പ്രളയ ബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തകർ.
കോഴഞ്ചേരി: പ്രളയകാലത്ത് ജില്ലയിൽ 434 ഹെക്ടറിൽ കൃഷി നാശം. 8122 കർഷകരെ പ്രളയം ബാധിച്ചു. 13.48 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടത്തിന്റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും വെള്ളം കെട്ടികിടക്കുന്നതിനാൽ എല്ലായിടത്തും നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താനായിട്ടില്ല. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലാണ് കാർഷിക നഷ്ടം ഏറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കപ്പ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ജാതി, കുരുമുളക്, റബർ, വാഴ, വെറ്റില, കൊക്കോ, തെങ്ങ് തുടങ്ങിയ വിളകൾക്ക് വൻതോതിൽ നഷ്ടമുണ്ടായി. അഞ്ച് ഹെക്ടറിൽ ഉരുൾ പൊട്ടലിൽ കൃഷി നശിച്ചു.
കൃഷി വകുപ്പിന്റെ പന്തളം ഫാമിൽ കരിമ്പ് കൃഷി, വിത്ത് തേങ്ങ, പച്ചക്കറി തൈകൾ എന്നിവ വൻതോതിൽ നഷ്ടമായി. പുല്ലാട് ഫാമിൽ നെൽകൃഷി, കുരുമുളക് തൈകൾ, പച്ചക്കറി തൈകൾ എന്നിവ നശിച്ചുപോയി. പന്തളം, പുല്ലാട് ഫാമുകൾ ജില്ലാ പഞ്ചായത്തിനു കീഴിലാണ്. വെള്ളം കയറിയാണ് ഫാമുകൾക്ക് നഷ്ടമുണ്ടായത്. അപ്രതീക്ഷിതമായിരുന്ന വെള്ളപ്പാച്ചിലിൽ യാതൊന്നും സംരക്ഷിക്കാനായില്ല. 2018ലെ മഹാപ്രളയത്തിനുശേഷം കൃഷിഫാമുകൾക്ക് ഇത്രയധികം നഷ്ടമുണ്ടാകുന്നത് ഇതാദ്യമായാണ്.
തിരുവല്ലയിലെ പാടശേഖരങ്ങൾക്കു നഷ്ടം
തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയായ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പ്രളയം വൻ നഷ്ടമുണ്ടാക്കി. പാടശേഖരങ്ങളിൽ മോട്ടോർഷെഡ്, പമ്പ്സെറ്റുകൾ, പെട്ടി, പറ, മോട്ടോറുകൾ, മീറ്റർ ബോർഡ് എന്നിവ വൻതോതിൽ നഷ്ടപ്പെട്ടു. പാടശേഖര സമിതിയുടെ കീഴിലുളള പമ്പ് സെറ്റുകൾ ഉൾപ്പെടെ നഷ്ടമായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ തോമസ് പറഞ്ഞു.
പെരിങ്ങര, നെടുന്പ്രം, നിരണം, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിലാണ് കൃഷിനാശം ഏറെയുള്ളത്. ഈ പ്രദേശങ്ങളിൽ പലയിടത്തും വെള്ളം ഇറങ്ങാത്തതിനാൽ കാർഷിക നഷ്ടം പൂർണമായി കണക്കാക്കാനായിട്ടില്ല. പാടശേഖരങ്ങൾ നിറഞ്ഞ് വെള്ളം ജനവാസ മേഖലകളിലേക്ക് കയറുകയായിരുന്നു. തീരങ്ങളിൽ സൂക്ഷിച്ചിരുന്ന പന്പ് സെറ്റുകൾ, മോട്ടോറുകൾ, പെട്ടി, പറ തുടങ്ങിയവ നശിക്കുകയായിരുന്നു.
കൃഷിമന്ത്രി ഇന്ന് ജില്ലയിൽ
പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് കാർഷിക നഷ്ടം വിലയിരുത്തുന്നതിനായി കൃഷിമന്ത്രി ടി. സിദ്ദിഖ് ഇന്ന് ജില്ലയിലെത്തും. കാർഷിക നഷ്ടം കൂടുതലായുണ്ടായ അപ്പർകുട്ടനാട് മേഖലയിലും മന്ത്രി സന്ദർശനം നടത്തും.
പ്രളയബാധിതർക്ക് സഹായവുമായി എംസിവൈഎമ്മും ബോധനയും
തിരുവല്ല: എംസിവൈഎം തിരുവല്ല അതിഭദ്രാസനവും തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയും ചേർന്ന് പ്രളയ ബാധിത മേഖലകളിൽ ഭക്ഷണവും മറ്റ് നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.
തിരുവൻവണ്ടൂർ, തിരുവല്ല, നിരണം, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിലെ ദുരിത മേഖലകളിലാണ് എംസിവൈഎം സഹായ ഹസ്തമായ്. ഈ പ്രദേശങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചു അവശ്യ സഹായങ്ങൾ എത്തിച്ചു. വീടുകളിൽ കുടുങ്ങി കിടന്നവരെ റെസ്ക്യൂ ടീം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയും പ്രളയ ബാധിത വീടുകളിൽ വസ്ത്രവും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ചു നൽകുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ അതിഭദ്രാസനത്തിന്റെ ഒന്പത് മേഖലകളിലെ വിവിധ യൂണിറ്റുകളിലെ വിവിധ ഭക്തസംഘടനകൾ പങ്കുചേർന്നു.