രാമായണം എന്ന ചിത്രത്തിൽ രൺബീർ കപൂറും സായ് പല്ലവിയും
ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ജയ് ജയ് റാം' എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഓസ്കാർ ജേതാവ് എ.ആർ. റഹ്മാനാണ്. ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ രാമായണത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബെ ലക്ഷ്മണനായും ചിത്രത്തിൽ വേഷമിടുന്നു. ഓസ്കാർ ജേതാവ് ഹാൻസ് സിമ്മറും ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കടന്നുവരുന്നുണ്ട് എന്നത് സിനിമയുടെ മാറ്റ് കൂട്ടുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ അവാർഡ് നേടിയ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സോണി പിക്ചേഴ്സാണ് ആഗോളതലത്തിൽ വിതരണം ചെയ്യുന്നത്. 2026 ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്താണ്.
Tags : FirstSong Fans RanbirKapoor SaiPallavi