മലപ്പുറം: കടുത്ത വേനൽച്ചൂടിൽ രാത്രികാലങ്ങൾ കഴിച്ചുകൂട്ടുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി വൈദ്യുതി മുടക്കം തുടരുന്ന കെഎസ്ഇബിയുടെ ഫ്യൂസ് ഉൗരി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.
മലപ്പുറം ഈസ്റ്റ് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഉൗരിമാറ്റിയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതീകാത്മക പ്രതിഷേധം.
മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കനത്ത ചൂടിൽ വൈദ്യുതി ഇല്ലാതെ ജനങ്ങൾ വെന്തുരുകുന്ന അവസ്ഥ അധികൃതർ അനുഭവിച്ച് അറിയാനാണ് ഫ്യൂസ് ഉൗരി പ്രതിഷേധിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിന്റെ കാലാവസ്ഥയ്ക്കും വൈദ്യുതി ലഭ്യതയ്ക്കും അനുസൃതമായി ഉണർന്ന് പ്രവർത്തിക്കേണ്ടിയിരുന്ന കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്കിടയാക്കിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.സമരത്തെത്തുടർന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തി.
എന്നാൽ വൈദ്യുത പ്രതിസന്ധിയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരമറിഞ്ഞ് മലപ്പുറം പോലീസ് സ്ഥലത്തെത്തിയിരുന്നു. സമരത്തിന് ശേഷം ഫ്യൂസ് പുനഃസ്ഥാപിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷാഫി കാടേങ്ങൽ, ജനറൽ സെക്രട്ടറി ഉമ്മർ കുട്ടി മൊറയൂർ, ട്രഷറർ സഹൽ വടക്കുംമുറി, ഭാരവാഹികളായ സദാദ് കാന്പ്ര, അഫീഫ് പറവത്ത്, സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ, പി.കെ. ഫാസിൽ കരീം, നബീൽ അരിന്പ്ര, ആനക്കയം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.വി.എം. മൻസൂർ, മൊറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഹുൽഹമീദ് മൊറയൂർ, എംഎസ്എഫ് മണ്ഡലം സെക്രട്ടറി സി.കെ. ബുഷൈർ എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Nighttime power outage