Leader Page
എന്റെ ബാല്യകാലം മുതലുള്ള സന്തതസഹചാരിയാണ് ദീപിക. 1970കളുടെ അവസാനം ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ദീപികയില്‍നിന്നു തുടര്‍ച്ചയായി കുറിച്ചെടുത്തിരുന്ന പൊതുവിജ്ഞാന വിവരങ്ങളും മറ്റും പിഎസ്സി പരീക്ഷയെഴുതാന്‍ എന്നെ ഒരുക്കുകയും വ്യവസായ-വാണിജ്യവകുപ്പില്‍ ജോലി സമ്പാദിക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോളജ് അധ്യാപനരംഗത്തേക്കു പ്രവേശിച്ചത്.
കെട്ടിച്ചമച്ച കഥകളില്ലാതെ കാര്യംപറയുന്ന ദീപിക എക്കാലത്തും സ്വതന്ത്രവായന ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരായ വായനക്കാര്‍ക്ക് പ്രിയപത്രമാണ്. ഈ മാധ്യമമുത്തശ്ശിക്ക് 140ന്റെ ആശംസകള്‍.
-ഡോ. പി.സി. അനിയന്‍കുഞ്ഞ് (ജനറൽ സെക്രട്ടറി, കേരള കൗണ്‍സില്‍
ഓഫ് റിട്ട. കോളജ് പ്രിന്‍സിപ്പല്‍സ്, നാക് പിയര്‍ ടീം അംഗം)
Leader Page
തുടക്കം മുതൽ എല്ലാക്കാലത്തും വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നുവെന്നതും വായനക്കാരുടെ ചിന്താഗതികളെ നേർവഴിക്കു നയിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നതും ദീപികയുടെ തനിമയാണ്. ഇപ്പോഴും ദീപിക സ്വീകരിക്കുന്ന നിലപാടുകളെ പൊതുസമൂഹം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.
തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തുനിന്നാണ് ദീപിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. എന്നാൽ അതിന്റെ പരിമിതികളെ അതിജീവിച്ച് ദേശീയപ്രസ്ഥാനവുമായി വായനക്കാരിൽ വൈകാരികബന്ധം സ്ഥാപിക്കാൻ ദീപികയ്ക്കു സാധിച്ചു.
കഴിഞ്ഞ 140 വർഷവും ദീപികയുടെ ശബ്ദം വേറിട്ടതായിരുന്നു. ശക്തമായി തൂലിക ചലിപ്പിച്ച് സാമൂഹിക തിന്മകൾക്കെതിരേ ഇന്നും ഈ പത്രം മുൻപന്തിയിൽ തന്നെ.
സ്വാതന്ത്ര്യസമരവുമായി തിരുവിതാംകൂറുകാരെ ബന്ധിപ്പിക്കുന്നതിൽ ദീപിക വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ജാതിവിവേചനം, മദ്യാസക്തി തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരേ ഗാന്ധിജി തുടങ്ങിവച്ച പോരാട്ടമാണ് ദീപിക ഇപ്പോഴും തുടരുന്നത്.
ഗാന്ധിജിയുടെ ഇഷ്ട വിഷയമായ കൃഷിക്കുവേണ്ടിയും കർഷകർക്കുവേണ്ടിയും നിരന്തരം ശബ്ദമുയർത്താൻ ദീപികയെപോലെ ശ്രദ്ധിക്കുന്ന മറ്റൊരു പത്രവുമില്ല.
- ഡോ. ജോസ് പാറക്കടവിൽ (ഗാന്ധിയൻ, എഴുത്തുകാരൻ)
Leader Page
ജനങ്ങളുടെ പ്രശ്നങ്ങൾ അധികൃതർക്കും സർക്കാരിനും മുന്നിൽ എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ചാട്ടുളിപോലെ തുളച്ചുകയറുന്ന ദീപികയുടെ എഡിറ്റോറിയലുകൾ സമൂഹത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് കാരണമാകുന്നുണ്ട്. കർഷകരുടെയും സാധാരണക്കാരുടെയും ജിഹ്വയായി മാറാൻ ദീപികയ്ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്.
കുടിയേറ്റ കാലയളവിൽ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി മണ്ണിൽ പൊന്നു വിളയിച്ചവരാണ് ഇടുക്കിയിലെ കർഷകർ. അവരുടെ നൊന്പരങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞ വ്യക്തിയാണ് ഞാൻ.
ചുരുളി, കീരിത്തോട് പ്രദേശങ്ങളിൽ കുടിയിറക്ക് നടന്നപ്പോൾ ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ദീപിക മുൻപന്തിയിലുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ജില്ലയിലെ ഭൂപ്രശ്നങ്ങളും കാർഷികമേഖലയിലെ പ്രതിസന്ധിയുമെല്ലാം പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാൻ ദീപിക നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. ശതോത്തര റൂബി ജൂബിലി നിറവിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
-എം.എം. മണി (മുൻ വൈദ്യുതി മന്ത്രി)
Leader Page
കേരളത്തിലെ മാധ്യമരംഗത്തെ മുത്തശ്ശിയാണ് ദീപിക. കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ദിനപത്രം. നസ്രാണി ദീപികയെന്നറിയപ്പെട്ടിരുന്ന അത് പിന്നീട് ദീപികയെന്ന പേരിലേക്ക് മറുകയായിരുന്നു.
സത്യസന്ധമായി മാത്രം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രം. പല മാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്തും ഇംഗ്ലീഷില്‍ ദ ഹിന്ദുവും മലയാളത്തില്‍ ദീപികയുമാണ് വസ്തുതകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ, പക്ഷപാതമില്ലാതെ നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്.
ആ ഒരു സത്പേരാണ് ദീപികയെ മറ്റെല്ലാ മലയാള മാധ്യമങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നത്. ആ മഹത്തായ പാരമ്പര്യം ദീപിക ഇന്നും തുടരുന്നുവെന്നു കരുതുന്നു. പക്ഷപാതമില്ലാതെ നാടിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും പ്രവര്‍ത്തിക്കാത്തവരെ തുറന്നു കാണിക്കുകയും ശക്തമായ സാമൂഹിക ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടവരാണ് മാധ്യമങ്ങള്‍. ദീപിക അതിന്റെ സ്ഥാപനം മുതല്‍ ഇക്കാര്യത്തിലൊരു മാതൃകയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദീപികയ്ക്ക് എല്ലാവിധ ആശംസകളും.
-ജി. സുധാകരന് മുന്‍ മന്ത്രി, അമ്പലപ്പുഴ നിയുക്ത എംഎൽഎ
Leader Page
140 വർഷത്തെ പാരമ്പര്യമുള്ള ദീപിക പ്രൗഢിയോടെ നിലനിൽക്കുകയെന്നത് അഭിമാനമാണ്. എന്റെ വളർച്ചയ്ക്ക് ദീപിക വഹിച്ചത് വലിയ പങ്കാണ്. ഞാൻ 2002ൽ സ്പോർട്സിലേക്ക് പ്രവേശിക്കുന്നതും പിന്നീടുണ്ടായ നേട്ടങ്ങളും സംബന്ധിച്ച് ദീപികയിൽ നല്ല വാർത്തകൾ വന്നിരുന്നു.
അന്നൊക്കെ പത്രവാർത്ത പ്രധാനമായിരുന്നു. ഫോട്ടോ സഹിതം പത്രത്തിൽ ഒന്നാം പേജിൽ അടക്കം വാർത്ത വരുന്നത് അഭിമാനമായിരുന്നു. ദീപികയിൽ അന്നു വാർത്തയും പടവും നന്നായി വന്നിരുന്നു. അന്നു ദീപികയിൽ വന്ന വാർത്ത ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
അത്ലറ്റിക്സിൽ നല്ല പിന്തുണയാണ് ദീപിക എനിക്കു തന്നിരുന്നത്. സത്യത്തിനൊപ്പം നിൽക്കുന്ന പത്രമാണ് ദീപിക. ഇത്രയും പാരമ്പര്യത്തോടെ നിലനിൽക്കുന്ന ദീപിക പത്രത്തിന്റെ 140-ാം വാർഷികം ആഘോഷിക്കുമ്പോൾ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.
-ടിന്റു ലൂക്ക കായികതാരം
Leader Page
നീതിക്കുവേണ്ടി നടന്ന വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുത്ത എന്റെ പിതാവ് പി.കെ. നീലകണ്ഠ പിള്ളയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഗാന്ധി നിർമാണ കേന്ദ്രത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഓർമവച്ച കാലം മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായും സഹായികളായും പ്രവർത്തിച്ചുകൊണ്ടിരുന്നവരെ കേൾക്കാനും കാണാനും ഇടയായിട്ടുണ്ട്.
കോട്ടയത്തെ പത്രമുത്തശ്ശിയായ ദീപിക സ്വാതന്ത്ര്യസമരത്തിന് നൽകിക്കൊണ്ടിരുന്ന സഹായ സഹകരണവും പ്രത്യേകിച്ച്, 1925ലെ മഹാത്മാവിന്റെ കേരള സന്ദർശന വേളയിൽ നൽകിയ വാർത്ത പ്രാധാന്യവും പ്രശംസനീയമാണ്. ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കുപരി, സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ജനജിഹ്വയായി ആരംഭം മുതൽ ദീപിക അചഞ്ചലമായ നിലപടുകൾ എടുത്തിരുന്നു.
ദീപികയുടെ 140-ാം വാർഷികം നമുക്ക് ആഘോഷവേളയായി മാറ്റാം.
-ഡോ. നീലകണ്ഠ രാധാകൃഷ്ണൻ ചെയർമാൻ, കേരള ഗാന്ധിസ്മാരക നിധി