കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. ഞായറാഴ്ച രാവിലെമുതല്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഇടവിട്ടുള്ള ചെറുതും വലുതുമായ ശക്തമായ മഴയാണ് ലഭിച്ചുവരുന്നത്. മഴയ്ക്കൊപ്പം ഇടിയും മിന്നലും കാറ്റുമുണ്ട്. ഇന്നുമുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ വിഭാഗം പറയുന്നുണ്ട്.
മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന ജലസ്രോതസുകളായ മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ചെറുതോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആറ്റിലും തോട്ടിലും വലിയ രീതിയില്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഒഴുക്ക് പലയിടത്തും സുഗമമല്ല.
ജില്ലാ ഭരണകൂടവും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാലവര്‍ഷത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മലയോരമേഖലയില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങളെ നേരിടാന്‍ ദുരന്ത നിവാരണ അഥോറിട്ടിയുടെ ആഭിമുഖ്യത്തിലും ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മലവെള്ളപ്പാച്ചിലുണ്ടായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
കാറ്റും മഴയും ശക്തമായാല്‍ പതിവായുണ്ടാകാറുള്ള മരം വീണുള്ള അപകടങ്ങള്‍, ഗതാഗത തടസം, വൈദ്യുതി മുടക്കം എന്നിവയ്ക്കു സാധ്യതയേറെയാണ്. അപകടസാധ്യത മുന്‍നിര്‍ത്തി പാതയോരങ്ങളിലും മറ്റും നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വേനല്മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലില്‍ ജില്ലയില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക, കെട്ടിടത്തിനകത്തുതന്നെ ഇരിക്കാനും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതിവകുപ്പിന്
വിശ്രമമില്ലാക്കാലം
കാലവര്‍ഷം ശക്തമായതോടെ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ക്കും വിശ്രമമില്ലാക്കാലം. കാറ്റിലും മഴയിലും മരം വീണും മറ്റും വൈദ്യുതി പോസ്റ്റുകളും ലൈനും തകര്‍ന്ന് വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിലാണ്. കെഎസ്ഇബി ജീവനക്കാര്‍ക്ക് ഇപ്പോള്‍ ജോലിഭാരം ഇരട്ടിയായിരിക്കുകയാണ്. മരങ്ങള്‍ ഒടിഞ്ഞു വീണും പോസ്റ്റുകള്‍ തകര്‍ന്നുമാണ് പ്രധാന നഷ്ടം.
കൂടാതെ ഇടിമിന്നലും നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മുടങ്ങിയ വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാറുണ്ടെന്നും എന്നാല്‍ ഒരു സെക്ഷനു കീഴില്‍ ഒരേ സമയം പലയിടങ്ങളില്‍ മരം വീണും മറ്റും വൈദ്യുതി മുടങ്ങുമ്പോള്‍ എല്ലായിടത്തെയും തകരാര്‍ പെട്ടെന്നു പരിഹരിക്കാന്‍ കഴിയാനാകാത്ത സ്ഥിതിയുണ്ടാകാറുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍
നിയമങ്ങളും ഉടമസ്ഥന്റെ ബാധ്യതകളും
കോട്ടയം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍, പൊതുജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഭീഷണിയായി നില്ക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ഓരോ ഭൂവുടമയും അറിഞ്ഞിരിക്കേണ്ടതാണ്. ദുരന്ത നിവാരണ നിയമപ്രകാരം അപകടകരമായ മരങ്ങളോ ചില്ലകളോ പൊതുസുരക്ഷ മുന്‍നിര്‍ത്തി അടിയന്തരമായി മുറിച്ചുമാറ്റാന്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പ് അധികാരം നല്കുന്നു.
കൂടാതെ കേരള പഞ്ചായത്ത് രാജ് മുനിസിപ്പല്‍ ആക്ട് പ്രകാരം പൊതുവഴിക്കോ അയല്പക്കത്തിനോ അപകടമുണ്ടാക്കുന്ന മരങ്ങള്‍ സ്വന്തം ചെലവില്‍ മുറിച്ചുമാറ്റാന്‍ ഭൂവുടമയ്ക്ക് നോട്ടീസ് നല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിയമപരമായ അധികാരമുണ്ട്.
4നോട്ടീസ് ലഭിച്ചിട്ടും ഉടമസ്ഥന് മരം മുറിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തിന് അതു മുറിച്ചുമാറ്റാം. അതിനു വരുന്ന മുഴുവന്‍ ചെലവും ഉടമയില്‍ നിന്ന് റവന്യു റിക്കവറി വഴിയോ നികുതി കുടിശിക പോലെയോ ഈടാക്കും.
4അനാസ്ഥ കാരണം മരം വീണ് അയല്ക്കാരന്റെ വീടിനോ വാഹനത്തിനോ മറ്റ് സ്വത്തിനോ കേടുപാട് സംഭവിച്ചാല്‍, ടോര്‍ട്ട് ലോ പ്രകാരമുളള സിവില്‍ നെഗ്ലിജന്സിന്റെ അടിസ്ഥാനത്തില്‍ വന്‍തുക നഷ്ടപരിഹാരം നല്കാന് ഉടമസ്ഥന് ബാധ്യസ്ഥനാകും.
4അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാത്തത് നിയമപരമായ വീഴ്ചയായി കണക്കാക്കി പോലീസിനു കേസ് എടുക്കാവുന്നതാണ്.
4ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കാം.
4മരം വീണ് ആളപായം ഉണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിന് സെക്ഷന്‍ 106 ഓഫ് ബിന്എന്എസ് പ്രകാരം ഉടമസ്ഥനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം.
Tags : Heavy rain nattuvishesham local news