ഹൈക്കോടതി റോഡില്‍ കാന നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നയിടം.
കുരുക്കിലായി ജനം
ഹൈക്കോടതി റോഡിലെ കാന നിര്‍മാണ ജോലികള്‍ മന്ദഗതിയിലെന്ന് ആക്ഷേപം
കൊച്ചി: ഹൈക്കോടതി റോഡിലെയും ഏബ്രഹാം മാടമാക്കല്‍ റോഡിലേക്കുള്ള ജംഗ്ഷനിലെയും രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. 52 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പണികള്‍ രണ്ടു മാസം പിന്നിട്ടിട്ടും മന്ദഗതിയിലാണ്. മഴ മാറാതെ നില്ക്കുന്നതിനാല് കുറഞ്ഞത് രണ്ടാഴ്ചകൂടി വേണമെന്നാണ് നിര്‍മാണ ഏജന്‍സിയായ പിഡബ്ല്യുഡിയുടെ വിശദീകരണം.
നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ. ഹൈക്കോടതിയും അഡ്വക്കേറ്റ് അസോസിയേഷന്റെ കെട്ടിടവും അഭിഭാഷകരുടെ ഓഫീസും ആരാധനാലയങ്ങളുമൊക്കെയുള്ള തിരക്കേറിയ സ്ഥലമാണിവിടെ. ബാനര്‍ജി റോഡില്‍ നിന്ന് ഏബ്രഹാം മാടമാക്കല്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതും ഇതുവഴിയാണ്. പണികള്‍ നടക്കുന്നതിനാല്‍ രാവിലെയും വൈകുന്നേരവുമൊക്കെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍പ്പെട്ട് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ട് നേരിടുകയാണെന്നാണ് പരാതി.
വെള്ളം ഒഴുകിപ്പോകാന്‍ ഡ്രെയ്നേജ് സംവിധാനമില്ലാത്തതായിരുന്നു പ്രദേശത്തെ വെള്ളക്കെട്ടിന് കാരണം. അഭിഭാഷകരുടെയും പ്രദേശവാസികളുടെയും നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഓപ്പറേഷന് ബ്രേക്ക്ത്രൂ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാന നിര്‍മിക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചു.
ഏബ്രഹാം മാടമാക്കല്‍ റോഡിലേയും ഷണ്മുഖം റോഡിലെയും ഹൈക്കോടതി റോഡിലേയും കാനകളുമായി ബന്ധപ്പിച്ച് പുതിയ കാന പണിയുന്നതിന് 42 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഏബ്രഹാം മാടമാക്കല്‍ റോഡില്‍ നിന്ന് തുടങ്ങി ഹൈക്കോടതിക്ക് സമീപം വരെ ബാര്‍ അസോസിയേഷന്റെ പുതിയ കെട്ടിടത്തിനു മുന്‍വശവും റൗണ്ട് എബൗട്ടിന് ചുറ്റും എതിര്‍വശത്തേക്കും പുതിയ കാനയുടെ നിര്‍മാണമാണ് നടക്കുന്നത്. ജൂണ്‍ 10ന് ആരംഭിച്ച് ജൂലൈ 31 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു കളക്ടര്‍ പിഡബ്ല്യുഡിക്ക് നല്കിയ നിര്‍ദേശം.
10 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും: പിഡബ്ല്യുഡി
കൊച്ചി: പണികള്‍ വൈകുന്നതില്‍ അലംഭാവം ഉണ്ടായിട്ടില്ലെന്നും റോഡ് കുഴിക്കുന്നതിലുണ്ടായ സാങ്കേതിക തടസങ്ങളും മഴയുമാണ് കാരണമെന്നു നിര്‍മാണ ചുമതലയുണ്ടായിരുന്ന പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം. തോമസ് പറഞ്ഞു. ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്താണ് കുഴിയെടുക്കേണ്ടിയിരുന്നത്. മെഷീന്റെ സഹായത്തോടെ കുഴിയെടുക്കാന്‍ കെഎസ്ഇബിയില്‍ നിന്ന് അനുമതി ഉണ്ടായിരുന്നില്ല. പകരം ആളുകളെ വച്ച് കുഴിയെടുപ്പിക്കേണ്ടി വന്നു.
റോഡ് അടച്ചിടാന്‍ കഴിയാത്തതിനാല്‍ ഘട്ടംഘട്ടമായാണ് പണികള്‍ ചെയ്യുന്നത്. ബാര്‍ അസോസിയേഷന് കെട്ടിടത്തിന്റെ മുന്‍വശത്തെ കാന നിര്‍മാണം പൂര്‍ത്തിയായി. മുകളില്‍ സ്ലാബുകളും സ്ഥാപിച്ചു. ഇനി നടപ്പാത ഒരുക്കണം. റൗണ്ട് എബൗട്ടിനു ചുറ്റും ഡ്രെയ്നേജ് നിര്‍മിച്ചു. ഇതിനെ എതിര്‍വശത്തെ കാനയുമായി ബന്ധിപ്പിക്കുന്നതിന് പുതിയ കാനയുടെ നിര്‍മാണമാണ് നടക്കുന്നത്. 80 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായി. 10 ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന പണികളും പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews work progressing