Movies
കീർത്തി സുരേഷും മിസ്കിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോർട്ട്റൂം ഡ്രാമ 'സത്യവാൻ സാവിത്രി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നവാഗതനായ പ്രവീൺ എസ്. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 24-നായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. അഭിഭാഷകയായ നായിക തന്റെ സീനിയർ അഭിഭാഷകന്റെ തെറ്റായ നിലപാടുകൾക്കെതിരേ പോരാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു ചിത്രത്തിന്റെ പ്രമേയം.
സീ സ്റ്റുഡിയോസും ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ചാരുകേഷ്, ബാലശരവണൻ, മധുസൂദനൻ, ശിൽപ മഞ്ജുനാഥ്, ആർ. സുന്ദർരാജൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാം സി.എസ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൾ വിൻസെന്റും എഡിറ്റിംഗ് ജി.കെ. പ്രസന്നയുമാണു കൈകാര്യം ചെയ്യുന്നത്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 'യു/എ' സർട്ടിഫിക്കറ്റാണു ലഭിച്ചത്.
സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഫരിയ ആണ് നായികയായെത്തുന്നത്.
രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ'യ്ക്കു സംഗീതം നൽകിയത് തമൻ എസ് ആണ്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
Movies
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.
"ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലർച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തിൽ പ്രശസ്തിയും പദവിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി നിവർന്നുനിൽക്കാൻ ഞങ്ങൾക്കായത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദിനെപ്പോലെയാകാൻ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതൽ എന്താണെന്നും പ്രേക്ഷകർക്ക് എന്തുതരം പുതിയ അനുഭവം നൽകാൻ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകൾ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.
ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂർവ സൗഹൃദം സൂര്യ പങ്കുവച്ചത്.
Movies
വിവാഹജീവിതം, മാതൃത്വം എന്നിവയെക്കുറിച്ചു തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് പ്രശസ്ത ചലച്ചിത്രതാരവും കമൽഹാസന്റെ മകളുമായ ശ്രുതി ഹാസൻ. നടി സോഹ അലി ഖാനുമായുള്ള അഭിമുഖത്തിലാണു നാൽപതാം വയസിലെ സിംഗിൾ ജീവിതത്തെക്കുറിച്ചും പ്രണയസങ്കൽപങ്ങളെക്കുറിച്ചും ശ്രുതി നിലപാടുകൾ പങ്കുവച്ചത്.
താൻ വിവാഹത്തിനു പൂർണമായി എതിരല്ലെന്നു വ്യക്തമാക്കിയ ശ്രുതി, എന്നാൽ സമൂഹത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞു. നിയമപരമായ കരാറുകളേക്കാൾ രണ്ടു വ്യക്തികൾ തമ്മിലുള്ള മാനസികബന്ധത്തിനാണു താൻ പ്രാധാന്യം നൽകുന്നത്. വെറുമൊരു ഔദ്യോഗിക രേഖയുടെ പേരിൽ മാത്രം കൂടെ ജീവിക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും താരം വ്യക്തമാക്കി.
താൻ നേരത്തെ വിവാഹത്തിന്റെ തൊട്ടടുത്തുവരെ എത്തിയതാണെന്നു ശ്രുതി വെളിപ്പെടുത്തി. ആ സമയത്തു വിവാഹത്തെക്കുറിച്ചു ഭയം തോന്നിയിരുന്നില്ലെങ്കിലും, അനാവശ്യ ആഡംബരങ്ങളോടും പണം ധൂർത്തടിക്കുന്നതിനോടും തനിക്കു താത്പര്യമില്ലെന്നും ശ്രുതി പറഞ്ഞു. ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാണു തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്നു ശ്രുതി മറുപടി നൽകി. സ്വന്തമായി കുഞ്ഞുണ്ടാകുന്നതിനൊപ്പം തന്നെ ദത്തെടുക്കലിനോടും തനിക്ക് ആഗ്രഹമുണ്ടെന്നു താരം വ്യക്തമാക്കി. നാലു വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിനു ശേഷം, നിലവിൽ തന്റെ സിനിമകളിലും വ്യക്തിപരമായ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സിംഗിൾ ലൈഫ് ആസ്വദിക്കുകയാണു താരം.
Movies
തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾക്ക് ഒടുവിൽ വിരാമം. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു പ്രചരിക്കുന്ന വാർത്ത ഊഹാപോഹങ്ങൾ മാത്രമാണെന്നും നിലവിൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.
താൻ ഒരു നടനാണെന്നും സിനിമയ്ക്കാണ് ഇപ്പോൾ പൂർണ ശ്രദ്ധ നൽകുന്നതെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവും നീക്കങ്ങളും തമിഴ്നാട്ടിൽ വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ധനുഷിന്റെ പേരും സമാനമായ രീതിയിൽ വാർത്തകളിൽ ഇടംനേടിയത്.
എന്നാൽ, ധനുഷ് നിലപാടു വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായി നിരവധി വൻ പ്രൊജക്ടുകളാണു താരത്തിന്റേതായി ഒരുങ്ങുന്നത്.
Movies
ഋഷികാന്ത്, അനീഷ്മ അനിൽകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ കറുപ്പസാമിയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഗ്രാമീണ ഹാസ്യചിത്രം 'മോദരാത്രി' ഒടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 18 മുതൽ നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയും പ്രേക്ഷകശ്രദ്ധയും നേടിയിരുന്നു. വിവാഹരാത്രിയിലെ സംഭവവികാസങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും കോർത്തിണക്കി ഒരു രാത്രിയിലെ കഥയാണു ചിത്രം പറയുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ചിത്രത്തിൽ ചേതൻ, എ. വെങ്കിടേഷ്, ഭഗവതി പെരുമാൾ, ഷെല്ലി കിഷോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിമ്പു, ധനുഷ്, ആർ.ജെ. ബാലാജി തുടങ്ങിയ മുൻനിര താരങ്ങൾ ചിത്രത്തെയും പുതുമുഖ അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിയറ്റർ റിലീസിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
Movies
കോളിവുഡ് നടിയും നിർമാതാവുമായ രാധിക ശരത്കുമാർ സൂപ്പർതാരം അജിത്തുമായി നടത്തിയ കൂടിക്കാഴ്ച തമിഴകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നു. അജിത്തിന്റെ അർപ്പണബോധത്തെയും പ്രയത്നങ്ങളെയും പ്രശംസിച്ച രാധിക, അദ്ദേഹം എല്ലാവർക്കും പ്രചോദനമാണെന്നു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സമീപകാലത്ത്, റേസിംഗ് ട്രാക്കുകളിൽ സജീവസാന്നിധ്യമായ അജിത്, ഇപ്പോൾ തന്റെ റേസിംഗ് ടീമിനൊപ്പം കഠിന പരിശീലനങ്ങളിലാണ്. പുതിയ റേസിംഗ് ചാമ്പ്യൻഷിപ്പുകൾക്കു മുന്നോടിയായുള്ള പരിശീലനങ്ങൾക്കിടയിലാണ് രാധിക അജിത്തിനെ നേരിൽ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രങ്ങൾ രാധിക പങ്കുവച്ചതോടെ ആരാധകർ ആവേശത്തോടെയാണു പ്രതികരിക്കുന്നത്.
അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും പുലർത്തുന്ന ലാളിത്യവും പുതിയ മേഖലകൾ കീഴടക്കാൻ കാണിക്കുന്ന ആവേശവുമാണ് അജിത്തിനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. സിനിമയ്ക്കു പുറമെ റേസിംഗിലും അജിത് കൈവരിക്കുന്ന നേട്ടങ്ങൾ പ്രചോദനാത്മകമാണെന്നു ചലച്ചിത്ര പ്രവർത്തകരും ആരാധകരും ഒരുപോലെ അഭിപ്രായപ്പെടുന്നു.
Movies
യുവതാരങ്ങളോടുള്ള സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്നേഹത്തെയും കരുതലിനെയും വാനോളം പുകഴ്ത്തി നടി മാളവിക മോഹനൻ. തമിഴ് സിനിമയിലെ നവാഗതരെ പിന്തുണയ്ക്കാനും തുറന്ന് അഭിനന്ദിക്കാനും മുതിർന്ന താരം മടി കാണിക്കാറില്ലെന്നു മാളവിക പറഞ്ഞു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'പേട്ട' എന്ന ചിത്രത്തിലൂടെയാണു മാളവിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചു സംസാരിക്കവെയാണു യുവനടി സൂപ്പർസ്റ്റാറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. പുതിയ സിനിമകൾ കാണാനും അതിൽ പ്രവർത്തിച്ചവരെ ഫോണിൽ വിളിച്ചും അല്ലാതെയും അഭിനന്ദിക്കാനും രജനികാന്ത് എന്നും മുൻപന്തിയിലുണ്ടാകാറുണ്ട്. വലിയ താരങ്ങൾ സാധാരണയായി ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന മടിയിൽനിന്നും വ്യത്യസ്തമായി, യാതൊരു ഈഗോയുമില്ലാതെ പുതിയ ആളുകളെ കെട്ടിപ്പിടിക്കാനും പ്രശംസിക്കാനും അദ്ദേഹം തയാറാകുന്നു.
ഒപ്പമുള്ളവരെയും പുതിയ തലമുറയെയും ചേർത്തുപിടിക്കുന്ന രജനികാന്തിന്റെ സമീപനം മറ്റ് അഭിനേതാക്കൾക്കു മാതൃകയാണെന്നും മാളവിക കൂട്ടിച്ചേർത്തു. വരും തലമുറയിലെ സിനിമാ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പിന്തുണ വലിയ ആത്മവിശ്വാസമാണു നൽകുന്നതെന്നും മാളവിക കൂട്ടിച്ചേർത്തു.
Movies
ഇന്ത്യൻ ചലച്ചിത്ര-കായികലോകത്തെ പ്രമുഖർ ഒന്നിച്ച സൗഹൃദ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് ഒളിമ്പിക് താരം പി.വി. സിന്ധുവിനും ഭർത്താവ് വെങ്കട ദത്ത സായിക്കും ചെന്നൈയിൽ അത്താഴവിരുന്ന് നൽകി. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സിന്ധു കുറിച്ച വാക്കുകളാണ് ആരാധകരുടെ മനംകവരുന്നത്.
കൂടിക്കാഴ്ച തങ്ങൾക്കിടയിൽ വലിയൊരു കുടുംബബന്ധം രൂപപ്പെടുത്തിയെന്ന് സിന്ധു കുറിച്ചു. നല്ല ഭക്ഷണവും പരസ്പര സ്നേഹവും നിറഞ്ഞതായിരുന്നു ആ സായാഹ്നം. ചില കൂടിക്കാഴ്ചകൾ ആളുകളെ കാണുന്ന രീതി തന്നെ മാറ്റുമെന്നും, സുഹൃത്തുക്കളായി കടന്നുവന്നു ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിച്ച്, ഒടുവിൽ കാലങ്ങളായി അറിയുന്നവരെപ്പോലെ തിരികെ പോകുന്ന അനുഭവം നൽകിയെന്നും സിന്ധു തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈ തനിക്ക് എപ്പോഴും പ്രിയപ്പെട്ട നഗരമാണെന്നും, എന്നാൽ ഈ രാത്രിക്കു ശേഷം അവിടെ തനിക്കായി കാത്തിരിക്കാൻ "കുറച്ചുകൂടി വലിയൊരു കുടുംബം' ലഭിച്ചതുപോലെ അനുഭവപ്പെടുന്നുണ്ടെന്നും സിന്ധു കുറിച്ചു. നയൻതാരയും വിഘ്നേഷും സ്നേഹവും നന്മയും നിറഞ്ഞവരാണെന്നും താരം കൂട്ടിച്ചേർത്തു.
സിന്ധുവിന്റെ കുറിപ്പിന് താഴെ നയൻതാരയും വിഘ്നേഷും പ്രതികരണവുമായെത്തി. "ഒരുപാടു സ്നേഹം മാത്രം' എന്ന് നയൻതാര കുറിച്ചപ്പോൾ, കോർട്ടിലെ കടുപ്പക്കാരിയായ കളിക്കാരിയല്ല സിന്ധുവെന്നും മറിച്ച് തികച്ചും സ്നേഹമയിയായ വ്യക്തിയാണെന്നും വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Movies
കോളിവുഡിലെ ചെറിയ ചിത്രങ്ങൾക്കു നിർമതാക്കളും പ്രേക്ഷകരും കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ചിലമ്പരസൻ (സിമ്പു). അടുത്തിടെ റിലീസ് ചെയ്ത റൂറൽ കോമഡി എന്റർടെയ്നർ ചിത്രമായ മോധ രാത്തിരിയെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
മറ്റു ഭാഷകളിൽ നിന്നുള്ള ചെറിയ നല്ല സിനിമകളെ തമിഴകം ഏറെ ആഘോഷിക്കാറുണ്ടെന്നും, അതേപോലെ തമിഴിൽ പുതിയ അണിയറപ്രവർത്തകർ വ്യത്യസ്തമായ ശ്രമങ്ങൾ നടത്തുമ്പോൾ നമ്മൾ അവർക്കും അർഹമായ പിന്തുണ നൽകണമെന്നും സിമ്പു പറഞ്ഞു. ഒരു ഗ്രാമീണ കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റ രാത്രി കൊണ്ട് നടക്കുന്ന കഥ വളരെ തനിമയോടെയാണ് മോധ രാത്തിരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെയും കഥാപാത്രങ്ങളുടെ നിർമിതിയെയും താരം അഭിനന്ദിച്ചു.
ഇത്തരം നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്താൻ നിർമാതാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ പിന്തുണ ആവശ്യമാണ്. നല്ല പ്രമേയമുള്ള സിനിമകൾ ആളുകളിലേക്ക് എത്തിപ്പെടേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. രാജ കറുപ്പസാമി സംവിധാനം ചെയ്ത മോധ രാത്തിരിയിൽ ഋഷികാന്ത്, അനീഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചത്.
Movies
തമിഴകത്തിന്റെ പ്രിയ നായകനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശിന്റെ പുതിയ തമിഴ് ചിത്രം 'നിഞ്ച'യുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ഷൂട്ടിംഗിനു തുടക്കമായത്. നേരത്തെ നടൻ ഭരത് പ്രധാന വേഷത്തിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് പ്രകാശ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 'ഹാപ്പി രാജ്' എന്ന ചിത്രത്തിനുശേഷം പ്രാർഥന നാഥൻ വീണ്ടും ജി.വി. പ്രകാശിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരുഗു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സോൾജിയേഴ്സ് ഫാക്ടറിയുടെയും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.എസ്. സിനിഷ്, എസ്. സായ് ദേവാനന്ദ് എന്നിവർ ചേർന്നു നിർവഹിക്കുന്നു. ജി.വി. പ്രകാശ് നായകനായി മാറിയതോടെ സംഗീത സംവിധായകന്റെ ചുമതല ഷാൻ റോൾഡന്‍ കൈമാറി. ഒരു നായ പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നൽകുന്ന സൂചന.
ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ഗോപി ആനന്ദാണ് കലാസംവിധാനം ഒരുക്കുന്നത്. സെപ്റ്റംബർ നാലിനു റിലീസ് ചെയ്യുന്ന 'ഇമ്മോർട്ടൽ' ആണ് ജി.വി. പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതുകൂടാതെ വെക്കൈ, മെന്റൽ മനസിൽ, കാതലിക്ക യാരുമില്ലൈ തുടങ്ങിയ നിരവധി പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് "ഹായ്'. വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
വർഷങ്ങൾക്കു മുൻപ് ധനുഷിനൊപ്പം അഭിനയിച്ച ഹിറ്റ് ചിത്രം 'യാരടി നീ മോഹിനി'യുമായി പുതിയ ചിത്രത്തെ താരതമ്യം ചെയ്തിരിക്കുകയാണ് നയൻതാര. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ മനോഹരമായ ഒരു പ്രണയകഥയാണ് ഹായ് എന്ന് നയൻതാര പറഞ്ഞു. യാരടി നീ മോഹിനി പോലൊരു സിനിമ കണ്ടിട്ട് കുറെ നാളുകളായി. അതിന്റെ കുറച്ചുകൂടി മോഡേണായ, ചെറിയൊരു പതിപ്പാണ് സിനിമയെന്ന് പറയാം. യാരടി നീ മോഹിനിയിൽ വലിയൊരു കുടുംബവും നിരവധിയാളുകളും ഉണ്ടായിരുന്നു. ഇതിലും നല്ലൊരു കുടുംബ പശ്ചാത്തലമുണ്ട്, എന്നാൽ കൂടുതൽ കോംപാക്റ്റായ ഒരു ബജറ്റ് ഫ്രണ്ട്ലി കുടുംബമാണെന്ന് നയൻതാര പറഞ്ഞു.
ഓഗസ്റ്റ് 28-ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രണയത്തിലും വിവാഹാലോചനകളിലും തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന യുവാവിലൂടെയാണു ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നയൻതാരയ്ക്കും കവിനും പുറമെ ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Movies
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ
2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ ഗാനം 'അലാ ബോലെലോ...' പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് പാടിയ ഈ അടിപൊളി ഗാനത്തിൽ തമിഴ്, മലയാളം സംഗീത ശൈലികൾ മനോഹരമായി സമ്മേളിച്ചിരിക്കുന്നു. പാട്ട് സംഗീതാസ്വാദകരുടെ ഇടയിൽ വൻ തരംഗമായി മാറി.
തമിഴ്, മലയാളം ബീറ്റുകൾ കോർത്തിണക്കി തയാറാക്കിയ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. അരുൺരാജ കാമരാജ് വരികളെഴുതിയ ഗാനത്തിൽ, യുവാക്കളെ ഹരം കൊള്ളിക്കുന്ന നടി ഷംനാ കാസിമിന്റെ നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന ആദ്യ ഗാനം, ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുന്പോൾ രമ്യാ കൃഷ്ണൻ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്, ജാക്കി ഷ്രോഫ്, എസ്.ജെ. സൂര്യ, മിഥുന് ചക്രവര്‍ത്തി, വിദ്യാ ബാലന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 15-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.
Movies
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ തിയറ്ററുകൾക്കു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വൻനിരതന്നെ എത്തുന്നു. തമിഴ്, ഹിന്ദി ഭാഷകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജനനായകൻ
തമിഴകത്തിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനനായകൻ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ5 (ZEE5) വഴിയാണ് സ്ട്രീം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജൂലൈ 23-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
വെൽക്കം ടു ദി ജംഗിൾ
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് കോമഡി-ആക്ഷൻ ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ ഒരു കാടിന്റെ ശാന്തത തകർക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിയോഹോട്ട്സ്റ്റാറിലൂടെ (JioHotstar) ചിത്രം കാണാം.
പ്യാർ പ്രേമ കല്യാണം
ഇളൻ, സാൻവി മേഘ്ന എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് പ്യാർ പ്രേമ കല്യാണം. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസം തുടങ്ങുന്ന നവദമ്പതികൾ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളും സാംസ്കാരിക വൈരുധ്യങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡാർക്ക്
രഹസ്യങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നിറഞ്ഞ തമിഴ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഡാർക്ക് ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയത്. ചില സത്യങ്ങൾ അപ്രതീക്ഷിതമായി പുറത്തുവരുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെയും ഭയത്തെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
ചെന്നൈ ലൗ സ്റ്റോറി
ശ്രീ ഗൗരി പ്രിയ റെഡ്ഡി, കിരൺ അബ്ബവരം, ആദിത് അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ചെന്നൈ ലൗ സ്റ്റോറി. ആദ്യ പ്രണയത്തിന്റെ തകർച്ചയും, അത് എങ്ങനെ കൂടുതൽ അർഥവത്തായ മറ്റൊരു ബന്ധത്തിലേക്ക് വഴിതുറക്കുന്നുവെന്നും ചിത്രം സംസാരിക്കുന്നു. സോണിലിവിലൂടെ (SonyLIV) ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ
ജാക്കി ഷ്രോഫ്, പ്രതീക ബബ്ബർ, ഭാഗ്യശ്രീ എന്നിവർ അഭിനയിച്ച ഫാന്റസി കോമഡി ചിത്രമാണ് ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ. അന്യഗ്രഹജീവികളുടെ ആക്രമണത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കഴിവുകളുള്ള ആളാണ് തന്റെ മുത്തശൻ എന്നു വിശ്വസിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം സീ5-ൽ ലഭ്യമാണ്.
Movies
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 173-ാമത് ചിത്ര (തലൈവർ 173) ത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ ആരംഭിച്ചതായി നിർമാതാക്കൾ അറിയിച്ചു. ചിത്രീകരണത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രത്യേക വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണു ചിത്രത്തിലെത്തുന്നത്. ദി ഡെഡ്ലി ഡോക്ടർ- എന്നാണ് ചിത്രത്തിൽ സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. പുതിയ വീഡിയോയിൽ രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങളും സംവിധായകൻ അശ്വത് മാരിമുത്തു അദ്ദേഹത്തെ മാസ് ലുക്കിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും കാണാം. കമലഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണു ചിത്രം നിർമിക്കുന്നത്.
വർഷങ്ങൾക്കു ശേഷം സിമ്രാൻ രജനികാന്തിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2019-ൽ പുറത്തിറങ്ങിയ പേട്ടയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൂടാതെ രാശി ഖന്നയും പ്രധാന കഥാപാത്രമാകുന്നു. മിസ്കിൻ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നു സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അശ്വത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂൺ 25-ന് ആണ് ചിത്രീകരണം ആരംഭിച്ചത്. നേരത്തെ സുന്ദർ സി സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റിൽ പിന്നീട് സിബി ചക്രവർത്തിയുടെ പേരും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ അശ്വത് മാരിമുത്തു പ്രോജക്റ്റിന്റെ അമരത്തേക്ക് എത്തുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് സാഹസിക ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു.
Movies
സൂര്യയും മമിതയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രം ഓഗസ്റ്റ് 14-ന് പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രമോഷനിടെ നൽകിയ ഒരു അഭിമുഖത്തിൽ മമിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചിരി പടർത്തുന്നത്.
മമിത കണ്ട സൂര്യയുടെ സിനിമയേതാണെന്ന അവതാരകയുടെ ചോദ്യവും അതിന് മമിതയുടെ ഉത്തരവും എല്ലാം രസകരമാണ്.
മമിത കോളജിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സൂര്യ ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് ‘സില്ലിന് ഒരു കാതൽ’ എന്നാണ് മമിത ഉത്തരം പറയുന്നത്. താനും സഹോദരനും നിരവധി തവണ ചിത്രം കണ്ടിട്ടുണ്ടെന്നും മമിത പറയുന്നു.
ഉടനെ സൂര്യയുടെ വക അപ്പോൾ മമിത ഏതുക്ലാസിലാണ് പഠിക്കുന്നത് എന്ന ചോദ്യം എത്തി. അഞ്ചിലോ ആറിലോ ആണെന്ന മമിതയുടെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സൂര്യ. കോളജിൽ പഠിക്കുമ്പോൾ കണ്ട സിനിമയേതാണ് എന്നല്ലേ ചോദിച്ചതെന്നും കോളജ് ചോദിച്ചാൽ സ്കൂളാണോ പറയുന്നതെന്നും സൂര്യ ചോദിക്കുന്നു.
ഇതുകേട്ട് അവളെ അങ്ങനെ വിട്ടേക്കൂ എന്ന് നടി രാധിക പറയുന്നുണ്ട്. അത് സാരമില്ല, ചുമ്മാ ഇരിക്കട്ടെ എന്നാണ് സൂര്യയുടെ മറുപടി. തനിക്ക് അബദ്ധം പറ്റിയത് അറിഞ്ഞ് ഇവർക്കൊപ്പം ചിരിയിൽ പങ്കുചേരുകയാണ് മമിത ബൈജു.
വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായ വാത്തിക്കു ശേഷം വെങ്കി അറ്റ്ലൂരി തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
Movies
തമിഴകത്തു വൻ വിവാദങ്ങൾ വിളിച്ചുവരുത്തിയ അധിക്ഷേപ പരാമർശങ്ങൾക്കു പിന്നാലെ, ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ദുരൂഹതയുണർത്തുന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ. തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ പുറത്തുവന്നു ദിവസങ്ങൾക്കു ശേഷമാണു പ്രതികരണവുമായി താരം രംഗത്തെത്തിയത്.
മുത്തശിയുടെ 98-ാം ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സന്ദേശങ്ങൾ തൃഷ പങ്കുവച്ചത്. "ഈ പ്രായത്തിൽ ഇത്തരം ഡ്രാമകൾ കാണിക്കുന്നത് നാണക്കേടാണ്. പോയി കുറച്ച് പണം സന്പാദിക്കൂ, സമാധാനം കണ്ടെത്തൂ...'എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തൃഷ കുറിച്ചത്.
കൂടാതെ, "നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിലേക്കുതന്നെ തിരിച്ചെത്തും; നല്ലത് ചെയ്യൂ, നല്ലവരായിരിക്കൂ', "അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിക്കാത്തവരാണ് വിജയിക്കുന്നത്' തുടങ്ങിയ സന്ദേശങ്ങളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒരിക്കൽ നിങ്ങൾ പ്രാർഥിച്ച ജീവിതം ജീവിക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്' എന്നും തൃഷ കൂട്ടിച്ചേർത്തു.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം. റാലിയിൽ പ്രസംഗിക്കുന്നതിനിടെ സദസിൽനിന്ന് ചിലർ തൃഷയുടെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ, ഉദയനിധി സ്റ്റാലിൻ നടത്തിയ ചിരിയും ദ്വയാർഥ പ്രയോഗങ്ങളുമാണു വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്റെ യുവതാരം കവിനും പ്രധാന കഥാപാത്രങ്ങളാകുന്ന ഹായ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്റിക് ത്രില്ലർ സംവിധാനം ചെയ്തത് വിഷ്ണു എടവൻ ആണ്. ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം പുതിയൊരു തീയതിയിലേക്കു മാറ്റുമെന്നാണു പുതിയ വിവരം.
ചിത്രത്തിനു വ്യാപക പ്രൊമോഷൻ നൽകാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നുണ്ട്. അതിനായി കൂടുതൽ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് & സൺസുമായുള്ള ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാനും നിർമാതാക്കൾ ആഗ്രഹിക്കുന്നു. റിലീസ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരപശ്ചാത്തലത്തിൽ അയൽക്കാരായ രണ്ടുപേർ തമ്മിലുള്ള പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ഫീൽ-ഗുഡ് റൊമാന്റിക് ഡ്രാമയാണ് ഹായ്. പ്രശസ്ത ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ മുൻ സഹസംവിധായകനുമായ വിഷ്ണു എടവന്റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.
ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ, ആദിത്യ കതിർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെൻ മാർട്ടിൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നയൻതാര - വിഗ്നേഷ് ശിവൻ ജോഡിയുടെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
Movies
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്-
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
Movies
കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.
നയൻതാര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Movies
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
Movies
ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഗാലറിയില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശനും ശ്രീലീലയും. ടെന്നീസ് കോര്‍ട്ടിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര്‍ മാത്രമല്ല, വിംബിള്‍ഡണിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള്‍ പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
Movies
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്‍ട്ടിയും ജയറാം-ഉര്‍വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്‍ട്ടി
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്‍ട്സ്-ഡ്രാമയാണ് ബാള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല്‍ ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ആത്മമിത്രങ്ങളായ ഇവര്‍ എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Movies
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.