പ്രതീകാത്മക ചിത്രം
തൊടുപുഴ: അപ്രഖ്യാപിത പവര് കട്ടില് പൊറുതിമുട്ടി ജനങ്ങള്. കടുത്ത ചൂടില് ജനങ്ങള് വലയുന്നതിനിടെയാണ് വൈദ്യുതി അടിക്കടി മുടങ്ങുന്നത്. രാപകല് വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതുമൂലം ജനങ്ങള് വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഇതിനു പുറമെ വ്യാപാര മേഖലയും ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്. മുന്നറിയിപ്പില്ലാതെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കുന്നത്. കുട്ടികള്ക്ക് പരീക്ഷകള് നടക്കുന്നതിനിടെയാണ് വൈദ്യുതി ബോര്ഡിന്റെ ജനദ്രോഹ നടപടി തുടരുന്നത്.
രാത്രിയും പകലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫാനോ എസിയോ ഇല്ലാതെ വീടുകളിലോ ഓഫിസുകളിലോ കഴിയാന് പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെയാണ് പതിവായി വൈദ്യുതി മുടങ്ങുന്നത്. വീടുകളില് വെള്ളം പമ്പു ചെയ്യുന്ന മോട്ടോര് പ്രവര്ത്തിപ്പിക്കാനാകാതെയും ജനങ്ങള് വലയുന്നു. വൈദ്യുതി മുടങ്ങുന്നതു സംബന്ധിച്ച് സര്ക്കാര് പലവിധ വിശദീകരണം നല്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വ്യാപാര മേഖലയും പ്രതിസന്ധിയില്
ഒട്ടേറെ സ്ഥാപനങ്ങളാണു വൈദ്യുതി മുടക്കംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്ന കംപ്യൂട്ടര് സ്ഥാപനങ്ങള്, അക്ഷയ കേന്ദ്രങ്ങള്, പ്രിന്റിംഗ് പ്രസുകള്, സ്റ്റുഡിയോ, കോള്ഡ് സ്റ്റോറേജുകള്, ഐസ്ക്രീം, ജൂസ് പാര്ലറുകള്, ഹോട്ടലുകള്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. ഇതിനു പുറമേ ബാങ്കുകള്, സര്ക്കാര് സ്ഥാപനങ്ങള്, വിവിധ ഓഫീസുകള്, മാധ്യമങ്ങള് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്ത്തനത്തെ വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടല് ഭീഷണിയിലാണ്.
വൈദ്യുതി മുടക്കത്തിനു പുറമേ വോള്ട്ടേജ് വ്യതിയാനവും ഉപയോക്താക്കളെ വലയ്ക്കുന്നുണ്ട്. രാത്രിയില് പതിവായി വോള്ട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതിനാല് ഇലക്ട്രോണിക്സ് ഉപകരണങ്ങള് പ്രവര്ത്തിപ്പിക്കാന് കഴിയാത്ത അവസ്ഥയാണെും ജനങ്ങള് പറയുന്നു. പല സ്ഥാപനങ്ങളിലും വീടുകളിലും ഉപകരണങ്ങള് തകാറിലാകുന്നതായും പരാതിയുണ്ട്.
വ്യാപാര സ്ഥാപനങ്ങള് അടച്ചുപൂട്ടലിന്റെ വക്കില്
തുടര്ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും വൈദ്യുതി നിയന്ത്രണവും ഹോട്ടല്, റെസ്റ്ററന്റ്, ബേക്കറി തുടങ്ങിയ ചെറുകിട വ്യാപാര മേഖലയെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മത്സ്യം, മാംസം, ഐസ്ക്രീം, പാല്, പാല് ഉത്പന്നങ്ങള് തുടങ്ങിയവ നശിച്ചു പോകുന്നതുമൂലം വലിയ സാമ്പത്തിക നഷ്ടം വ്യാപാരികള്ക്ക് ഉണ്ടാകുന്നു. വലിയ സ്ഥാപനങ്ങളില് ജനറേറ്ററുകള് ഉണ്ടെങ്കിലും ഭീമമായ ഇന്ധനവില കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. വൈദ്യുതിക്ഷാമം രൂക്ഷമായതുകാരണം എസി, ഫാന് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള് പ്രവര്ത്തിപ്പിക്കാന് സാധിക്കാത്തതുമൂലം ഉപഭോക്താക്കളുടെ കുറവും സ്ഥാപനങ്ങളില് ഉണ്ടാകുന്നുണ്ട്. ഇതുമൂലം പല സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
ജയന് ജോസഫ്. കേരള ഹോട്ടല് ആന്ഡ് റെസ്റ്ററന്റ്
അസോ. ജില്ലാ പ്രസിഡന്റ്
ചെറുകിട വ്യവസായം വന് പ്രതിസന്ധിയില്
നിരന്തരമായ പ്രഖ്യാപിതവും അപ്രഖ്യാപിതമായ വൈദ്യുതി മുടക്കം ചെറുകിട വ്യവസായങ്ങളെ തകര്ച്ചയിലേക്ക് തള്ളിവിടുന്നു. സമയനഷ്ടത്തിനു പുറമേ ഓര്ഡര് അനുസരിച്ച് സാധനങ്ങള് കൊടുക്കാന് കഴിയാതെവരികയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന വോള്ട്ടേജ് വ്യതിയാനം മൂലംപല ഉപകരണങ്ങളും തകരാറിലാവുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളിലും മുംബൈ പോലുള്ള ടൗണുകളിലും വോള്ട്ടേജ് വ്യതിയാനങ്ങള് വരാറില്ല. ചെറുകിട വ്യവസായങ്ങള് പലതും കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്ത്തിക്കുന്നത്.
സബ്സിഡി നിരക്കില് വാങ്ങാന് ചെറുകിട വ്യവസായങ്ങളെ സര്ക്കാര് സഹായിക്കണം. കേരളത്തില് വ്യാപാകമായി സോളാര് പ്ലാന്റുകള് സ്ഥാപിക്കുകയും കടല്ത്തീരത്തെ തിരമാലകളില്നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന് സര്ക്കാര്തലത്തിലോ സ്വകാര്യ മേഖലയിലോ അനുവാദം നല്കി വൈദ്യുതിക്ഷാമം പരിഹരിക്കണം.
ടോം ചെറിയാന്, പ്രിന്റേഴ്സ് അസോ. ജില്ലാ പ്രസിഡന്റ്
ഫോട്ടോഗ്രാഫി മേഖലയ്ക്ക് തിരിച്ചടി
തുടര്ച്ചയായ വൈദ്യുതി തടസവും വോള്ട്ടേജ് വ്യതിയാനവും ഫോട്ടോഗ്രഫി മേഖലയെയും സ്റ്റുഡിയോകളെയും ഗുരുതരമായി ബാധിക്കുന്നു. സ്റ്റുഡിയോകളിലെ ലൈറ്റിംഗ് സംവിധാനം പൂര്ണമായും വൈദ്യുതിയെ ആശ്രയിച്ചാണ്. ഷൂട്ടിംഗിനിടെ വൈദ്യുതി പോകുന്നതു ഫോട്ടോഷൂട്ട് മുടങ്ങാനും, ഉപയോക്താക്കള്ക്ക് കൃത്യസമയത്ത് ഫോട്ടോ നല്കാന് കഴിയാതെ വരുന്നതിനും കാരണമാകുന്നു.
ലക്ഷങ്ങള് വിലമതിക്കുന്ന ഫ്ളാഷ് ലൈറ്റുകള്, കംപ്യൂട്ടറുകള്, പ്രിന്ററുകള്, എഡിറ്റിംഗ് മോണിറ്ററുകള് എന്നിവ വോള്ട്ടേജ് ഏറ്റക്കുറച്ചില്മൂലം തകരാറിലാകുന്നു. എഡിറ്റിംഗിനിടെ വൈദ്യുതി പോകുന്നതുമൂലം ചെയ്ത ജോലികള് നഷ്ടപ്പെടാനും കാരണമാകും.
വൈദ്യുതിയില്ലാത്ത സമയത്ത് പ്രവര്ത്തിക്കാന് ഇന്വെര്ട്ടര്, ജനറേറ്റര് എന്നിവയെ ആശ്രയിക്കേണ്ടിവരുന്നതിനാല് ഇതിന്റെ ഇന്ധനച്ചെലവ് ചെറുകിട സ്റ്റുഡിയോ ഉടമകള്ക്കു താങ്ങാവുന്നതല്ല. ഉപയോക്താക്കളും ഇതിന്റെ പേരില് ബുദ്ധിമുട്ടുന്നുണ്ട്.
ജോസ് ആലപ്പാട്ട് എവര്ഷൈന് - പ്രസിഡന്റ് എകെപിഎ തൊടുപുഴ യൂണിറ്റ്