ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറി മൂടിയ നിലവിൽ.
ചെറുപുഴ: മഴ കനത്തതോടെ മലയോരത്ത് നാശനഷ്ടവും തുടങ്ങി. രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴയും കാറ്റുമാണ്. ചെറുപുഴയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ വീശിയടിച്ച കാറ്റ് ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു.
കാർഷിക വിളകളും മരങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു. വൈദ്യുതി വിതരണം താറുമാറായി. കന്നിക്കളത്തെ നബീസ ബീവിയുടെ തെങ്ങ്, കമുക് എന്നിവ ഒടിഞ്ഞുവീണു. നബീസ ബീവിയുടെ വീടിന്റെ ചുറ്റുമതിൽ തകർന്നു. തിരുമേനിയിലെ ഓരത്താനിയിൽ ജോസിന്റെ വീടിന്റെ മുകളിൽ കമുക് ഒടിഞ്ഞുവീണ് മേൽക്കൂരയ്ക്കു കേടുപറ്റി.
പുളിങ്ങോം, കോഴിച്ചാൽ ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. കോഴിച്ചാൽ-പട്ടത്തുവയൽ റോഡിനു കുറുകെ വൈദ്യുതി ലൈനിൽ തേക്കു മരം ഒടിഞ്ഞുവീണു. കാർഷിക വിളകളുടെ നാശനഷ്ടം ഇന്നു മാത്രമേ കണക്കാക്കാനാകൂ.
തേർത്തല്ലി: ശക്തമായ മഴയിലും കാറ്റിലും തേർത്തല്ലി മേഖലയിൽ വ്യാപക നാശനഷ്ടം. ആലത്താൻ വളപ്പിലെ തെങ്ങട ജോയിയുടെ വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂര ഭാഗികമായി നശിച്ചു. നെടുമ്പാറ മാർട്ടിന്റെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ച , ഇടാട്ട് സേവിയറിന്റെ കപ്പ കൃഷിയും, തെങ്ങട ജോസഫിന്റെ കമുകുകളും കാറ്റിൽ നശിച്ചു.
Tags : Heavy rain Nattuvishesham District news