ചെന്നൈയിൽ നടന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ ഫഹദ്, എസ്.എസ്. രാജമൗലി, സൂര്യ.
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.
"ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലർച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തിൽ പ്രശസ്തിയും പദവിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി നിവർന്നുനിൽക്കാൻ ഞങ്ങൾക്കായത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദിനെപ്പോലെയാകാൻ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതൽ എന്താണെന്നും പ്രേക്ഷകർക്ക് എന്തുതരം പുതിയ അനുഭവം നൽകാൻ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകൾ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.
ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂർവ സൗഹൃദം സൂര്യ പങ്കുവച്ചത്.
Tags : Entertainment Mollywood Kollywood Suriya FahadhFaasil FilmNews