International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെ രണ്ടു കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായി.
ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്പ്പുണ്ടായതെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു.
കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഹോർമുസിലെ നിയന്ത്രണം പത്ത് ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാൻ അറിയച്ചെങ്കിലും യുഎസിന്റെ ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ഹോർമുസിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചത്. ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക്. ഇറാനിലേക്ക് എത്തുന്ന കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
International
ടെഹ്റാൻ/വാഷിംഗ്ടൺ ഡിസി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകൾക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.
ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തൽ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തേ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില 90 ഡോളറിൽ താഴെയായി.
വ്യാഴാഴ്ചയാണ് ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തലുണ്ടായത്.
ഹോർമുസ് തുറന്ന ഇറാന്റെ തീരുമാനത്തെ ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ സ്വാഗതം ചെയ്തു. ഇറാന് ട്രംപ് നന്ദി അറിയിച്ചു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി ഇറാൻ കരാറിലെത്തുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം പൂർണശക്തിയിൽ തുടരുമെന്ന് ട്രംപ് അറിയിച്ചു.
സന്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ഇന്നലെ ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇറാന്റെ ആണവപദ്ധതിയാണ് യുഎസ്-ഇറാൻ സമാധാന ചർച്ചയിലെ ഏറ്റവും വലിയ പ്രതിസന്ധി.
ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാന കപ്പൽപ്പാതയാണ്. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്നത് ഇതിലൂടെയായിരുന്നു.
പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസീം മുനിർ വ്യാഴാഴ്ച ഉന്നത ഇറേനിയൻ നേതാക്കളുമായി ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റവലൂഷണറി ഗാർഡ് ആസ്ഥാനവും മുനീർ സന്ദർശിച്ചു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്നതു പാക്കിസ്ഥാനാണ്. യുഎസ്-ഇറാൻ രണ്ടാംവട്ട സമാധാന ചർച്ച അടുത്ത ദിവസം പാക്കിസ്ഥാനിൽ നടക്കും.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ആഗോള ഊർജ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു.
അതേസമയം, ഗ്യാസ് കയറ്റിവന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായും ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു സുരക്ഷാഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് അടുത്ത ആഴ്ചയോടെ അന്തിമരൂപമായേക്കും.
ഹോർമുസ് കടലിടുക്കിനു മേലുള്ള തങ്ങളുടെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കണമെന്നതു യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിൽ ഒന്നാണ്. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കുമെന്ന് യുഎൻ മുന്നറിയിപ്പു നൽകിയിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ എൽപിജി ടാങ്കറുകളാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകൾ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്.
ഷിപ് ട്രാക്കിംഗ് ഡാറ്റകൾ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതുമുതൽ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയിൽ നടന്നത്.
National
ന്യൂഡൽഹി: ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ ഇന്ധനവുമായുള്ള മൂന്നെണ്ണമുൾപ്പെടെ 22 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് പേർഷ്യൻ ഗൾഫിൽ തുടരുന്നതായി ഷിപ്പിംഗ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ.
1.67 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ, 3.2 ദശലക്ഷം ടൺ എൽപിജി, രണ്ടു ദശലക്ഷം ടൺ എൽഎൻജി എന്നിവയാണു മൂന്ന് കപ്പലുകളിലായുള്ളത്. അവശേഷിച്ചവ കണ്ടെയ്നർ കാരിയർ ഉൾപ്പെടെയുള്ളവയാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങുന്നതിനുമുന്പ് 28 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ കാത്തുകിടക്കുന്നുണ്ടായിരുന്നു. ഇതിൽ 24 എണ്ണം പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കുഭാഗത്തുമായിരുന്നു. കഴിഞ്ഞയാഴ്ച ഇരുഭാഗത്തും ഓരോ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു. അവശേഷിക്കുന്ന കപ്പലുകളിലെ 611 ജീവനക്കാരും സുരക്ഷിതരാണ്.
ആറ് എൽപിജി ടാങ്കറുകളും ഒരു എൽഎൻജി ടാങ്കറും നാല് ക്രൂഡ് ഓയിൽ ടാങ്കറും കുടുങ്ങിക്കിടക്കുന്നവയിൽ ഉണ്ട്. രാസവസ്തുക്കൾ കയറ്റുന്ന കപ്പൽ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ എന്നിവയും കടലിൽ തുടരുകയാണ്. ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും രാജേഷ് കുമാർ സിൻഹ പറഞ്ഞു.
International
കറാച്ചി: ഹോർമുസ് കടലിടുക്ക് കടക്കാൻ പാക്കിസ്ഥാന്റെ എണ്ണടാങ്കറിന് അനുമതി നല്കി ഇറാൻ.എംടി കറാച്ചി എന്നു പേരുള്ള കപ്പലിൽ 1,09,990 ടൺ ക്രൂഡ് ഓയിലുണ്ട്.
കപ്പൽ ഇന്ന് കറാച്ചിയിലെത്തുമെന്ന് പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപറേഷൻ (പിഎൻഎസ്സി) വക്താവ് ഫാറൂഖ് നിസാമി അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ എൽപിജി ക്ഷാമത്തിനു പരിഹാരമാകുന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ശിവാലിക് ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ യാത്ര തുടരുന്നത്.
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി ചർച്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും എൽപിജി ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു കപ്പൽ കൂടി എൽപിജിയുമായി യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് കപ്പലുകളെ പുറത്തെത്തിക്കുന്നത്.
അതിനിടെ പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകളുണ്ട്. ഇതിൽ 700ൽ അധികം നാവികരുണ്ടെന്നും കേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവാദം നൽകിയെന്ന വാർത്ത സ്ഥിരീകരിക്കുകയോ തള്ളാതെയോ വിദേശകാര്യ മന്ത്രാലയം.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ സഹമന്ത്രിയും സമീപദിവസങ്ങളിൽ മൂന്നു തവണ സംസാരിച്ചു. കപ്പലുകളുടെ സുരക്ഷയും ഇന്ത്യയുടെ ഊർജസുരക്ഷയും അവർ ചർച്ച ചെയ്തു. ഇതിൽ കൂടുതൽ എന്തെങ്കിലും ഇപ്പോൾ പറയുന്നില്ലെന്നും വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു.
നയതന്ത്ര ചർച്ചകളെത്തുടർന്ന് ഇന്ത്യൻ പതാക വഹിക്കുന്ന എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു രണ്ധീർ ജയ്സ്വാൾ.
International
ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യയിൽ സൈനികവിന്യാസം ശക്തിപ്പെടുത്തുന്നതിനിടെ സുപ്രധാന എണ്ണക്കടത്തുപാതയിലെ ഹോർമുസ് കടലിടുക്കിൽ നാവികാഭ്യാസവുമായി ഇറാൻ. വിപ്ലവഗാർഡിന്റെ നാവിക വിഭാഗം ഇന്നും നാളെയുമായി അഭ്യാസം നടത്തുമെന്നാണ് അറിയിപ്പ്.
ഇതിനെതിരേ അമേരിക്കൻ സേന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാന്റെ നാവികാഭ്യാസം സുരക്ഷിതമായി, പ്രഫഷണൽ രീതിയിൽ, അനാവശ്യ റിസ്കുകൾ ഒഴിവാക്കിയായിരിക്കണമെന്ന് അമേരിക്കൻ സേന പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു മുകളിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും ആയുധാഭ്യാസം നടത്തുന്നതും യുദ്ധക്കപ്പലുകൾക്കു നേർക്ക് ബോട്ടുകൾ പായിക്കുന്നതും സഹിക്കില്ലെന്ന് സേന മുന്നറിയിപ്പു നല്കി.
ഇതിനിടെ, അമേരിക്കയും പശ്ചിമേഷ്യയിൽ വ്യോമാഭ്യാസം നടത്തുന്നുണ്ട്. യുദ്ധവിമാനങ്ങൾ ത്വരിതഗതിയിൽ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശീലിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കയുടെ അടുത്ത ആക്രമണം കൂടുതൽ മാരകമായിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് ഹോർമുസിൽ നാവികാഭ്യാസം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.
ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ പുറംലോകത്തെത്തുന്നത് ഹോർമുസിലൂടെയാണ്. ചൈന, റഷ്യ രാജ്യങ്ങളുമായി ചേർന്ന് ഇറാൻ വരും ദിവസങ്ങൾ കൂടുതൽ സൈനികാഭ്യാസങ്ങൾ നടത്തുമെന്നും സൂചനയുണ്ട്.
ലാറിജാനി റഷ്യയിൽ
മോസ്കോ: ഇറേനിയൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യുടെ വിശ്വസ്തനുമായ അലി ലാറിജാനി റഷ്യയിലെത്തി പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി.
ഉഭയകക്ഷി ബന്ധത്തിനു പുറമേ പ്രധാനപ്പെട്ട പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലീലി അറിയിച്ചു.