District News
നെടുംകുന്നം: മേഖലയിലെ കർഷക- നാമമാത്ര കർഷകർ ദുരിതത്തിൽ. നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികൾ കുട്ടത്തോടെ എത്തി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാന്തുരുത്തി, മുളയംവേലി, കുരുന്നം വേലി, ഇടത്തി നാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ ഇറങ്ങി നിരവധി കർഷക-നാമ മാത്ര കർഷകരുടെ മരച്ചീനി, ഏത്തവാഴകൾ, കമുകുകൾ, ചേന ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കാർഷിക, ഫലവൃക്ഷ വിളകൾ നശിപ്പിക്കൽ പതിവാണ്.
ഇതിനോടൊപ്പം ആണ് കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത കാലവർഷത്തിൽ കർഷകർക്ക് ഉണ്ടായ നഷ്ടം. നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി കാർഷിക വിളകൾക്ക് കനത്ത നാശമാണ് സംഭവിച്ചത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാലേ വ്യാപതി നിജപ്പെടുത്താൻ സാധിക്കു. വരും ദിവസങ്ങളിൽ കണക്കെടുപ്പ് പൂർത്തിയാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷിനഷ്ടത്തോടൊപ്പം പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടവും കൂടിയാകുമ്പോൾ കർഷകർ ആകെ പ്രതിസന്ധിയിലാവുകയാണ്.
ഓണവിപണി ലക്ഷ്യമാക്കി ഏത്തവാഴ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ കൃഷി ഇറക്കിയ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു.ബിജു കോഴി മണ്ണിൽ, പുല്ലംപ്ലാവിൽ തങ്കച്ചൻ, മടിയ കുന്നേൽ വിജയൻ, വെണ്ണിക്കുളം ജോയി, മരുതൂർ പുരുഷൻ, തോണിപ്പാറ സാബു, കണ്ണോത്ത് ബാബു, രാജു എന്നിവർക്ക് വ്യാപക കൃഷിനാശം ആണ് സംഭവിച്ചത്.
District News
10 കർഷകരുടെ വിളകൾ നശിപ്പിച്ചു
റബർ മരങ്ങളുടെ തോൽ ആന പൊളിച്ചു തിന്നു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൂമന്തോട് കുരിശുമലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശിപ്പിച്ചു. ആറളം ഫാമിൽനിന്നു തുരത്തിവിട്ട കാട്ടാനകളാണു ജനവാസമേഖലയിൽ ഇറങ്ങി പത്തോളം കർഷകരുടെ ഏക്കർ കണക്കിന് കൃഷിഭൂമിയിൽ നാശം വിതച്ചത്. കരിക്കോട്ടക്കരി ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്തായിരുന്നു സംഭവം.
റബർ, കശുമാവ്, വാഴ, തെങ്ങ്, കമുക്, കുരുമുളക് എന്നിവ ഉൾപ്പെടെയുള്ള കാർഷികവിളകൾ നശിപ്പിച്ചു. ഓരോ കർഷകനും പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലി പ്രവർത്തനരഹിതമായതാണു ആനകൾ കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കും എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
റബർ മരങ്ങളുടെ തോൽ കടിച്ചെടുത്തതാണു കർഷകരെ ഏറ്റവും കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. മുമ്പ് രണ്ടുതവണയും കഴിഞ്ഞവർഷവും കാട്ടാനക്കൂട്ടം എത്തിയിരുന്നെങ്കിലും ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ മറ്റുവിളകൾക്കൊപ്പം റബറിനെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ റബർ കർഷകർ വലിയ പ്രതിസന്ധിയിലായി. ഏക്കർ കണക്കിനു റബർ കൃഷിയുള്ള പ്രദേശമാണിത്.
റോബിൻ കുന്നേൽ തടത്തിലിന്റെ ആറുവർഷം പ്രായമായ 40 ഓളം റബർ മരങ്ങളുടെ തോലുകളാണു കാട്ടാന നശിപ്പിച്ചത്. മുന്‍പ് ആറളം ഫാമിൽ ഇത്തരത്തിൽ ആനകൾ റബറിന്റെ തോലുകൾ പൊളിച്ചുതിന്നിരുന്നു. നേരത്തെ റോബിന്റെ ഒന്നരയേക്കർ സ്ഥലത്തെ മുപ്പതോളം തെങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു.
മാത്യു പുത്തൻപറമ്പിൽ, ബെന്നി ഇടക്കുന്നേൽ, ജോർജ് കാവുങ്കാൽ, റോബർട്ട് അറയ്ക്കൽ, വെട്ടിക്കാട്ടിൽ പാപ്പച്ചൻ, ലാലി-ജോയി ചെമ്മരപ്പറമ്പിൽ എന്നിവരുടെ കൃഷിയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. ജോർജ് കാവുങ്കാലിന്റെ രണ്ടര ഏക്കറോളം വരുന്ന കൃഷിയിടത്തിലെ 30 ഓളം കൂറ്റൻ കശുമാവുകൾ കാട്ടാനക്കൂട്ടം മറിച്ചിട്ടു. ലാലി-ജോയി ചെമ്മരപ്പറമ്പിലിന്റെ വീടിനു10 മീറ്റർ അകലെയെത്തിയ കാട്ടാന വാഴയും കുരുമുളക് ചെടികളും നശിപ്പിച്ചു.
ആനശല്യം രൂക്ഷമായതിനാൽ രാത്രിയിൽ ഇവർ മലയുടെ താഴെയുള്ള ബന്ധുവീട്ടിലാണ് അഭയം തേടുന്നത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് വാച്ചർമാർ കാട്ടാനയെ വനത്തിലേക്കു തുരത്തിയതായി അറിയിച്ചു.
കൂമന്തോട് കുരിശുമലയിൽ വനാതിർത്തിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുവർഷം മുമ്പ് സ്ഥാപിച്ച സോളാർ വേലി ഇന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നു കർഷകർ ആരോപിക്കുന്നു. വേലിക്കു കീഴിലെ അടിക്കാടുകൾ സ്വന്തം ചെലവിൽ വെട്ടിമാറ്റിയിട്ടും വൈദ്യുതി നൽകുന്നതിനുള്ള ബാറ്ററി ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ആറളം ഫാമിൽനിന്ന് തുരത്തുന്ന കാട്ടാനകൾ ചതിരൂർ–നിലായി മലവഴി അയ്യൻകുന്ന് ജനവാസമേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ സോളാർ വേലി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷികൾക്കു നാശമുണ്ടാകുന്പോൾ നൽകുന്ന വളരെ പരിമിതമായ നഷ്ടപരിഹാര തുക വർധിപ്പിക്കാൻ സർക്കാർ. ഇപ്പോൾ കർഷകർക്കു വിളനാശത്തിനു നൽകിവരുന്ന തുക ഏറെ പരിമിതമാണെന്നും ഇത് വർധിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും കൃഷിമന്ത്രി ടി. സിദ്ദിഖ് ദീപികയോടു പറഞ്ഞു.
വിളനാശം മൂലം കർഷകർക്കു പ്രതിസന്ധിയുണ്ടാവുന്പോൾ പരമാവധി സഹായം നൽകേണ്ടതു സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും ഉടൻതന്നെ ഇവർ സർക്കാരിന് റിപ്പോർട്ട് നല്‍കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വർഷങ്ങളോളം കൃഷി ചെയ്തുണ്ടാക്കുന്ന കാർഷികവിളകൾ പ്രകൃതി ക്ഷോഭംമൂലം നശിച്ചുപോകുന്പോൾ നിലവിൽ കർഷകർക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വളരെക്കുറവാണെന്നു തനിക്കു നൂറു ശതമാനം ബോധ്യമുണ്ടെന്നു പറഞ്ഞ മന്ത്രി യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടൻതന്നെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയതായും വ്യക്തമാക്കി.
പതിറ്റാണ്ടുകളോളം കാലം വിളവെടുക്കാവുന്ന ഒരു ഗ്രാന്പൂ മരത്തിനു പ്രകൃതി ക്ഷോഭം മൂലം നാശമുണ്ടായൽ ലഭിക്കുന്ന നഷ്ടപരിഹാരം ആകെ 1000 രൂപമാത്രമാണ്. ഏഴു വർഷം വരെ പ്രായമായ തെങ്ങിനു പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 400 രൂപ. ഒരു കാപ്പിച്ചെടിക്കു കൃഷിനാശമുണ്ടായാൽ ലഭിക്കുന്ന തുക 150 രൂപ മാത്രം.
ഒരു ഹെക്ടർ ഏലത്തിനു പരമാവധി നഷ്ടപരിഹാരം ആയി ലഭിക്കുന്നത് 60,000 രൂപ ഇത്തരത്തിൽ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണു കൃഷിവകുപ്പിൽനിന്നു റിപ്പോർട്ട് തേടിയിട്ടുള്ളതെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
കുടിശിക 92 കോടി!
നിലവിൽ കർഷകർക്കു കൃഷിനാശം ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാരമായി 92 കോടി രൂപ നൽകാൻ കുടിശികയായുണ്ട്. ഇത് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
കർഷകർ സഹായത്തിനായി വർഷങ്ങളോളം കാത്തു നിൽക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്ന നിലപാടാണു സർക്കാരിനുള്ളത്. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാർഷികോത്പന്നങ്ങൾ അന്താരാഷ്ട്രതലത്തിലുള്ള സർട്ടിഫിക്കറ്റിംഗിന് അനുയോജ്യമായ ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും കൃഷിമന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.
Kerala
കണ്ണൂർ: സംസ്ഥാനത്ത് വേനൽമഴയിലും ശക്തമായ കാറ്റിലും വിളകൾക്കു നാശനഷ്ടം സംഭവിച്ച 2,359 കർഷകർക്ക് 2,19,42,206 രൂപ നഷ്ടപരിഹാരമായി നല്‍കും. 2026 ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയുള്ള നാശനഷ്ടത്തിന്റെ കണക്കാണിത്. ഇക്കാലയളവിൽ 164.237 ഹെക്ടർ സ്ഥലത്തെ കാർഷികവിളകൾക്കു നാശനഷ്ടമുണ്ടായതായി കാണിച്ച് 2442 പേർ അപേക്ഷ നല്‍കിയിരുന്നെങ്കിലും 108.663 ഹെക്ടർ സ്ഥലത്തെ 2,359 കർഷകരുടെ അപേക്ഷകൾ മാത്രമാണു പരിഗണിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം എറണാകുളം ജില്ലയിലാണ്. 654 കർഷകരുടെ 31.178 ഹെക്ടർ സ്ഥലത്തെ വിളകളാണ് നശിച്ചത്. ഇവർക്കു നഷ്ടപരിഹാരമായി 60,12,949 രൂപ നല്‍കും. തൊട്ടടുത്ത് വയനാട് ജില്ലയാണ്. ഇവിടെ 24.988 ഹെക്ടർ സ്ഥലത്തെ 271 കർഷകരുടെ കാർഷിക വിളകളാണ് നശിച്ചത്. നഷ്ടപരിഹാരമായി 59,49,537 രൂപയാണ് അനുവദിച്ചത്.
തൃശൂർ ജില്ലയിൽ 16.565 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾക്കാണ് നാശനഷ്ടമുണ്ടായത്. ജില്ലയി ലെ 407 കർഷകർക്ക് നഷ്ടപരിഹാരയിനത്തിൽ 27,76,150 രൂപ അനുവദിച്ചു. കണ്ണൂർ ജില്ലയിൽ 232 കർഷകരുടെ 9.614 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നഷ്ടപരിഹാരമായി 21,19,934 രൂപ അനുവദിച്ചു. കൊല്ലം ജില്ലയിൽ 161 കർഷകർക്ക് നഷ്ടപരിഹാരമായി 10,33,770 രൂപയും നല്‍കും.
ശക്തമായ മഴയിലും കാറ്റിലും വാഴ, റബർ, തെങ്ങ്, നെല്ല്, കമുക്, കുരുമുളക്, പച്ചക്കറി, മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വാഴകൃഷിക്കാണ് വലിയ നാശനഷ്ടം. വിലയിടിവും ഉത്പാദനത്തകർച്ചയും സൃഷ്ടിച്ച കനത്ത നഷ്ടം അതിജീവിക്കാൻ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ് മഴയിലും കാറ്റിലും കടുത്ത ദുരിതത്തിലായത്.
District News
രാമപുരം: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും രാമപുരത്ത് അഞ്ചുകോടിയിൽപ്പരം രൂപയുടെ കൃഷിനാശം. 20 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം നേരിട്ടു. വീടുകൾക്കു തന്നെ 45 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഏഴാച്ചേരി മാരൂര്‍ ദേവസ്യ, വെള്ളിലാപ്പള്ളി കതിരോലില്‍ സിന്ധു വാസുദേവന്‍, താഴാനിയില്‍ മോളി രാജു എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മരം വീണ് വെള്ളിലാപ്പള്ളി പായനാല് ഷാജി കുമാര്‍, പനച്ചേപ്പള്ളില് സോണി ബേബി, തറപ്പില്‍ ടി.ഡി. രാമകൃഷ്ണന്, രാഗം ബാലമുരളി, കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായര്‍, ശ്രൂലംകുളത്ത് രാമകൃഷ്ണന് നായര്‍, മുണ്ടപ്പള്ളില്‍ അശോകന്, മണിയാംപാറ ഡെസി രാജു, മണിയാംപാറ ജോണ്സണ്, മുതലശേരില് എം.ജെ. തോമസ്, ശൗര്യംകുഴിയില്‍ അശോകന്, മനോജ് തടത്തില്‍, മുളയിങ്കല്‍ ലിസി ബേബി, മുതുവല്ലൂര്‍ ഏലിക്കുട്ടി, സെബാസ്റ്റ്യന്‍ മുതവല്ലൂര്‍, കുര്യന് മുതുവല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്കു മരം വീണ് ഭാഗികമായി കേടുപാട് സംഭവിച്ചു. കൂടപ്പിലം മഴുവണ്ണൂര്‍ ഓമന മോഹനന്റെ വീടിന്റെ ഭിത്തി ഇടിമിന്നലേറ്റ് തകരുകയും വയറിംഗ് കത്തി നശിക്കുകയും ചെയ്തു.
രാമപുരത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനും കളപ്പുരയ്ക്കമ്യാലില് രഘുനാഥന് നായരുടെ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്. രാമപുരം-കൂത്താട്ടുകുളം റോഡില്‍ വിവിധ സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതിലൈനുകള്‍ പൊട്ടിയ നിലയിലാണ്. ഇതുമൂലം പഞ്ചായത്തിന്റെ പല ഭാഗത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വെള്ളിലാപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം മേഖലകളില്‍ പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാശനഷ്ട സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മീനച്ചില്‍ തഹസില്‍ദാര്‍ക്ക് നിയുക്ത എംഎൽഎ മാണി സി. കാപ്പന് നിര്‍ദേശം നല്കി.
District News
കുന്നമംഗലം: ശക്തമായ കാറ്റിലും മഴയിലും ചാത്തമംഗലം, പെരുമണ്ണ മേഖലയിൽ വ്യാപകമായ കൃഷി നാശം.നേന്ത്രവാഴ കർഷകരെയാണ് കാറ്റ് ഏറ്റവും കൂടുതൽബാധിച്ചത്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ, ഇഷ്ടിക ബസാർ,വിരിപ്പിൽ,കോട്ടോയിൽ താഴം, സങ്കേതം എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും ഉണ്ടായത്. വിഷുവിപണി പ്രതീക്ഷിച്ച് ചെയ്ത നേന്ത്രവാഴക്കൃഷിയാണ് ഒടിഞ്ഞുവീണത്. ഇതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
National
ചെന്നൈ: തമിഴ്നാട്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് മരണം നാലായി. തൂത്തുക്കുടിയിലാണ് 75കാരൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലും ഡെൽറ്റ ജില്ലകളിലും വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.