Kerala
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 5.49നാണ് സംഭവം.
12625-ാം നമ്പർ കേരള എക്സ്പ്രസ് കടന്നുവരുന്നതിനിടെ പാളത്തിൽ തലവച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജാർഖണ്ഡ് ലത്തേഹാർ ബർവാഡി ഖുറ സ്വദേശിയായ കാമേഷ് കുമാർ സിംഗിനെയാണ് (35) സിപിഒ സ്മിലേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
ട്രെയിൻ പാളത്തിലേക്ക് അടുക്കുന്ന നിമിഷങ്ങൾക്കകം ഓടിയെത്തിയ സ്മിലേഷ്, യുവാവിനെ ട്രാക്കിനും ട്രെയിനിനും ഇടയിൽ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു.
ബഹളം കേട്ട് റെയിൽവേ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിഷ്ണു, പ്രദീപ് കുമാർ, അരുൺ കുമാർ എന്നിവരും ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് എല്ലാവരും ചേർന്ന് ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതര പരിക്കേറ്റ ഇയാളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Kerala
വൈപ്പിന്: പൊലിസില് പരാതി നല്കി എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. ഞാറക്കല് വാളൂരാന് വീട്ടില് സരിന് (41) ആണ് ആക്രമണത്തിന് ഇരയായത്. ഞാറക്കല് സ്വദേശിയായ അജിത്ത് എന്നയാള് വീശിയ കത്തി തടുത്തതിനെ തുടര്ന്ന് കൈവിരല് മുറിവേറ്റ സരിന് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഞാറക്കലിലെ അക്ഷയ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഭവം. സരിന്റെ പരാതിയില് ഞാറക്കല് പൊലിസ് കേസ് എടുത്തു.
Kerala
വൈപ്പിൻ: ബാർ ഹോട്ടലിൽ കമ്പ്യൂട്ടർ സർവീസ് ചെയ്തു കൊണ്ടിരുന്ന യുവാവിനെ പുറത്തുനിന്നുള്ള രണ്ടംഗ സംഘം മർദ്ദിച്ചതായി പരാതി. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി നെട്ടാത്ത് അജിത്തിനാണ് (28) മർദനമേറ്റത്. മുഖത്തെ ഇടിയിൽ പല്ലുകൾക്ക് കേടുപാട് സംഭവിച്ചു. ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം തെക്കൻമാലിപ്പുറം സീപോർട്ട് ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ റിസപ്ഷനിസ്റ്റുമായി രണ്ടംഗസംഘം ഉണ്ടാക്കിയ തർക്കത്തിനിടെ വിവരം പൊലിസിൽ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനമത്രേ.
ഞാറക്കൽ പൊലിസ് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസെടുത്ത് ഹോട്ടലിലെ സിസിടിവി കാമറകൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Kerala
തൊടുപുഴ: നഗരത്തിലെ പാലത്തില് നിന്നും ചാടാനൊരുങ്ങിയ യുവാവിനെ പൊലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു. തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാത്രി കെഎസ്ആര്ടിസി ഡിപ്പോയ്ക്കു സമീപത്തെ മൂപ്പില്കടവ് പാലത്തില് നിന്നും ചാടി ജീവനൊടുക്കാന് ശ്രമിച്ചത്.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്മാര് യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്ന്ന് ഇവര് പൊലിസില് വിവരമറിയിച്ചു. സ്റ്റേഷനില് നിന്നും ഉദ്യോഗസ്ഥര് എത്തി യുവാവിനെ സമാധാനിപ്പിച്ച് കൈവരിയില് നിന്നും താഴെയിറക്കി.
പിന്നീട് ജില്ലാ ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. തുടര്ന്ന് ഇയാളുടെ ബന്ധുക്കളെ വിളിച്ചു വരുത്തി യുവാവിനെ ഏല്പ്പിക്കുകയും ചെയ്തു. ജീവനൊടുക്കാന് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരിച്ചു. പാലക്കാട് പിരായിരി പള്ളിക്കുളം പൂച്ചങ്ങൽ പി.കെ. ഉമ്മറിന്റെ മകൻ ഷുഹൈബ്(32) ആണു മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. പാലക്കാട് ജംഗ്ഷനിൽനിന്ന് എറണാകുളം ജംഗ്ഷനിലേക്കു പോവുകയായിരുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് തൃശൂർ റെയിൽവേ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരിച്ച ഷുഹൈബിന്റെ ബന്ധു മുഹമ്മദ് ജാബിർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പൊലിസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Kerala
കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോളിഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, ചന്ദ്രൻ എന്നീ സുഹൃത്തുക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ ഫോണിൽ വിളിച്ചത്. ആ സമയത്ത് അരുണും മറ്റ് രണ്ട് സുഹൃത്തുക്കളും പിറവം ടൗണിൽ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് വരുന്ന വഴിയാണ് ജിഷ്ണു പെട്രോൾ വാങ്ങിയിരുന്നതെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങുകയും, അവിടെവച്ച് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അമ്മയെ വിളിച്ച് അനാവശ്യമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണു അരുണിനെ ചോദ്യം ചെയ്തത്.
ഇതിനിടയിൽ 'കത്തിക്കെടാ' എന്ന് ആക്രോഷിച്ചുകൊണ്ട് ജിഷ്ണു കുപ്പി തുറന്ന് അരുണിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗീവർഗീസ് പൊലിസിന് മൊഴി നൽകി.
അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോൾ താഴേക്ക് ഒഴുകി. ഇതിനിടയിൽ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. പെട്ടെന്ന് തീ ആളിക്കത്തിയതോടെ ചുറ്റുമുണ്ടായിരുന്നവർ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ഉടൻതന്നെ ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
Kerala
വൈപ്പിന്: വള്ളംകളി കാണാനെത്തിയ യുവാവിനെ പുഴയില് കാണാതായി. കോന്തുരുത്തി വെങ്ങാട്ടു തറവീട്ടില് നിഖിലിനെയാണ് (31) കാണാതായത്. അമ്മവീടായ ഞാറക്കല് മഞ്ഞനക്കാട് എത്തിയ യുവാവിനെ ഞായറാഴ്ച വൈകുന്നേരം 6.45ന് ആണ് മഞ്ഞനക്കാട് പുഴയില് കാണാതായത്.
ചെറുവഞ്ചിയില് ഒറ്റയ്ക്ക് പോകുമ്പോള് വഞ്ചി മുങ്ങുകയായിരുന്നു. യുവാവിന് വേണ്ടി പുഴയില് തെരച്ചില് തുടരുകയാണ്. ഫയര്ഫോഴ്സ് സ്കൂബ ടീമും നാട്ടുകാരും ഞായറാഴ്ച രാത്രി മുതല് തെരച്ചില് നടത്തുന്നുണ്ട്. തെരച്ചില് ഇന്ന് രാവിലെയും ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവയില് യുവാവിനെ ആക്രമിച്ചത് ട്രാന്സ്ജെന്ഡര് സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന് ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന് പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.
രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്നില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മൂന്നര പവന് തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.
തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള് ആലുവ റെയില്വേ സ്റ്റേഷന് പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര് തുടര്ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്ഫോമില് സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
National
ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Kerala
സുല്ത്താന് ബത്തേരി: വാണിജ്യ അളവില് രാസലഹരിയുമായി യുവാവ് പൊലിസ് പിടിയില്. കാസര്ഗോഡ് പെരിയടുക്ക അന്സാര് മന്സില് പി.എ. അന്സാറിനെയാണ്(27) 16.12 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റുചെയ്തത്. 1.21 ഗ്രാം എംഡിഎംഎ രണ്ട് ഗുളികരൂപത്തിലായിരുന്നു.
കഴിഞ്ഞദിവസം മുത്തങ്ങ ചെക്പോസ്റ്റില് കര്ണാടക ആര്ടിസി ബസില് എസ്ഐമാരായ സനല്, കുഞ്ഞിരാമന്, സീനിയര് സിവില് പൊലീസ് ഓഫിസര്മാരായ ശിവദാസന്, ദീപേഷ് രാജന്, സുരേഷ് കുമാര് എന്നിവരടങ്ങിയ സംഘത്തിന്റെ പരിശോധനയിലാണ് അന്സാറിന്റെ അടിവസ്ത്രത്തില് ഒളിപ്പിച്ച നിലയില് മയക്കുമരുന്ന് കണ്ടെത്തിയത്.
ലഹരി കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കല് എന്നീ കുറ്റങ്ങള്ക്ക് അന്സാറിനെതിരേ കാസര്ഗോഡ് ജില്ലയില് കേസുകള് ഉണ്ടെന്ന് പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: മദ്യലഹരിയിലെ വാക്കുതര്ക്കത്തെ തുടര്ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചയാൾ പിടിയിൽ. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്പറ്റ സ്വദേശി സുഭാഷ് ആണ് പിടിയിലായത്.
ജയനെയാണ് സുഭാഷ് വെട്ടിപ്പരിക്കേൽപിച്ചത്. തലയ്ക്കും ചെവിലും വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില് ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുക്കം പൊലിസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്.
Kerala
കോഴിക്കോട്: ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള് താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്സാര്(35) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച മുതല് ഡെങ്കിപ്പനിയെ തുടര്ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
Kerala
കറുകച്ചാൽ: കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാട് മാടപ്പാട്ട് റെജിയുടെ മകൻ ജ്യോതിസ് മാത്യു (28) വിന്റെ മൃതദേഹമാണ് കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് മൃതദേഹം കണ്ടത്.
ഏതാനും ദിവസം മുൻപ് ജ്യോതിസ് കിണറിന് സമീപം നിൽക്കുന്നതുകണ്ട് പന്തികേടു തോന്നിയ നാട്ടുകാരും വ്യാപാരികളും യുവാവിനെ ഇവിടെനിന്നു മടക്കിയച്ചിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപത്തുകൂടെ ഇയാൾ നടന്നുപോകുന്നത് വ്യാപാരികളിൽ ചിലർ കണ്ടു. പിന്നീട് കിണറിന്റെ മുകൾഭാഗത്തെ ഗ്രില്ല് തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചിലർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽകോളജാശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷാന്റി.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള് പകര്ത്തി അശ്ലീല സൈറ്റുകള്ക്കു വിറ്റെന്ന യുവതിയുടെ പരാതിയില് ഭര്ത്താവിനെതിരേ പോക്സോ വകുപ്പും ചുമത്തി. നാല് വയസുകാരിയായ മകളുടെ മുന്നില് വച്ച് ഭര്ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസില് പരാതി നല്കിയിരുന്നു.
കൗണ്സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്കുകയും ചെയ്തു. പിന്നാലെയാണ് ഭര്ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നല്കി ദിവസങ്ങള് പിന്നിടുമ്പോഴാണ് പോക്സോ ചുമത്താന് പോലീസ് തയാറായത്.
ഭര്ത്താവ് കുഞ്ഞിനു മുന്നില്വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള് ഉള്പ്പെടെ പരാതി നല്കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല് വകുപ്പുകള് ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.
കേസെടുത്തതിനു പിന്നാലെ ഒളിവില് പോയ പ്രതിയെ ഇതുവരെ കണ്ടെത്താന് പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്ത്താവ് സ്വകാര്യ ദൃശ്യങ്ങള് അശ്ലീല വെബ്സൈറ്റുകള്ക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോള് ക്രൂരമര്ദനം ഏല്ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി.
ഏറെ വര്ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള് കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയില് വച്ചാണു സ്വകാര്യ ദൃശ്യങ്ങള് അവിടത്തെ അശ്ലീല വെബ് സൈറ്റുകള്ക്കു ഭര്ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്ത്താവിനെ കൗണ്സലിംഗിനു വിധേയമാക്കിയെങ്കിലും പിന്നീടും മര്ദനമേല്ക്കേണ്ടി വന്നുവെന്നു യുവതി മൊഴി നല്കി.
10 വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്ത്താവ് അശ്ലീല വിഡീയോകള്ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള് പകര്ത്തുമായിരുന്നെന്നും കുളിമുറിയില് ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി.
നഗ്നദൃശ്യങ്ങള് അശ്ലീല സൈറ്റുകള്ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന് നിര്ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള് ദേഹോപദ്രവം ഏല്പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി.
കൗണ്സലിംഗ് നടത്തിയാല് മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില് താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്സലിംഗിനിടെ ഭര്ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
National
മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
Kerala
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
Kerala
മൂന്നിലവ്: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ റ്റിറ്റോ ജോസഫ് (39) ആണ് മരിച്ചത്. ഇന്നലെ വെെകുന്നേരം 4.30നായിരുന്നു അപകടം.
സുഹൃത്തുക്കളായ നാലുപേരോടൊപ്പമാണ് റ്റിറ്റോ കട്ടിക്കയം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ റ്റിറ്റോ കയത്തിൽ അകപ്പെടുകയായിരുന്നു.
ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് റ്റിറ്റോയെ പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്കാരം പിന്നീട്.
ഭാര്യ: റീജ. മകൻ: വിൽഫ്രഡ്.
Kerala
ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കാസർഗോഡ്: ഫുട്ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറോടെ കുമ്പളയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ റഫറിയിംഗ് നടത്തുന്നതിനിടെ ഹസ്സന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തീരദേശ പട്ടണമായ മെയ്നിൽ യുവാവിനെ വെടിവച്ചുകൊന്നു.
ഇരുപത്തിയാറുകാരനായ കൊളംബിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനു നേരേ വെടിയുതിർക്കുകയായിരുന്നെന്നാണ് ഐസിഇ അധികൃതർ വിശദീകരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുവാവിനെ അന്വേഷിച്ചെത്തിയതായിരുന്നു ഏജൻസി. എന്നാൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയായിരുന്നെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില് ബൈക്ക് വൈദ്യുതി പോസ്റ്റില് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില് എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ബൈക്കിന്റെ മുന്വശം പൂര്ണമായും തകര്ന്നു. മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടു നല്കും.
Kerala
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകൻ അജിത്ത് (22) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്.
ഇവിടെ ശുദ്ധജലവിതരണ പദ്ധതിക്ക് വേണ്ടി നിർമിച്ച ഉപയോഗശൂന്യമായ കിണറിന് സമീപത്തുനിന്ന് മറ്റുള്ളവർ ചൂണ്ടയിടുന്നതിനിടയിൽ അജിത്ത് ഫോണിൽ സംസാരിച്ചു നടക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഇതിനുശേഷം അജിത്തിനെ കണ്ടില്ലെന്നും പറയുന്നു.
തെരഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ സ്ഥലത്തുനിന്നു പോകുകയും വിവരം മറ്റുള്ളവരെ അറിയിക്കാതിരിക്കുകയും ചെയ്തു. രാത്രിയായിട്ടും അജിത്ത് തിരികെ വീട്ടിൽ എത്താത്തതിനാൽ അമ്മ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് കിണറ്റിൽ വീണതാകാം എന്ന് സൂചന കിട്ടിയതും അതിനെത്തുടർന്ന് തെരച്ചിൽ നടത്തിയതും.
Kerala
കണ്ണൂർ: തലശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.
യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.