National
കോൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മമത തെരഞ്ഞെടുപ്പ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുടെ ആവശ്യം. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു മമത തെരഞ്ഞെടുപ്പ് ആവശ്യങ്ങളുമായി രംഗത്തെത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ബിജെപി താത്പര്യത്തിനായി പ്രവർത്തിച്ചെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും മമത ആവശ്യപ്പെട്ടു.
ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ തന്നെ യോഗം ചേരുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Viral
പടിഞ്ഞാറൻ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള തീസ്ത നദിയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം പ്രകൃതി സാക്ഷ്യം വഹിച്ചത്.
ഗജോൽഡോബ മേഖലയിലൂടെ കാട്ടാനക്കൂട്ടം നദി മുറിച്ചുകടക്കുന്നതിനിടെ ശക്തമായ നീരൊഴുക്കിൽപ്പെട്ട് കൂട്ടത്തിൽ നിന്ന് വേർപെട്ടുപോയ ഏതാനും ദിവസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി മരണമുഖത്തുനിന്നാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
നദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് കിലോമീറ്ററുകളോളം ഒഴുകിപ്പോയ കുഞ്ഞാന വെള്ളത്തിൽ മുങ്ങിപ്പൊങ്ങി ശ്വാസത്തിനായി പിടയുന്നത് മീൻപിടിച്ചുകൊണ്ടിരുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സാഹചര്യം മനസിലാക്കിയ മത്സ്യത്തൊഴിലാളികൾ ഒട്ടും സമയം പാഴാക്കാതെ തങ്ങളുടെ ബോട്ട് ആനക്കുട്ടി ഒഴുകിപ്പോയ ദിശയിലേക്ക് തിരിച്ചു. ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് ഏകദേശം മൂന്ന് കിലോമീറ്ററിലധികം ദൂരം ആനക്കുട്ടിയെ പിന്തുടർന്ന ഇവർ, ഒടുവിൽ ആനക്കുട്ടിയെ സാഹസികമായി വള്ളത്തിലേക്ക് വലിച്ചുകയറ്റി.
ഭയന്നും തണുത്തുവിറച്ചും വള്ളത്തിന്റെ തട്ടിൽ കിടന്ന ആനക്കുട്ടിയെ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച ഇവർ, അതിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കഠംബാരി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി ആനക്കുട്ടിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് ഗജോൽഡോബ വനമേഖലയിൽ ഇപ്പോഴും തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിനിടയിൽ നിന്ന് കുഞ്ഞാനയുടെ അമ്മയെ കണ്ടെത്താനായി വനപാലകരും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അമ്മയാനയെ കണ്ടെത്തുകയും, ആളുകളുടെ സാന്നിധ്യത്തിൽ തന്നെ അമ്മ തന്റെ കുഞ്ഞിനെ സ്നേഹത്തോടെ സ്വീകരിച്ച് പാൽ നൽകുകയും ചെയ്തു. തുടർന്ന് രണ്ടാനകളും ഒന്നിച്ചു കാടുകയറിയതോടെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശുഭപര്യവസാനമായത്.
National
കോല്ക്കത്ത: തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. പശ്ചിമബംഗാളിലെ നദിയയിൽ ടിഎംസി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവര്ത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
പ്രതിഷേധക്കാര് മഹുവ മൊയ്ത്രയ്ക്കെതിരായി മുദ്രാവാക്യങ്ങള് വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള് നേരിട്ടതുപോലെയാണ് താന് പ്രതിഷേധക്കാരെ നേരിട്ടതെന്ന് മഹുവ ഫേസ്ബുക്കിൽ കുറിച്ചു.
National
കോൽക്കത്ത: കോൽക്കത്തയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകളിലുള്ള റോഡുകൾ, പാലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റാനുള്ള നീക്കവുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ നിയോഗിച്ച ഉപദേശക സമിതി. ലെനിൻ സരണി, കാൾ മാർക്സ് സരണി, ഹോ ചി മിൻ സരണി എന്നീ പ്രധാന റോഡുകളുടെ പേരുകൾ മാറ്റുന്ന നിർദേശങ്ങളാണ് സമിതി പ്രധാനമായും പരിഗണിക്കുന്നത്.
ഭാരത് സേവാശ്രമം സംഘത്തിലെ സ്വാമി പ്രദീപ്താനന്ദ (കാർത്തിക് മഹാരാജ്) തലവനായ പത്തംഗ സമിതിയാണ് മാറ്റങ്ങൾ നിർദേശിക്കുന്നത്. ദുർഗാ പൂജയ്ക്ക് ശേഷമായിരിക്കും സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ചേരുക. കാൾ മാർക്സ് സരണിക്ക് ബംഗാളി കവികളായ മൈക്കിൾ മധുസൂദൻ ദത്ത് അല്ലെങ്കിൽ രംഗലാൽ ബന്ദ്യോപാധ്യായ എന്നിവരുടെ പേര് നൽകാൻ മുതിർന്ന ബിജെപി നേതാവ് തഥാഗത റോയ് നിർദേശിച്ചു.
ലെനിൻ സരണിക്ക് സ്വാതന്ത്ര്യസമര സേനാനിയും ഗണിതശാസ്ത്രജ്ഞനുമായ ദേബപ്രസാദ് ഘോഷിന്റെ പേരും ഹോ ചി മിൻ സരണിക്ക് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പേരുമാണ് പരിഗണനയിലുള്ളത്. എസ്പ്ലനേഡ് ജംഗ്ഷനിലുള്ള ലെനിന്റെ പ്രതിമ മാറ്റുന്ന കാര്യവും തോളീഗഞ്ച്-ഗരിയ മെട്രോ സ്റ്റേഷനുകൾക്ക് വ്യക്തികളുടെ പേരിന് പകരം സ്ഥലപ്പേരുകൾ നൽകുന്ന കാര്യവും സമിതി ആലോചിക്കുന്നുണ്ട്.
ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് തൃണമൂൽ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ലെനിൻ സരണി പോലെയുള്ള ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെ ശക്തമായി എതിർക്കുമെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി.
National
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുർഗാ പൂജ ആഘോഷങ്ങളിൽ വൻ മാറ്റങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. മുൻപ് തൃണമൂൽ സർക്കാർ നൽകിയിരുന്ന ഭീമമായ സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, പൂജയിലെ ഏറ്റവും പ്രധാനപ്പെട്ട അഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ (മദ്യനിരോധനം) പ്രഖ്യാപിക്കുകയും ചെയ്തു.
വൻകിട ബജറ്റിൽ പൂജ സംഘടിപ്പിക്കുന്ന കമ്മിറ്റികൾക്ക് ഇനിമുതൽ സർക്കാർ സാമ്പത്തിക സഹായം നൽകില്ല. മുൻ വർഷം തൃണമൂൽ സർക്കാർ ഓരോ ക്ലബ്ബിനും 1.10 ലക്ഷം രൂപ വീതം നൽകിയിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, സഹായമില്ലാതെ പൂജ നടത്താൻ കഴിയാത്ത കമ്മിറ്റികൾക്ക് പരിശോധനകൾക്ക് ശേഷം 1 ലക്ഷം രൂപ വീതം നൽകും.
അഷ്ടമി ദിനത്തിൽ മദ്യവിൽപ്പന പൂർണമായി നിരോധിച്ചു. പൂജയോടനുബന്ധിച്ചോ വിസർജന ചടങ്ങുകളിലോ ഡി.ജെ സംഗീതം അനുവദിക്കില്ല. ദേശീയപാതകളും കോൽക്കത്തയിലെ 14 പ്രധാന റോഡുകളും പൂജയ്ക്കായി തടസപ്പെടുത്താൻ പാടില്ല. പൂജ പന്തലുകൾക്ക് വൈദ്യുതി നിരക്ക് ഈടാക്കില്ല. ഫയർ ലൈസൻസും സൗജന്യമായി നൽകും.
National
കോൽക്കത്ത: ദുർഗാ പൂജ വേളയിൽ പൂജാ പന്തലുകൾക്ക് സമീപം മാംസാഹാരത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നും ബംഗാളികൾ നവരാത്രി വ്രതം നോൽക്കണമെന്നുമുള്ള ബാഗേശ്വർ ധാം അധിപൻ ധീരേന്ദ്ര ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) പ്രസ്താവന തള്ളി പശ്ചിമ ബംഗാൾ ബിജെപി. ബംഗാളികളുടെ ഭക്ഷണരീതിയിൽ ഇടപെടാൻ ശാസ്ത്രിക്ക് യാതൊരു അവകാശവുമില്ലെന്നും ദുർഗാ പൂജയുടെ കാലത്ത് ബംഗാളികൾ മത്സ്യവും മാംസവും കഴിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ വ്യക്തമാക്കി.
ഹൗറയിൽ നടന്ന ഒരു പ്രവചന പരിപാടിക്കിടെയാണ് പൂജാ വേളയിൽ മദ്യ-മാംസ വിൽപനശാലകൾ അടച്ചിടണമെന്നും ഈ സമയത്ത് നോൺ-വെജ് കഴിക്കുന്നവർ അശുദ്ധരാണെന്നും ധീരേന്ദ്ര ശാസ്ത്രി പ്രസ്താവിച്ചത്. ഇത് ബംഗാളികളുടെ പാരമ്പര്യത്തിനും ഭക്ഷണ സംസ്കാരത്തിനും എതിരെയുള്ള കടന്നുകയറ്റമാണെന്ന് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്. "ബാഗേശ്വർ ബാബ മറ്റൊരു ലോകത്ത് നിന്ന് വരുന്നയാളാണ്. ബംഗാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. സ്വാമി വിവേകാനന്ദൻ പോലും ബംഗാളികൾ മത്സ്യവും മാംസവും കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തോട് ബഹുമാനമുണ്ടെങ്കിലും ബംഗാളികൾ ഈ പ്രസ്താവന കാര്യമാക്കേണ്ടതില്ല," എന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു.
തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും പ്രസ്താവനയെ ശക്തമായി അപലപിച്ചു. പുറത്തുനിന്നുള്ള ആർക്കും ബംഗാളികളുടെ സ്വാതന്ത്ര്യത്തിന്മേൽ കൈവെക്കാൻ അവകാശമില്ലെന്ന് തൃണമൂൽ എം.പി സൗഗത റോയ് വ്യക്തമാക്കിയപ്പോൾ, ബിജെപിയുടെ ഒരു ബാബമാർക്കും ബംഗാളികളുടെ ഭക്ഷണക്രമം നിശ്ചയിക്കാനാകില്ലെന്ന് കോൺഗ്രസ് വക്താവ് സുമൻ റോയ് ചൗധരി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. അലിപുരിൽനിന്നുള്ള പ്രശൻജിത്ത് ദാസാണ് (27) ശ്രീകാര്യം പൊലിസിന്റെ പിടിയിലായത്. നിർമാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രശൻജിത്ത് കഴിഞ്ഞ 31ന് അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
അച്ഛൻ സഞ്ജയ് ദാസ് അമ്മയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് പ്രശൻജിത്ത് വിറക് കമ്പുകൊണ്ട് അച്ഛനെ തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഉഷാറാണിയും പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസ് കണ്ടെത്തൽ. സംഭവത്തിൽ ഉഷാറാണിയെ പശ്ചിമബംഗാൾ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ പ്രശൻജിത്ത് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പശ്ചിമബംഗാൾ പൊലിസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തെ ചക്കാലമുക്കിലുള്ള ലേബർ ക്യാന്പിൽ നിന്ന് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ അടുത്ത ദിവസം തന്നെ പശ്ചിമബംഗാൾ പൊലിസിന് കൈമാറും.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് നിഹാർ മുഖർജിയുടെ മകൾ ബ്രിസ്റ്റി മുഖർജി(28) ആണ് മരിച്ചത്.
ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രിസ്റ്റി മുഖർജി ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബോൽപുരിലെ യുപി സ്കൂളിൽ അനധ്യാപികയായിരുന്ന ബ്രിസ്റ്റി മുഖർജിക്ക് 2023 മാർച്ചിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
അനധികൃതമായി ജോലിയിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തലിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി ഉൾപ്പെടെ 26,000 അധ്യാപക - അനധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. നിയമനം റദ്ദാക്കിയ നടപടി കോൽക്കത്ത ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ബ്രിസ്റ്റി മുഖർജി മാനസികമായി തകർന്നിരുന്നതായി പറയപ്പെടുന്നു. അതേസമയം ബ്രിസ്റ്റി മുഖർജിയുടെ വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആരാധനാലയങ്ങളിൽനിന്ന് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തു. മസ്ജിദുകളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്.
5000ലധികം ഹിന്ദു-മുസ്ലീം ആരാധനാലയങ്ങളിൽനിന്നാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തിരിക്കുന്നത്. ശബ്ദമലനീകരണ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദിഷ്ട ശബ്ദപരിതി ലംഘിച്ചതിനെ തുടർന്നാണ് ഉച്ചഭാഷണികൾ അഴിച്ചുമാറ്റിയത്.
4203 മസ്ജിദുകളിൽനിന്നും 1096 ക്ഷേത്രങ്ങളിൽനിന്നുമാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്. ലൗഡ്സ്പീക്കർ നീക്കം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് പശ്ചിമബംഗാളിൽ അരങ്ങേറുന്നത്.
ലൗഡ്സ്പീക്കറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന യാതൊരു കോടതി ഉത്തരവോ സർക്കാർ വിജ്ഞാപനമോ നിലവിലില്ലെന്ന് കോൽക്കത്തയിലെ നഖോദ മോസ്കിലെ ഇമാം മൗലാന മുഹമ്മദ് ഷഫീഖ് ഖാസ്മി പറഞ്ഞു.
അത്തരം ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിൽ സർക്കാർ ഇമാമുമാരെയും മസ്ജിദ് കമ്മറ്റികളെയും അറിയിക്കേണ്ടതായിരുന്നുവെന്നും, എന്നാൽ മസ്ജിദ് അധികൃതരെ ഭീഷണിപ്പെടുത്തി ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യിക്കുകയാണ് ചെയ്തതെന്നും ഷഫീഖ് ഖാസ്മി കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി. വിമതരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും മമത ബാനർജി പറഞ്ഞു. കോൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ ബിജെപിക്കെതിരെ പോരാടാൻ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു.
പാർട്ടി സ്ഥാപകയായ താൻ ജീവിച്ചിരിക്കുമ്പോൾ ചിഹ്നം വിമതർക്ക് ലഭിക്കില്ല. ബംഗാളിലെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തും. തന്നെ തടയാൻ ആർക്കാണ് ശക്തിയുള്ളതെന്ന് കാണട്ടെയെന്നും മമത ബാനർജി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളിക്കു നേരേ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം.
കോൽക്കത്തയിൽനിന്നു 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ് ഗ്രാമിൽ പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴില് നിർമിക്കുന്ന പള്ളിക്കു നേരേ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. ഉച്ചകഴിഞ്ഞ് മൂന്നോടെ നൂറോളം വരുന്ന ‘ഹിന്ദു ജാഗരൺ മഞ്ച് ’ പ്രവർത്തകർ, നിർമാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്കു മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. കുരിശ് തകര്ത്തപ്പോള് താഴെ നിന്ന തീവ്ര ഹിന്ദുത്വവാദികള് കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രദേശത്തു പണം നൽകി മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെനിന്നാണു പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. സംഭവത്തില് സോനാർപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക
പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ക്രൈസ്തവ സമൂഹത്തിനും പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം വർധിച്ചതായാണു റിപ്പോർട്ട്.
കഴിഞ്ഞ നാലിന് പശ്ചിമ മേദിനിപുരിലെ പാൽബാരി പ്രദേശത്തു നടത്തിയ പ്രാർഥനാസമ്മേളനം തീവ്ര ഹിന്ദുത്വ സംഘടന തടസപ്പെടുത്തിയിരുന്നു. സ്ഥലത്തു പോലീസ് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും പകരം സഭയിലെ പാസ്റ്ററായ അനൂപ് ഘോഷിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റഡിയിലെടുക്കുകയാണു ചെയ്തതെന്നും സംഘടനകൾ ആരോപിച്ചു.
കഴിഞ്ഞ അഞ്ചിന് കത്വ സബ്ഡിവിഷനു കീഴിലുള്ള ഫരീദ്പുർ കോളനിയിലെ ഗ്രേസ് പള്ളിയിൽ ആരാധനയ്ക്കിടെ സായുധസംഘം ആക്രമണം നടത്തി. ആക്രമണത്തിന് ഒരു ദിവസം മുന്പ് പള്ളിയിലെത്തി രണ്ടു ലക്ഷം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
14ന് കോൽക്കത്തയിൽ പ്രതിഷേധപ്രകടനം
പള്ളികൾക്കും വിശ്വാസികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 14ന് തലസ്ഥാനമായ കോൽക്കത്തയിൽ പ്രകടനം നടത്താൻ ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Kerala
കോൽക്കത്ത: ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി.
അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിൽ സഭയിലെത്തിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗുജറാത്ത്, ആസാം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും യുസിസി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
കൂടാതെ ഈ ബില്ലിലൂടെ സംസ്ഥാനത്ത് ബഹുഭാര്യത്വവും മുത്തലാഖും പൂർണമായി നിരോധിക്കാനും ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്. എന്നാൽ ബില്ല് വ്യക്തിനിയമങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത്ത നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് വൻ വിജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്.
വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ 1,49,666 വോട്ടുകൾ നേടി. തൊട്ടടുത്ത എതിരാളിയായ സിപിഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമിക്ക് 40,645 വോട്ടുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസിന്റെ അബ്ദുൾ റസാഖ് മൊല്ല 10,084 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഏപ്രിൽ 29-നായിരുന്നു ഈ മണ്ഡലത്തിൽ ആദ്യം വോട്ടെടുപ്പ് നടന്നത്.
എന്നാൽ ഇവിഎം അട്ടിമറി ആരോപണങ്ങളെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് റദ്ദാക്കുകയും, മെയ് 21-ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുകയുമായിരുന്നു. കനത്ത സുരക്ഷയിലാണ് ഞായറാഴ്ച വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയായത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 600 ഏക്കർ ഭൂമി അതിർത്തി രക്ഷാസേനയ്ക്ക് കൈമാറും. 45 ദിവസത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് ബിഎസ്എഫിന് നൽകുന്ന പ്രക്രിയ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മുൻസർക്കാർ നടപ്പിലാക്കാതിരുന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരാനും തീരുമാനമായി. ഉദ്യോഗസ്ഥ ഭരണരംഗത്തും മാറ്റങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനത്തിന് പോകുന്നതിനായുള്ള അനുമതി പുനഃസ്ഥാപിച്ചു.
കൂടാതെ കഴിഞ്ഞവർഷങ്ങളിൽ നിയമനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി അഞ്ചുവർഷത്തെ പ്രായപരിധി ഇളവും പ്രഖ്യാപിച്ചു. മുൻസർക്കാർ തടഞ്ഞുവെച്ച സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓർഡർ പുറപ്പെടുവിച്ചു.
മുൻഭരണകാലത്ത് സെൻസസ് വൈകിപ്പിച്ചത് എന്തിനാണെന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദിപറഞ്ഞ സുവേന്ദു ബംഗാൾ ആദ്യമായി ഭയരഹിതമായ ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. കോൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്കു സമീപം ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചു.
National
കോല്ക്കത്ത: റീപോളിംഗിനിടെ സൗത്ത് 24 പര്ഗനാസില് തൃണമൂല് കോണ്ഗ്രസ് പ്രവർത്തകർ ബിജെപിക്കാരുമായി ഏറ്റുമുട്ടി. നാളെ നടക്കുന്ന വോട്ടെണ്ണലിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്ഥി വിജയിച്ചാല് വീടുകള് കത്തിക്കുമെന്ന് തൃണമൂല് നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം ബിജെപി പ്രവര്ത്തകരാണ് സംഘര്ഷത്തിനു തുടക്കമിട്ടെതന്ന് തൃണമൂല് നേതാക്കള് കുറ്റപ്പെടുത്തുന്നു.
National
ചെന്നൈ/കോൽക്കത്ത: തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ബംഗാളിൽ ഇതുവരെ 19 ശതമാനവും തമിഴ്നാട്ടിൽ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർമൂലം ചിലയിടങ്ങളിൽ വോട്ടിംഗ് തടസപ്പെട്ടു.
നടൻ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിർവഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 4023 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29ന് നടക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Viral
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ ജാർഗ്രാമിലെ ഒരു റോഡരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.
വഴിയോരത്തെ ഒരു ചെറിയ ജാൽമുറി സ്റ്റാളിലെത്തിയ അദ്ദേഹം, കടയുടമയായ വിക്രം സാഹയുമായി കുറച്ചുനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.
ബീഹാറിലെ ഗയയിൽ നിന്നെത്തി കഴിഞ്ഞ 10 വർഷമായി കട നടത്തുന്ന വിക്രമിനെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായാണ് ഈ സന്ദർശനം മാറിയത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രധാനമന്ത്രിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ചെറിയ തർക്കവും ഉയർന്നു. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് എന്തുകൊണ്ട് യുപിഐ വഴി പണമടച്ചില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവാല ഉന്നയിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല മറുപടിയുമായി എത്തി.
കടയുടമയുടെ കയ്യിൽ യുപിഐ സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ ആ 10 രൂപ നോട്ട് ഒരു സ്നേഹസമ്മാനമായി സൂക്ഷിക്കാനാണ് പ്രധാനമന്ത്രി അത് നൽകിയതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
2016-ൽ തുടങ്ങിയ യുപിഐ ഇന്ന് ഗൾഫ് നാടുകളിലും യൂറോപ്പിലും വരെ പടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പ്രതാപം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോഴും, സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ ഈ ലാളിത്യം വലിയ ചർച്ചയായിരിക്കുകയാണ്.
ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ അന്തരീക്ഷത്തിനിടയിൽ നടന്ന ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
National
കോൽക്കത്ത: ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി സി.വി.ആനന്ദബോസ്. രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Viral
കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.
വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പോലീസും തദേശ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള പ്രധാന റോഡ് തകർന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിംഗിൽ സന്ദർശനം നടത്തും.
ഡാർജിലിംഗിൽ ജനങ്ങൾക്കുണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദുർഗ പൂജയ്ക്ക് ശേഷം കോൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.