ആര്യനാട് പോലീസ് സ്റ്റേഷനിൽ നാട്ടുകാരും ബന്ധുക്കളും ഉപരോധ സമരം സംഘടിപ്പിച്ചപ്പോൾ.
നെടുമങ്ങാട് : വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയെയും മകനെയും ക്രൂരമായി മർദിച്ച കേസിൽ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്, പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മയെ ആംബുലൻസിലെത്തിച്ച് ആര്യനാട് പോലീസ് സ്റ്റേഷനിൽ നാട്ടുകാരും ബന്ധുക്കളും ഉപരോധ സമരം സംഘടിപ്പിച്ചു.
ജൂലൈ 20-ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ (38), മകൻ വിപിൻ (20) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജിൽനിന്നു ഡിസ്ചാർജ് ചെയ്ത സൗമ്യയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു അവിടെ നിന്നാണ് ആംബുലൻസിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ആക്രമണത്തിൽ സൗമ്യയുടെ വലത് കൈയുടെ തോളിനു താഴെയുള്ള അസ്ഥി രണ്ടായി പൊട്ടുകയും രണ്ടു വാരിയെല്ലുകൾ ഒടിയുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
ശസ്ത്രക്രിയ നടത്തി കമ്പിയിടേണ്ടി വന്നതായും അവർ അറിയിച്ചു. മകൻ വിപിന്റെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും തുടർന്നു ജാമ്യാപേക്ഷ പരിഗണിക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.
Tags : Nattuvishesham Local News