ടെഹ്റാൻ/വാഷിംഗ്ടൺ ഡിസി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകൾക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.
ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തൽ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തേ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില 90 ഡോളറിൽ താഴെയായി.
വ്യാഴാഴ്ചയാണ് ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തലുണ്ടായത്.
ഹോർമുസ് തുറന്ന ഇറാന്റെ തീരുമാനത്തെ ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ സ്വാഗതം ചെയ്തു. ഇറാന് ട്രംപ് നന്ദി അറിയിച്ചു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി ഇറാൻ കരാറിലെത്തുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം പൂർണശക്തിയിൽ തുടരുമെന്ന് ട്രംപ് അറിയിച്ചു.
സന്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ഇന്നലെ ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇറാന്റെ ആണവപദ്ധതിയാണ് യുഎസ്-ഇറാൻ സമാധാന ചർച്ചയിലെ ഏറ്റവും വലിയ പ്രതിസന്ധി.
ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാന കപ്പൽപ്പാതയാണ്. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്നത് ഇതിലൂടെയായിരുന്നു.
പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസീം മുനിർ വ്യാഴാഴ്ച ഉന്നത ഇറേനിയൻ നേതാക്കളുമായി ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റവലൂഷണറി ഗാർഡ് ആസ്ഥാനവും മുനീർ സന്ദർശിച്ചു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്നതു പാക്കിസ്ഥാനാണ്. യുഎസ്-ഇറാൻ രണ്ടാംവട്ട സമാധാന ചർച്ച അടുത്ത ദിവസം പാക്കിസ്ഥാനിൽ നടക്കും.
Tags : Iran opens Hormuz Trump welcomes