Kerala
വൈറ്റില: നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി നാട്ടുകാർ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ഇടയ്ക്കിടെയുള്ള വൈദ്യുദി മുടക്കംമൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടിച്ച് കെഎസ്ഇബി ഓഫീസിലേക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാരെത്തിയതോടെ രംഗം വഷളായി.
തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. നാട്ടുകാർക്കൊപ്പം കൗൺസിലർ അനു തങ്കച്ചനുമുണ്ടായിരുന്നു. പോലീസും ജീവനക്കാരും അറിയിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് എൻജീനയർ സ്ഥലത്തെത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മറ്റു ഫീഡറുകളിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്. എന്നാൽ ലോഡു താങ്ങാൻ പറ്റാതെ വരുമ്പോഴാണ് വിതരണം തടസപ്പെടുന്നത്.
44, 48 ഡിവിഷനുകളിലാണ് ഈ പ്രതിസന്ധി. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജോലികൾ അടത്ത തിങ്കളാഴ്ചയോടെയേ പൂർത്തിയാകൂ. ആവശ്യമുള്ളിടത്ത് വേണ്ടത്ര വൈദ്യുതി ലഭിക്കാനുള്ള ബദൽ മാർഗമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. രാത്രി പന്ത്രണ്ടരയോടെ ഗിരിനഗർ തുടങ്ങി മറ്റു ഫീഡറുകളിൽനിന്നു വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.
District News
ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ വെള്ളപ്പൊക്കം വേഗത്തിൽ ബാധിക്കുന്ന പൊടിക്കളം, കൂട്ടുമുഖം, മടമ്പം മേഖലകളിൽ വെള്ളം കയറിയാൽ സംഭവിക്കുന്ന വൈദ്യുതി മുടക്കവും അപകട ഭീഷണിയും പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.
നിലവിൽ വെള്ളം കയറിയാൽ രണ്ട്, മൂന്ന് ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുമ്പോൾ വൈദ്യുതി ലൈൻ പലയിടങ്ങളിലും വെള്ളത്തിൽ മുട്ടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോൾ വലിയ അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിലവിലുള്ള സാധാരണ കമ്പി ലൈനുകൾ മാറ്റി എബിസി കേബിൾ സ്ഥാപിച്ചാൽ വൈദ്യുതി മുടക്കത്തിനും അപകട ഭീഷണിക്കും പരിഹാരമാകുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുള്ളതായും വിജിൻ മോഹനൻ പറഞ്ഞു.
District News
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കവും കടുത്ത വോള്ട്ടേജ് ക്ഷാമവും പതിവാകുന്നു. രാത്രികാലങ്ങളില് യാതൊരു സമയക്രമവുമില്ലാതെ നിരന്തരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്.
വൈദ്യുതി മുടങ്ങുമ്പോള് വിവരങ്ങള് അറിയുന്നതിനായി കരുനാഗപ്പള്ളി വൈദ്യുതി ഭവന് ഓഫീസിലേക്ക് വിളിച്ചാല് ഫോണ് എടുക്കാന് ജീവനക്കാര് തയാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി.
മണിക്കൂറുകള്ക്ക് ശേഷം വൈദ്യുതി തിരിച്ചെത്തിയാലും രൂക്ഷമായ വോള്ട്ടേജ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. രാത്രി ഏഴു മുതല് 11വരെ വോള്ട്ടേജ് തികച്ചും കുറഞ്ഞ നിലയിലായിരിക്കും. ലൈറ്റുകള് തെളിഞ്ഞാലും തൊട്ടടുത്തിരിക്കുന്ന വസ്തുക്കള് പോലും വ്യക്തമായി കാണാന് കഴിയാത്ത അവസ്ഥയാണുള്ളത്.
തുടര്ച്ചയായുണ്ടാകുന്ന കറന്റ് കട്ടും വോള്ട്ടേജിലെ വലിയ വ്യതിയാനങ്ങളും മൂലം വീടുകളിലെ ഫ്രിഡ്ജ്, ടി.വി ഉള്പ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള് കേടാകുന്നത് പതിവായിരിക്കുകയാണ്. വിഷയത്തില് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.
District News
കോന്നി: കോന്നിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്ന വൈദ്യുതിമുടക്കത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം. പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ അവതരിപ്പിച്ച പ്രമേയം ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന പാസാക്കി.
കോന്നിയിലും പരിസരപഞ്ചായത്തുകളിലും നിരന്തരം വൈദ്യുതി മുടങ്ങുന്നത് കോന്നി 33 കെവി വൈദ്യുത നിലയത്തിന്റെ ശേഷിക്കുറവു മൂലമാണെന്നും നിലയത്തിന്റെ ശേഷി 110 കെവിയാക്കി വർധിപ്പിച്ച് പ്രസരണം കാര്യക്ഷമമാക്കണമെന്നുമാണ് പ്രമേയത്തിൽ പറയുന്നത്.
കോന്നി മെഡിക്കൽ കോളജിന്റെയും മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം വൈദ്യുതി മുടക്കം കാരണം തടസപ്പെടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി മുടക്കം കാരണം ബുദ്ധിമുട്ടുകയാണ്. വോൾട്ടേജ് വ്യതിയാനം കാരണം ഗൃഹോപകരണങ്ങൾ തകരാറിലാകുന്നതും പതിവാണെന്ന് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.
District News
മാവേലിക്കര: വൈദ്യുതിബന്ധം നിലച്ചതിനെത്തുടര്ന്ന് മാവേലിക്കര റെയില്വേ സ്റ്റേഷനിലെ ലിഫ്റ്റില് യാത്രികര് കുടുങ്ങി. യാത്രികര് പരിഭ്രാന്തരായി അലാറം മുഴക്കുകയും അത്യാഹിത നമ്പറില് ബന്ധപ്പെടുകയും ചെയ്തതിനെതുടര്ന്ന് കീ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് യാത്രികരെ രക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.20 ഓടെയാണ് സംഭവം ഉണ്ടായത്.
രണ്ടാം പ്ലാറ്റ്ഫോമില്നിന്ന് ലിഫ്റ്റില് കയറിയ അഞ്ചു യാത്രികരാണ് കുടുങ്ങിയത്. വെദ്യുതി നിലച്ചാലും ബാറ്ററി സംവിധാനം ഉപയോഗിച്ചു ലിഫ്റ്റ് മുകളിലേക്കോ താഴേക്കോ എത്തി ഓട്ടോമാറ്റിക് ആയി വാതില് തുറക്കുന്ന സംവിധാനമാണു മാവേലിക്കരയില് ക്രമീകരിച്ചിരുന്നത്. എന്നാല്, വൈദ്യുതി നിലച്ചപ്പോള് ഇന്നലെ ഈ സുരക്ഷ സംവിധാനവും പണി മുടക്കുകയായിരുന്നു.
വൈദ്യുതി വിതരണം തടസപ്പെട്ടാലും ലിഫ്റ്റ് പ്രവര്ത്തനം നിലയ്ക്കാതിരിക്കാന് ശേഷിയുള്ള ജനറേറ്റര് ഇല്ലാതിരുന്നതാണ് പ്രശ്നത്തിനു കാരണമായതെന്നും ഉടന് ജനറേറ്റര് സ്ഥാപിക്കണമെന്നുമാണ് യാത്രികരുടെ ആവശ്യം. എന്നാല്, സെന്സറിനുണ്ടായ തകരാറാണ് ലിഫ്റ്റ് നിലയ്ക്കാന് കാരണമെന്നും ആക്ഷേപമുണ്ട്. നിലവില് രണ്ടാം പ്ലാറ്റ് ഫോമിലെ ലിഫ്റ്റിന്റെ പ്രവര്ത്തനം നിലച്ചിരിക്കുകയാണ്.
Kerala
കങ്ങഴ: ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങിയെന്നാരോപിച്ചു കെഎസ്ഇബി ഉദ്യോഗസ്ഥനെ ആക്രമിച്ചു. സംഭവത്തിൽ ദേവഗിരി കല്ലൂർത്താഴ്ചയിൽ റോൾഫി വർഗീസ് (27) അറസ്റ്റിലായി. കോടതി റിമാൻഡ് ചെയ്തു. കെഎസ്ഇബി പത്തനാട് സെക്ഷനിലെ ഓവർസീയർ എം.കെ. മനോജ് കുമാറിനാണ് മർദനമേറ്റത്.
മൂലേപ്പീടിക ഭാഗത്തു വൈദ്യുതി മുടങ്ങിയതോടെ യുവാവ് കെഎസ്ഇബി ഓഫിസിലെത്തി വിവരം തിരക്കി. പിന്നീട്, മരം വീണു തകരാറുണ്ടായ ഭാഗത്തേക്ക് പോയ ഇയാൾ അവിടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ഓവർസീയറെയും തൊഴിലാളിയെയും അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ട്രാസ്ഫോർമർ പൊട്ടിത്തെറിച്ച് വൈദ്യുതി തടസം നേരിട്ടു. വൈദ്യുതി മുടങ്ങിയത് റാപ്പിഡ് മെട്രോ സർവീസുകളെ ഒരു മണിക്കൂറോളം ബാധിച്ചു. നിരവധി യാത്രക്കാരാണ് മെട്രോയ്ക്കുള്ളിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ ഓയിൽ ചോർച്ചയാണ് ട്രാൻസ്ഫോർമർ സർക്യൂട്ടിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമെന്ന് അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് വൈദ്യുതി ബന്ധം പൂർണമായും നിലക്കുകയായിരുന്നു.
അമിതമായ ചൂട് കാരണമാണ് അപകടമുണ്ടായത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെട്രോ പാതിവഴിയിൽ നിർത്തിയതോടെ യാത്രക്കാർ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു. ഗുരുഗ്രാമിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്ന് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്.
District News
മലപ്പുറം: കടുത്ത വേനൽച്ചൂടിൽ രാത്രികാലങ്ങൾ കഴിച്ചുകൂട്ടുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി വൈദ്യുതി മുടക്കം തുടരുന്ന കെഎസ്ഇബിയുടെ ഫ്യൂസ് ഉൗരി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.
മലപ്പുറം ഈസ്റ്റ് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഉൗരിമാറ്റിയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതീകാത്മക പ്രതിഷേധം.
മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കനത്ത ചൂടിൽ വൈദ്യുതി ഇല്ലാതെ ജനങ്ങൾ വെന്തുരുകുന്ന അവസ്ഥ അധികൃതർ അനുഭവിച്ച് അറിയാനാണ് ഫ്യൂസ് ഉൗരി പ്രതിഷേധിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിന്റെ കാലാവസ്ഥയ്ക്കും വൈദ്യുതി ലഭ്യതയ്ക്കും അനുസൃതമായി ഉണർന്ന് പ്രവർത്തിക്കേണ്ടിയിരുന്ന കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്കിടയാക്കിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.സമരത്തെത്തുടർന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തി.
എന്നാൽ വൈദ്യുത പ്രതിസന്ധിയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരമറിഞ്ഞ് മലപ്പുറം പോലീസ് സ്ഥലത്തെത്തിയിരുന്നു. സമരത്തിന് ശേഷം ഫ്യൂസ് പുനഃസ്ഥാപിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷാഫി കാടേങ്ങൽ, ജനറൽ സെക്രട്ടറി ഉമ്മർ കുട്ടി മൊറയൂർ, ട്രഷറർ സഹൽ വടക്കുംമുറി, ഭാരവാഹികളായ സദാദ് കാന്പ്ര, അഫീഫ് പറവത്ത്, സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ, പി.കെ. ഫാസിൽ കരീം, നബീൽ അരിന്പ്ര, ആനക്കയം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.വി.എം. മൻസൂർ, മൊറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഹുൽഹമീദ് മൊറയൂർ, എംഎസ്എഫ് മണ്ഡലം സെക്രട്ടറി സി.കെ. ബുഷൈർ എന്നിവർ നേതൃത്വം നൽകി.
District News
ഫോർട്ടുകൊച്ചി : കടുത്ത ചൂടും കൊതുകുശല്യവും മൂലം ദുരിതത്തിലായ പള്ളുരുത്തി പെരുമ്പടപ്പ് നിവാസികൾക്ക് ഇടിത്തീയായി വൈദ്യുതി ഇല്ലാത്ത രാത്രി. തിങ്കളാഴ്ച രാത്രി 11 ഓടെ ആദ്യം കറണ്ടു പോയി പിന്നീട് പുലർച്ചെ 2.30 വരെ അഞ്ച് മിനിറ്റ് ഇടവേളയിൽ കറണ്ട് വന്നും പോയി നിന്നു.
കുട്ടികളും പ്രായമായവരും രോഗികളായവരും ഉൾപ്പെടെയുള്ള നാട്ടുകാർ കടുത്ത ചൂടിൽ ഉരുകിയൊലിച്ചു. കിടപ്പു രോഗികൾ പലരും അവശതയിലായി. കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ളവരുമായി പൊതു റോഡിലും വീടിന്റെ
ടെറസിലും നാട്ടുകാർ അഭയം തേടി. കടുത്ത ചൂടിനൊപ്പം കൊതുകശല്യം കൂടിയായപ്പോൾ പെരുമ്പടപ്പു നിവാസികൾക്ക് അക്ഷരാർഥത്തിൽ ഒരു രാത്രി മുഴുവൻ ദുരിതരാത്രിയായി മാറി.
ഇന്നലെ പുലർച്ചെ തുടങ്ങിയ അറ്റകുറ്റപണികളുടെ പേരിൽ രാത്രി ഏഴ് വരെ കറണ്ടില്ലാതെ ജനം വലഞ്ഞു.
ടാങ്കിൽ കുടിവെള്ളം നിറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയതുംജനത്തെ വലച്ചു വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിനു പിന്നാലെ നിരന്തരമായുള്ള കറണ്ടുപോക്ക് വലിയ ദുരിതമായി മാറുകയായിരുന്നു.പെരുമ്പടപ്പ്, കോണം, ചേമ്പുംകണ്ടം ,ശ്രീനാരായണ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജനം ദുരിതത്തിലായത്.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി തടസ്സം യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. തുടർച്ചയായ നാലാം ദിവസവും പൂർണ്ണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് വിമാന സർവീസുകളെയും ടെർമിനലിലെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ നിലയ്ക്കുകയും ചൂട് കാരണം യാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വലയുകയും ചെയ്തു. വിമാനത്താവളത്തിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെട്ടത് വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൽക്കാലികമായി ജനറേറ്ററുകൾ ഉപയോഗിച്ച് ഭാഗികമായി വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എന്നിരുന്നാലും, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം