International
ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.
അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.
ഷി ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.
ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.
International
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരകൊറിയൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി.
ഷിയും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വികസനം ലക്ഷ്യമാക്കി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലേക്കും സഹകരണം വർധിപ്പിക്കാമെന്നു കിം സമ്മതിച്ചു.
ദ്വിദിന സന്ദർശനത്തിനിടെ കിമ്മുമായി ചേർന്ന് ഷി മരം നടുകയും സിനോ-കൊറിയ സൗഹൃദ ടവർ സന്ദർശിക്കുകയും ചെയ്തു.
International
സോൾ: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാൻ ചൈനീസ് പ്രസിഡന്റ്െ ഷി ചിൻപിംഗും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ധാരണയായി.
ഉത്തരകൊറിയയുടെ മേൽ ചൈനയ്ക്കുള്ള സവിശേഷ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം സ്ഥാപിക്കാനും സന്ദർശനത്തിലൂടെ ഷി ലക്ഷ്യമിടുന്നു.
ഉത്തരകൊറിയയിലെ പ്യോംഗ്യാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി യെയും ഭാര്യ പെംഗ് ലിയുവാനെയും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ഭാര്യ റി സോൾ ജുവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഏഴുവർഷത്തിനു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദർശിക്കുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഷി ചിൻപിംഗും കിം ജോംഗും തമ്മിൽ നിർണായക കരാറുകൾ സംബന്ധിച്ച് ചർച്ചനടത്തും.
ഇരുരാജ്യങ്ങൾക്കും അമേരിക്കയുമായി ഭിന്നതയുള്ള സാഹചര്യത്തിൽ തങ്ങളുടെ പരമ്പരാഗത സഖ്യം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. വ്യാപാരം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഷി താൽപര്യം പ്രകടിപ്പിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.
കൊറിയൻ ഉപദ്വീപിൽ ചൈനയ്ക്കുള്ള സ്വാധീനവും വടക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ തങ്ങളുടെ നേതൃത്വപരമായ പങ്കും അമേരിക്കയ്ക്കു മുന്നിൽ തെളിയിക്കാൻ ഈ യാത്രയിലൂടെ ചൈന ലക്ഷ്യമിടുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ മോസ്കോയിൽ വെച്ചാണ് ഇരുനേതാക്കളും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഉത്തരകൊറിയയുടെ ഏറ്റവും വലിയ സാമ്പത്തിക നയതന്ത്രപങ്കാളിയാണ് ചൈന.
International
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. പരസ്പര വിശ്വാസവും തന്ത്രപ്രധാനമായ പങ്കാളിത്തവും കൂടുതൽ ദൃഢമാക്കാൻ ഈ സൗഹൃദ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചയും അതിലുണ്ടാകുന്ന തീരുമാനങ്ങളും അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യത്തോടെയായിരിക്കും വിലയിരുത്തപ്പെടുക.
അമേരിക്കയുമായുള്ള ചൈനയുടെ ചർച്ചകൾക്ക് പിന്നാലെ റഷ്യയുമായി നടത്തുന്ന ഈ കൂടിക്കാഴ്ച പുതിയ സഖ്യങ്ങളുടെ സൂചനയാണോ എന്ന് ലോകം നിരീക്ഷിക്കുന്നു. ട്രംപിന്റെ സന്ദർശനം സൃഷ്ടിച്ച നയതന്ത്ര പ്രതിഫലനങ്ങളെ മറികടക്കാൻ റഷ്യ-ചൈന കൂട്ടുകെട്ടിന് സാധിക്കുമോ എന്നാണ് വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്.
International
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.
International
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിയ്ക്കായി ചൈനയിലെത്തി. ബുധനാഴ്ച വൈകുന്നേരം 7.50ന് ബെയ്ജിംഗ് വിമാനത്താവളത്തിലിറങ്ങിയ ട്രംപിന് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡർ സീ ഫെംഗ്, വിദേശകാര്യ സഹമന്ത്രി മാ ഷാവോസു, ബെയ്ജിംഗിലെ യുഎസ് പ്രതിനിധി ഡേവിഡ് പെർഡ്യൂ എന്നിവർ ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. 2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് രാവിലെ 10ന് ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയും അമേരിക്കയും രണ്ടു സൂപ്പർ പവറുകളാണെന്ന് അമേരിക്കയിൽനിന്നു പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് നമ്മൾ. മറ്റെന്തിനേക്കാളും വ്യാപാരം സംബന്ധിച്ചായിരിക്കും ഷീയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ ചൈന സന്ദർശനം വിജയകരമായിരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വർഷാവസാനം ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിൽ തളർന്നുനിൽക്കുന്ന സന്ദർഭത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
തായ്വാന് ആയുധം വിൽക്കാനുള്ള അമേരിക്കൻ പദ്ധതി ചൈന എതിർക്കാനാണു സാധ്യത. ചൈന സ്വന്തം ദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന തായ്വാന് ആയുധം നൽകുന്നത് ചൈനയ്ക്ക് താത്പര്യമില്ല.
11 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി ഡിസംബറിൽ യുഎസ് ഭരണകൂടം അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തായ്വാൻ വിഷയം ഷീയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ തായ്വാനുമായുള്ള ബന്ധവും അമേരിക്കയ്ക്ക് പ്രധാനമാണ്.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾക്ക് പരിധിനിശ്ചയിക്കുന്ന കരാർ സാക്ഷാത്കരിക്കുന്നതിനും ട്രംപ് ആഗ്രഹിക്കുന്നതായി യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയുടെ പക്കൽ 600ലധികം പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നാണ് പെന്റഗൺ കരുതുന്നത്.
ഇത് കൂടാതെ 5,000ത്തിലധികം ആണവവായുധങ്ങൾ സൂക്ഷിക്കുന്നതായും കണക്കാക്കപ്പെടുന്നു. റഷ്യയേക്കാളും യുഎസിനേക്കാളും കൂടുതലാണിത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി എന്നറിയപ്പെടുന്ന ആണവായുധ ഉടമ്പടി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ചൈനയെക്കൂടി ചേർത്ത് പുതിയ കരാർ ഉണ്ടാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
സിഇഒമാർ, ഇലോൺ മസ്ക്, ടിം കുക്ക്, ലാറി ഫിങ്ക് തുടങ്ങി ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖർ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻസംഘവുമായാണ് ട്രംപ് ചൈനയിൽ എത്തിയിരിക്കുന്നത്.
International
ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചൈന അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെത്തിയ തായ്വാൻ പ്രതിപക്ഷ കുമിംതാങ്ങ് പാർട്ടി നേതാവ് ചെംഗ് ലി-വുന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ദൗത്യം എന്ന പേരിലാണ് ചെംഗ് ലി-വുൻ ബെയ്ജിംഗ് സന്ദർശിച്ചത്. ചൈനാക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചെംഗ് ലി-വുന്നിനോട് ഷി പറഞ്ഞു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഷി അവകാശപ്പെട്ടു. കുടുംബത്ത് സമാധാനമുണ്ടെങ്കിലേ ഐശ്വര്യമുണ്ടാകൂ. തായ്വാന്റെ സ്വാതന്ത്ര്യ മോഹങ്ങളാണ് സമാധാനസാധ്യത ഇല്ലാതാക്കുന്നത്. തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ഷി സംസാരിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് ജനാധിപത്യ തായ്വാനുമായി ചർച്ചയ്ക്കു തയാറാകണമെന്ന് തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ പ്രതികരിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയെ ചൈന അംഗീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയാണെങ്കിലും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.
International
കാഠ്മണ്ഡു: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എഴുതിയ പുസ്തകം ചിതലരിച്ചുപോയതിനെത്തുടർന്ന് കത്തിച്ചുകളഞ്ഞ യൂണിവേഴ്സിറ്റി നടപടിയെക്കുറിച്ച് നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ചൈനീസ് എംബസി ഉത്കണ്ഠ പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്.
ശനിയാഴ്ച കിഴക്കൻ നേപ്പാളിലെ മൊറാംഗിലുള്ള മൻമോഹൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം.
ഷിയുടെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമായ ‘ദ ഗവർണനൻസ് ഓഫ് ചൈന’ എന്ന പുസ്തകത്തിന്റെ പകർപ്പുകളാണു കത്തിച്ചുകളഞ്ഞത്. അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയമിച്ചതായി നേപ്പാളി സർക്കാർ അറിയിച്ചു.
മുറി വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ചിതലരിച്ച പഴയ പേപ്പറുകളും ബുക്കുകളും കത്തിച്ചുകളയുകയായിരുന്നുവെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുബാഷ് ശ്രീ പൊഖ്റിയാൽ വിശദീകരിച്ചു. സുഹൃദ്രാജ്യമായ ചൈനയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ചൈന സന്ദർശിക്കുന്നു. ചൈനയുമായി വാണിജ്യ സഹകരണം ശക്തിപ്പെടുത്തലാണു ലക്ഷ്യം. യുഎസ് പ്രസിഡന്റ് ട്രംപ് ആഗോള വാണിജ്യയുദ്ധത്തിനു തുടക്കമിട്ടശേഷം ചൈനയിലെത്തുന്ന മൂന്നാമത്തെ പാശ്ചാത്യ നേതാവ് മെർസ്.
ഇന്നലെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി ക്വിയാംഗ് എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
ചൈനയുമായുള്ള സാന്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ജർമനി ആഗ്രഹിക്കുന്നതായി ലിയുമായുള്ള കൂടിക്കാഴ്ചയിൽ മെർസ് പറഞ്ഞു. ഇപ്പോഴത്തെ ബന്ധത്തിൽ ചൈനയ്ക്കാണു മേൽക്കൈ എന്ന സൂചനയും മെർസ് നല്കി. വ്യാപാര സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ലി ക്വിയാംഗ് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങൾ, കായികമേഖലയിലെ സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഞ്ചു കരാറുകൾ കൂടിക്കാഴ്ചയിൽ ഒപ്പുവയ്ക്കപ്പെട്ടെങ്കിലും വാണിജ്യവിഷയങ്ങളിൽ സുപ്രധാന ധാരണകൾ ഉണ്ടായില്ല. ഫോക്സ്വാഗൺ, ബിഎംഡബ്ല്യു തുടങ്ങി 30 ജർമൻ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മെർസിനെ അനുഗമിക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ കഴിഞ്ഞമാസം ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തുകയും ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതടക്കമുള്ള ധാരണകൾ ഉണ്ടാവുകയും ചെയ്തിരുന്നു.
International
ബെജിംഗ്: ചൈനീസ് സൈന്യത്തിലെ മൂന്നു സുപ്രധാന ഉദ്യോഗസ്ഥരെ പുറത്താക്കി പ്രസിഡന്റ് ഷി ജിന്പിംഗ്.
സൈനിക വിമാനങ്ങളും ഡ്രോണുകളും നിര്മിക്കുന്ന ഏവിയേഷന് ഇന്ഡസ്ട്രി കോര്പ്പ് ഓഫ് ചൈനയുടെ മുന് തലവനായ ഷൗ സിന്മിന്, ദീര്ഘകാല ആണവായുധ ഗവേഷകനായ ലിയു കാംഗ്ലി, ചൈന നാഷണല് ന്യൂക്ലിയര് കോറിന്റെ ചീഫ് എൻജിനിയര് ലുവോ ക്വി എന്നിവരെയാണ് പുറത്താക്കിയത്.
പിരിച്ചുവിടലിനുള്ള കാരണം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
International
ബെയ്ജിംഗ്: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു കാനഡയും കനേഡിയൻ കടുക് ഉത്പന്നങ്ങൾക്ക് ചൈനയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും. കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് പരസ്പരം ചുമത്തിയ ഇറക്കുമതിച്ചുങ്കങ്ങളാണു കുറയ്ക്കുക.
49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6.1% തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള ധാരണയാണ് ഇന്നലെയുണ്ടായത്. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചുമത്തിയ 100 ശതമാനം ചുങ്കമാണ് നാമമാത്രമായി കുറച്ചിരിക്കുന്നത്.
ഇതിനു പകരമായി കാനഡയിലെ കടുക് ചുങ്കം 15% ആയി കുറയ്ക്കാമെന്നു ചൈനയും സമ്മതിച്ചു. ട്രൂഡോയ്ക്കുള്ള മറുപടിയെന്ന നിലയിൽ ചൈന കടുക് ഉത്പന്നങ്ങൾക്കുള്ള ചുങ്കം 84 ശതമാനമായി ഉയർത്തിരുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം വ്യാപാര വിഷയങ്ങളിൽ പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ഇതിനു മുന്പ് കനേഡിയൻ ഭരണാധികാരി ചൈന സന്ദർശിച്ചത് 2017ലാണ്.
International
സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
ചൈനയുമായി യുഎസിന് "നല്ല ബന്ധ'മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ "മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
"യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പറഞ്ഞു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഷി ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും. വ്യാപാര സംഘർഷങ്ങൾ മുതൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ ആധിപത്യം പുലർത്തുന്ന ചൈന, നിരവധി ചൈനീസ് കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ സങ്കീർണമായിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടത്.
International
ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഇന്ന് ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും മാസങ്ങളായി തുടരുന്ന വാണിജ്യയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കൂടിക്കാഴ്ചയുടെ കാര്യം ചൈന ഇന്നലെയാണു സ്ഥിരീകരിച്ചത്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ച ട്രംപും ഷിയും നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ ഉണ്ടാകുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാന്പത്തികശക്തിയിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിച്ചുകാണാൻ വ്യവസായ, നിക്ഷേപ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചൈന അടുത്തിടെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നെത്തുന്ന ഷി ചിൻപിംഗ് ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും.
International
ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഇന്ന് ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും മാസങ്ങളായി തുടരുന്ന വാണിജ്യയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കൂടിക്കാഴ്ചയുടെ കാര്യം ചൈന ഇന്നലെയാണു സ്ഥിരീകരിച്ചത്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ച ട്രംപും ഷിയും നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ ഉണ്ടാകുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാന്പത്തികശക്തിയിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിച്ചുകാണാൻ വ്യവസായ, നിക്ഷേപ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചൈന അടുത്തിടെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നെത്തുന്ന ഷി ചിൻപിംഗ് ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും.
International
കീവ്: റഷ്യയ്ക്കുള്ള ചൈനീസ് പിന്തുണ കുറയ്ക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കവേയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗിനു മേൽ സമ്മർദം ചെലുത്താൻ സെലൻസ്കി ആവശ്യപ്പെട്ടത്.
ദക്ഷിണ കൊറിയയിൽ വ്യാഴാഴ്ച ഷി ജിന്പിംഗുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ റഷ്യ - യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നുള്ള ഊർജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടുന്ന യുഎസ് നയത്തെ തങ്ങൾ പിന്തുണയ്ക്കുന്നെന്ന് കീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെലൻസ്കി പറഞ്ഞു.
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഊർജ ഉപഭോക്താക്കളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്നെതിരെയുള്ള ആക്രമണത്തിന് സഹായകരമാണെന്നാണ് യുഎസിന്റെയും യുക്രെയ്നിന്റെയും നിലപാട്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യൻ രാജ്യ സന്ദർശനത്തിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്.
വ്യാപാര സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് കൂടിക്കാഴ്ച സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ സ്ഥരീകരണം പുറത്തുവന്നത്. ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.
ഏഷ്യ - പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും കരോലിൻ അറിയിച്ചു.