കാഠ്മണ്ഡു: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എഴുതിയ പുസ്തകം ചിതലരിച്ചുപോയതിനെത്തുടർന്ന് കത്തിച്ചുകളഞ്ഞ യൂണിവേഴ്സിറ്റി നടപടിയെക്കുറിച്ച് നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ചൈനീസ് എംബസി ഉത്കണ്ഠ പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്.
ശനിയാഴ്ച കിഴക്കൻ നേപ്പാളിലെ മൊറാംഗിലുള്ള മൻമോഹൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം.
ഷിയുടെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമായ ‘ദ ഗവർണനൻസ് ഓഫ് ചൈന’ എന്ന പുസ്തകത്തിന്റെ പകർപ്പുകളാണു കത്തിച്ചുകളഞ്ഞത്. അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയമിച്ചതായി നേപ്പാളി സർക്കാർ അറിയിച്ചു.
മുറി വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ചിതലരിച്ച പഴയ പേപ്പറുകളും ബുക്കുകളും കത്തിച്ചുകളയുകയായിരുന്നുവെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുബാഷ് ശ്രീ പൊഖ്റിയാൽ വിശദീകരിച്ചു. സുഹൃദ്രാജ്യമായ ചൈനയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Nepal book burning investigation Chinese President Xi Jinping