വടക്കേപുതുശേരി പാടശേഖരത്തിന് സമീപം വെള്ളക്കെട്ടിലമർന്ന വീട്.
വടയാർ: തലയോലപ്പറമ്പിലെ ഭൂരിഭാഗംതാഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിയിട്ടും വടയാർ കോരിക്കലിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നു. പാടശേഖരങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽനിന്നാണ് വെള്ളം ഇറങ്ങിപ്പോകാത്തത്. വടയാർ വടക്കേപുതുശേരി പാടശേഖരത്തോടുചേർന്ന് മാത്രം 70 കുടുംബങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
കരിയാറുമായി കുടിച്ചേരുന്ന പുതുശേരി - ചക്കാല തോട് പോളയും പായലും നിറഞ്ഞ് ചെളി അടിഞ്ഞ് നീരൊഴുക്ക് നിലച്ചതും പാടശേഖരത്തിലെ തൂമ്പുകളിലെ തടസങ്ങൾ നീക്കാത്തതുമാണ് വെള്ളം ഇറങ്ങിപ്പോകുന്നതിന് തടസമാകുന്നത്. കൃഷിക്ക് മുന്നോടിയായി പാടശേഖരത്തിൽ വെള്ളം നിറച്ചിരിക്കുകയായിരുന്നു. പെയ്ത്തുവെള്ളം പുറന്തള്ളാൻ പാടശേഖര സമിതി പമ്പിംഗ് ആരംഭിച്ചാൽ മാത്രമേ പ്രദേശവാസികൾക്ക് സാധാരണജീവിതം സാധ്യമാകൂ.
വടക്കേ പുതുശേരി, നടുക്കരി, എസ്എൻവി, പഴമ്പെട്ടി, പൊന്നുരുക്കുംപാറ, തെക്കേ പുതുശേരി, മനയ്ക്കച്ചിറ, മുണ്ടോടി, കോലത്താർ തുടങ്ങി പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളുടെ സമീപത്തായി 500 ലധികം കുടുംബങ്ങളാണ് വർഷങ്ങളായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. നിർധനരായ പ്രദേശവാസികൾ താറാവ്, കോഴി, ആടുകൾ തുടങ്ങിയവ അധിക വരുമാനത്തിന് വളർത്തി വന്നിരുന്നെങ്കിലും വെള്ളപ്പൊക്കം പതിവായതോടെ ഇവയുടെയൊക്കെ വളർത്തൽ നിർത്താൻ നിർബന്ധിതരായി.
പരിമിതമായ സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂരിഭാഗത്തിനും വാഴ നടാനും അടുക്കള തോട്ടമൊരുക്കാനും താൽപര്യമുണ്ടെങ്കിലും വെള്ളം കയറുന്നതുമൂലം ഇവയൊന്നും ഇവർക്ക് നടാനാകുന്നില്ല. തണ്ണിക്കുഴി നികർത്തിൽ വാസുദേവന്റെ സർക്കാർ ധനസഹായത്തോടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീട് വെള്ളം കെട്ടി നിൽക്കുന്നതിനെ തുടർന്ന് ഒരു വശത്തേക്ക് ചരിഞ്ഞു. വീട് പൂർത്തിയാക്കാൻ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ അടച്ചുതീർന്നിട്ടില്ലെന്നും ഇനിയൊരു വീട് നിർമിക്കാൻ തനിക്ക് കഴിയില്ലെന്നും കൂലിപ്പണിക്കാരനായ വാസുദേവൻ പറയുന്നു.
സമീപവാസിയായ നികർത്തിൽ രമേശൻ ടിൻഷീറ്റ് മേഞ്ഞ ഷെഡിലാണ് താമസിക്കുന്നത്.പുതിയ വീട് നിർമിക്കുന്നതിന് രമേശന് പദ്ധതിയുണ്ടെങ്കിലും വീട് മാസങ്ങളോളം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന സാഹചര്യം ഉള്ളതിനാൽ എങ്ങനെ മുന്നോട്ട് പോകുമെന്ന ധർമ്മസങ്കടത്തിലാണ് രമേശനെപോലെ പ്രദേശവാസികൾ പലരും. പാടശേഖരങ്ങളുടെ പുറം ബണ്ട് ഉയർത്തി നിർമിക്കാനും തോടുകൾ ആഴംകൂട്ടാനും കേന്ദ്ര സംസ്ഥാന ത്രിതല പഞ്ചായത്ത്പ പദ്ധതികളിലൂടെ സാധ്യമാക്കിയാൽ നാടിന്റെ മുഖച്ഛായ മാറുമെന്ന് പ്രദേശവാസികൾ പറഞ്ഞു.