കുടുംബാരോഗ്യ പ്രവര്‍ത്തകര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ നല്കുന്നു.
കടുത്തുരുത്തി: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍. ക്യാമ്പുകള്‍ തുടങ്ങിയതു മുതല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. സുശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനിമോള്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ദിവസവും ക്യാമ്പുകളിലെത്തി രോഗികളായവരെ പരിശോധിച്ചു മരുന്നുകള്‍ നല്‍കിയിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ആരോഗ്യ ബോധവത്കരണവും നല്കി. കൂടാതെ ക്യാമ്പുകളില്‍ മുഴുവന്‍സമയവും തന്നെ സേവനവുമായി ആശാപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
മലിനജലവുമായി സമ്പര്ക്കത്തിലേര്പ്പെടുന്നവര്ക്കെല്ലാം എലിപ്പനി പ്രതിരോധ ഗുളികകളും നല്കി വരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ക്യാമ്പില്‍ നിന്നു മടങ്ങി പോകുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍നിന്നും ക്യാമ്പിലെത്താത്തവര്ക്ക് ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും വീടുകളിലെത്തി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്. പനിയോ മറ്റു രോഗഖങ്ങളോ ഉണ്ടെങ്കില്‍ സ്വയം ചികത്സ പാടില്ല, എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവൂ, മലിനജലവും മണ്ണുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുക, ആഹാര സാധനങ്ങള്‍ മൂടിവയ്ക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക, ശുചിമുറിയില്‍ പോയതിനുശേഷവും ആഹാരം കഴിക്കുന്നതിനുമുമ്പും കൈ സോപ്പുപയോഗിച്ചു കഴുകുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് ജിവനക്കാര്‍ നല്‍കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Health Department