫ് കൂട്ടുമമ്പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംകാലായിൽ വിനോയ് മാത്യു (38), ഭാര്യ ടിനു തോമസ് (36), മകൻ ഏബൽ വിനോയ് (9) എന്നിവർക്ക് പരിക്കേറ്റു.
അപകട സമയത്ത് ബിനോയിയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഒന്നടങ്കം താഴേക്ക് പതിക്കുകയായിരുന്നു. കമ്പികളും ഷീറ്റുകളും ഉൾപ്പെടെ തകർന്നു വീണതോടെ ബിനോയിയും കുടുംബവും മുറിക്കുള്ളിൽ കുടുങ്ങിപ്പോയി. ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ഇവർക്ക് പുറത്തുകടക്കാൻ സാധിച്ചത്.
മള്ളൂശേരിയില്‍ മതില് ഇടിഞ്ഞു
കോട്ടയം: കനത്ത മഴയില്‍ മള്ളൂശേരിയില്‍ മതില് ഇടിഞ്ഞുവീണു. മള്ളൂശേരി സ്വദേശിനി അമ്പിളിയുടെ വീടിനു മുന്നിലേക്കാണ് ഇരുപതടിയോളം ഉയരമുള്ള മതില്‍ക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. കണ്ടത്തില്‍ ജെ. സിംസണ്‍, സഹോദരന് ജെ. സിസില്‍ എന്നിവരുടെ വീടിനു പുറകുവശം കെട്ടിയിരുന്ന മതില്ക്കെട്ടാണു കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വ്യാഴം രാവിലെ 9.30നായിരുന്നു അപകടം.
അപകടസമയം സമീപത്തെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന അമ്പിളി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും തകര്‍ന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ മതിലിടിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ ഭാഗമാണു വീണ്ടും തകര്‍ന്നത്. സിംസന്റെയും സിസിലിന്റെയും വീടുകള്‍ക്കുനേരേ നില്ക്കുന്ന മതില്‍ക്കെട്ടിന്റെ ബാക്കി ഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാര്‍ ഒഴിഞ്ഞുപോകാനുള്ള തയാറെടുപ്പിലാണ്.
വെള്ളത്തില്‍ കളി വേണ്ട
മഴക്കാലമായതോടെ കുട്ടികളുടെ യാത്രാവേളകളിലും കളികളിലും കൃത്യമായ മുന്‍കരുതലുകള്‍ വേണം. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മഴ പെയ്യുമ്പോള്‍ ജലവ്യതിയാനം തിരിച്ചറിയാതെ കുട്ടികള്‍ കുളിക്കാനും മീന്‍പിടിക്കാനും പുഴകളില്‍ ഇറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
കുട്ടികള്‍ പുഴകളിലോ സമീപത്തെ തോടുകളിലോ ഇറങ്ങുന്നത് ഒഴിവാക്കണം. വഴിയരികിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണം. പാലങ്ങളിലെ കാഴ്ചയും സെല്‍ഫിയും ഒഴിവാക്കണം. വൈദ്യുതി ലൈനുകളില്‍ നിന്ന് അകലം പാലിക്കണം. ഒഴുകിപ്പോകുന്ന വസ്തുക്കള്‍ പിടിക്കാന്‍ ശ്രമിക്കുകയോ, പുറകെ പോകുകയോ അരുത്. വെള്ളക്കെട്ടുകളിലൂടെയുള്ള വാഹനം ഓടിക്കലും നടത്തവും വേണ്ട.
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ നാളെയും തിങ്കളാഴ്ചയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
District News
കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. ഞായറാഴ്ച രാവിലെമുതല്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഇടവിട്ടുള്ള ചെറുതും വലുതുമായ ശക്തമായ മഴയാണ് ലഭിച്ചുവരുന്നത്. മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റുമുണ്ട്. ഇന്നുമുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ വിഭാഗം പറയുന്നുണ്ട്.
മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന ജലസ്രോതസുകളായ മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ചെറുതോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആറ്റിലും തോട്ടിലും വലിയ രീതിയില്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഒഴുക്ക് പലയിടത്തും സുഗമമല്ല.
ജില്ലാ ഭരണകൂടവും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാലവര്‍ഷത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മലയോരമേഖലയില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങളെ നേരിടാന്‍ ദുരന്ത നിവാരണ അഥോറിട്ടിയുടെ ആഭിമുഖ്യത്തിലും ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മലവെള്ളപ്പാച്ചിലുണ്ടായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
കാറ്റും മഴയും ശക്തമായാല്‍ പതിവായുണ്ടാകാറുള്ള മരം വീണുള്ള അപകടങ്ങള്‍, ഗതാഗത തടസം, വൈദ്യുതി മുടക്കം എന്നിവയ്ക്കു സാധ്യതയേറെയാണ്. അപകടസാധ്യത മുന്‍നിര്‍ത്തി പാതയോരങ്ങളിലും മറ്റും നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വേനല്മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലില്‍ ജില്ലയില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക, കെട്ടിടത്തിനകത്തുതന്നെ ഇരിക്കാനും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതിവകുപ്പിന്
വിശ്രമമില്ലാക്കാലം
കാലവര്‍ഷം ശക്തമായതോടെ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ക്കും വിശ്രമമില്ലാക്കാലം. കാറ്റിലും മഴയിലും മരം വീണും മറ്റും വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്ന് വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിലാണ്. കെഎസ്ഇബി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ജോലിഭാരം ഇരട്ടിയായിരിക്കുകയാണ്. മരങ്ങള്‍ ഒടിഞ്ഞു വീണും പോസ്റ്റുകള്‍ തകര്‍ന്നുമാണ് പ്രധാന നഷ്ടം.
കൂടാതെ ഇടിമിന്നലും നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മുടങ്ങിയ വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാറുണ്ടെന്നും എന്നാല്‍ ഒരു സെക്ഷനു കീഴില്‍ ഒരേ സമയം പലയിടങ്ങളില്‍ മരം വീണും മറ്റും വൈദ്യുതി മുടങ്ങുമ്പോള്‍ എല്ലായിടത്തെയും തകരാര്‍ പെട്ടെന്നു പരിഹരിക്കാന്‍ കഴിയാനാകാത്ത സ്ഥിതിയുണ്ടാകാറുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍
നിയമങ്ങളും ഉടമസ്ഥന്റെ ബാധ്യതകളും
കോട്ടയം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍, പൊതുജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഭീഷണിയായി നില്ക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ഓരോ ഭൂവുടമയും അറിഞ്ഞിരിക്കേണ്ടതാണ്. ദുരന്ത നിവാരണ നിയമപ്രകാരം അപകടകരമായ മരങ്ങളോ ചില്ലകളോ പൊതുസുരക്ഷ മുന്‍നിര്‍ത്തി അടിയന്തരമായി മുറിച്ചുമാറ്റാന്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പ് അധികാരം നല്കുന്നു.
കൂടാതെ കേരള പഞ്ചായത്ത് രാജ് മുനിസിപ്പല്‍ ആക്ട് പ്രകാരം പൊതുവഴിക്കോ അയല്പക്കത്തിനോ അപകടമുണ്ടാക്കുന്ന മരങ്ങള്‍ സ്വന്തം ചെലവില്‍ മുറിച്ചുമാറ്റാന്‍ ഭൂവുടമയ്ക്ക് നോട്ടീസ് നല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിയമപരമായ അധികാരമുണ്ട്.
4നോട്ടീസ് ലഭിച്ചിട്ടും ഉടമസ്ഥന് മരം മുറിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തിന് അതു മുറിച്ചുമാറ്റാം. അതിനു വരുന്ന മുഴുവന്‍ ചെലവും ഉടമയില്‍ നിന്ന് റവന്യു റിക്കവറി വഴിയോ നികുതി കുടിശിക പോലെയോ ഈടാക്കും.
4അനാസ്ഥ കാരണം മരം വീണ് അയല്ക്കാരന്റെ വീടിനോ വാഹനത്തിനോ മറ്റ് സ്വത്തിനോ കേടുപാട് സംഭവിച്ചാല്‍, ടോര്‍ട്ട് ലോ പ്രകാരമുളള സിവില്‍ നെഗ്ലിജന്സിന്റെ അടിസ്ഥാനത്തില്‍ വന്‍തുക നഷ്ടപരിഹാരം നല്കാന് ഉടമസ്ഥന് ബാധ്യസ്ഥനാകും.
4അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാത്തത് നിയമപരമായ വീഴ്ചയായി കണക്കാക്കി പോലീസിനു കേസ് എടുക്കാവുന്നതാണ്.
4ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം.
4മരം വീണ് ആളപായം ഉണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിന് സെക്ഷന്‍ 106 ഓഫ് ബിന്എന്എസ് പ്രകാരം ഉടമസ്ഥനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം.
National
ന്യൂഡൽഹി: കേരളത്തിൽ മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.
വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.
NRI
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ, ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.
മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.