ലാലി-ജോയി ചെമ്മരപ്പറമ്പിലിന്റെ വീടിനു സമീപത്തെ വാഴയും കുരുമുളക് ചെടികളും കാട്ടാന നശിപ്പിച്ച നിലയിൽ.
10 കർഷകരുടെ വിളകൾ നശിപ്പിച്ചു
റബർ മരങ്ങളുടെ തോൽ ആന പൊളിച്ചു തിന്നു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൂമന്തോട് കുരിശുമലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശിപ്പിച്ചു. ആറളം ഫാമിൽനിന്നു തുരത്തിവിട്ട കാട്ടാനകളാണു ജനവാസമേഖലയിൽ ഇറങ്ങി പത്തോളം കർഷകരുടെ ഏക്കർ കണക്കിന് കൃഷിഭൂമിയിൽ നാശം വിതച്ചത്. കരിക്കോട്ടക്കരി ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്തായിരുന്നു സംഭവം.
റബർ, കശുമാവ്, വാഴ, തെങ്ങ്, കമുക്, കുരുമുളക് എന്നിവ ഉൾപ്പെടെയുള്ള കാർഷികവിളകൾ നശിപ്പിച്ചു. ഓരോ കർഷകനും പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലി പ്രവർത്തനരഹിതമായതാണു ആനകൾ കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കും എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
റബർ മരങ്ങളുടെ തോൽ കടിച്ചെടുത്തതാണു കർഷകരെ ഏറ്റവും കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. മുമ്പ് രണ്ടുതവണയും കഴിഞ്ഞവർഷവും കാട്ടാനക്കൂട്ടം എത്തിയിരുന്നെങ്കിലും ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ മറ്റുവിളകൾക്കൊപ്പം റബറിനെയും ലക്ഷ്യമിട്ടതോടെ മേഖലയിലെ റബർ കർഷകർ വലിയ പ്രതിസന്ധിയിലായി. ഏക്കർ കണക്കിനു റബർ കൃഷിയുള്ള പ്രദേശമാണിത്.
റോബിൻ കുന്നേൽ തടത്തിലിന്റെ ആറുവർഷം പ്രായമായ 40 ഓളം റബർ മരങ്ങളുടെ തോലുകളാണു കാട്ടാന നശിപ്പിച്ചത്. മുന്പ് ആറളം ഫാമിൽ ഇത്തരത്തിൽ ആനകൾ റബറിന്റെ തോലുകൾ പൊളിച്ചുതിന്നിരുന്നു. നേരത്തെ റോബിന്റെ ഒന്നരയേക്കർ സ്ഥലത്തെ മുപ്പതോളം തെങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു.
മാത്യു പുത്തൻപറമ്പിൽ, ബെന്നി ഇടക്കുന്നേൽ, ജോർജ് കാവുങ്കാൽ, റോബർട്ട് അറയ്ക്കൽ, വെട്ടിക്കാട്ടിൽ പാപ്പച്ചൻ, ലാലി-ജോയി ചെമ്മരപ്പറമ്പിൽ എന്നിവരുടെ കൃഷിയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. ജോർജ് കാവുങ്കാലിന്റെ രണ്ടര ഏക്കറോളം വരുന്ന കൃഷിയിടത്തിലെ 30 ഓളം കൂറ്റൻ കശുമാവുകൾ കാട്ടാനക്കൂട്ടം മറിച്ചിട്ടു. ലാലി-ജോയി ചെമ്മരപ്പറമ്പിലിന്റെ വീടിനു10 മീറ്റർ അകലെയെത്തിയ കാട്ടാന വാഴയും കുരുമുളക് ചെടികളും നശിപ്പിച്ചു.
ആനശല്യം രൂക്ഷമായതിനാൽ രാത്രിയിൽ ഇവർ മലയുടെ താഴെയുള്ള ബന്ധുവീട്ടിലാണ് അഭയം തേടുന്നത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് വാച്ചർമാർ കാട്ടാനയെ വനത്തിലേക്കു തുരത്തിയതായി അറിയിച്ചു.
കൂമന്തോട് കുരിശുമലയിൽ വനാതിർത്തിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരുവർഷം മുമ്പ് സ്ഥാപിച്ച സോളാർ വേലി ഇന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നു കർഷകർ ആരോപിക്കുന്നു. വേലിക്കു കീഴിലെ അടിക്കാടുകൾ സ്വന്തം ചെലവിൽ വെട്ടിമാറ്റിയിട്ടും വൈദ്യുതി നൽകുന്നതിനുള്ള ബാറ്ററി ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ആറളം ഫാമിൽനിന്ന് തുരത്തുന്ന കാട്ടാനകൾ ചതിരൂർ–നിലായി മലവഴി അയ്യൻകുന്ന് ജനവാസമേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ സോളാർ വേലി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews crop damage