മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചാമപ്പാറയില്‍ കാട്ടാന നശിപ്പിച്ച കൃഷിയിടം.
വന്യമൃഗശല്യം: വനംവകുപ്പും ജനപ്രതിനിധികളും ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് വിമര്‍ശനം
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തി മേഖലകളില്‍ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് ഫലപ്രദ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനം വകുപ്പും ജനപ്രതിനിധികളും വീഴ്ച വരുത്തുന്നുവെന്ന് വിമര്‍ശനം. കാട്ടാന, മാന്‍, കുരങ്ങ് തുടങ്ങിയവ കൃഷിയിടങ്ങള്‍ സ്ഥിരം മേച്ചില്പ്പുറമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും വനം ഉദ്യോഗസ്ഥരും എംഎല്‍എമാരടക്കം ജനപ്രതിനിധികളും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് വനാതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ പറയുന്നു.
വയനാടന്‍ വനങ്ങളിലേതിനുപുറമേ കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള ദേശീയോദ്യാനങ്ങളില്നിന്നുള്ള കാട്ടാനകളും രണ്ട് പഞ്ചായത്തുകളുടെയും വിവിധ പ്രദേശങ്ങളില്‍ എത്തുന്നുണ്ട്. ചെതലയം, കുറിച്യാട് വനമേഖലകളില്‍നിന്ന് പ്രതിരോധക്കിടങ്ങും വേലിയും തകര്‍ത്താണ് ആനകള്‍ നാട്ടിലെത്തുന്നത്.
കബനി നദി താണ്ടിയാണ് കര്‍ണാടകയില്‍നിന്ന് ആനകളുടെ വരവ്. ശിവപുരം, ചാമപ്പാറ, കൊളവള്ളി, മരകാവ്, വേലിയമ്പം, ഭൂദാനം, മൂഴിമല, കണ്ടാമല, പാക്കം ദാസനക്കര, ചേകാടി, മരക്കടവ്, കൃഗന്നുര്, പാളക്കൊല്ലി, ചീയമ്പം 73. ഇങ്ങനെ നീളുകയാണ് രണ്ട് പഞ്ചായത്തുകളിലുമായി വന്യമൃഗശല്യം കലശലായ പ്രദേശങ്ങളുടെ പട്ടിക. കഴിഞ്ഞ ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശിവപുരം, ചാമപ്പാറ പ്രദേശങ്ങളില്‍ കാട്ടാനകള്‍ വലിയ തോതിലാണ് കൃഷി നശിപ്പിച്ചത്.
പുല്‍പ്പള്ളിക്കടുത്ത പാളക്കൊല്ലി വനാതിര്‍ത്തിയില്‍ വനം വകുപ്പ് സ്ഥാപിച്ച ഗേറ്റ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല.
വനാതിര്‍ത്തികളിലെ ഇടിഞ്ഞ ട്രഞ്ചുകള്‍ പലേടത്തും അതേപടി കിടക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമാകുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ ചേരുന്ന യോഗങ്ങളില്‍ വനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകര്‍ക്ക് നല്കുന്ന ഉറപ്പുകളും വെറുതേയാകുകയാണ്. വന്യജീവികളില്‍നിന്നു ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനസേനയും ജനപ്രതിനിധികളും ഇനിയെങ്കിലും ഉത്സാഹം കാട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് 16-ാം വാര്‍ഡ് മാന്‍കുന്ന് പത്താം നമ്പറിലെ ജനവാസ മേഖലയില്‍ കാട്ടാനയുടെ വിളയാട്ടം. തിങ്കളാഴ്ച രാത്രിയില്‍ എത്തിയ കാട്ടാന പ്രദേശത്തുകാരനായ കുളത്തിങ്ങല്‍ ഹംസയുടെ വീടിന് സമീപത്തെ വാഴത്തോട്ടം പൂര്‍ണമായും നശിപ്പിച്ചു. വീടുകള്‍ക്ക് സമീപം ആനയെത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
ആനയുടെ സാന്നിധ്യം ഭയന്ന് രാത്രി വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. ചെമ്പ്ര വനമേഖലയില്‍ നിന്ന് തീറ്റ തേടിയാണ് ആനകള്‍ ജനവാസ മേഖലയിലേക്കെത്തുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ജനങ്ങളുടെ ഭീതിയകറ്റാന്‍ വനം വകുപ്പിന്റെ രാത്രികാല നിരീക്ഷണം ഊര്‍ജിതമാക്കണമെന്നും ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടികള്‍ വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.
കാട്ടാന ശല്യം ഇല്ലാതിരുന്ന മേഖലയിലേക്കാണിപ്പോള് ആനകളെത്തുന്നത്. ഇതാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. കൃഷികള്‍ നശിപ്പിക്കുന്നത് മാത്രമല്ല മനുഷ്യ ജീവന് ഭീഷണി കൂടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ആനകളെ ഉള്‍വനത്തില്‍ കയറ്റിവിടാന്‍ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനാവശ്യമായ നടപടി വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Wild elephants