തോട്ടിൽ മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം മാലിന്യവുമായി നഗരസഭ അധികൃതർ പിടികൂടിയപ്പോൾ
കൂത്താട്ടുകുളം : നഗരസഭാ പരിധിയിൽ കൂത്താട്ടുകുളം - കിഴക്കോമ്പ് റോഡിൽ തെക്കേകുറ്റ് പാലത്തിനു സമീപം തോട്ടിലേക്ക് മാലിന്യം തള്ളാൻ ശ്രമിച്ചവരിൽ നിന്ന് നഗരസഭ 35,000 രൂപ പിഴ ഈടാക്കി.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മാരുതി വാനിൽ ചാക്കുകളിലാക്കി കൊണ്ടുവന്ന ഹോട്ടൽ മാലിന്യങ്ങൾ തോട്ടിലേക്ക് തള്ളുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസികൾ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.
സമീപവാസിയായ ബിയുഷ് ബേബിയാണ് മാലിന്യം തള്ളുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇയാൾ വിവരം നഗരസഭാ അധികൃതരെ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, വാർഡ് കൗൺസിലർ ജോമി മാത്യു, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, പൊലിസ് എന്നിവർ ചേർന്ന് മാലിന്യം കടത്താൻ ഉപയോഗിച്ച മാരുതി വാൻ പിടികൂടി.
മാരുതി ജംഗ്ഷന് സമീപം ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് തോട്ടിൽ തള്ളാൻ ശ്രമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് സ്ഥാപന ഉടമ പി. ഷക്കീറിൽ നിന്ന് 35,000 രൂപ പിഴ ഈടാക്കി.