പ്രതീകാത്മക ചിത്രം
കൊല്ലം: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് സുശക്തമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറക്കും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൃത്യതയോടെ നടത്തും. താലൂക്ക്തലത്തില്‍ തഹസില്ദാര്മാരുടെനേതൃത്വത്തില് വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത സ്ക്വാഡുകളുടെ പരിശോധനകളുമുണ്ടാകും. എക്സൈസ് വകുപ്പ് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ നിര്‍മാണവും വിപണനവും തടയുന്നതിനായി എന്‍സ്ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കും. ക്രമസമാധാന പാലനം, പൊതുജന സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവ മുന്‍നിര്‍ത്തി കൊല്ലം സിറ്റി- റൂറല്‍ പോലീസ് മേധാവിമാരെ പ്രത്യേക ജാഗ്രതയ്ക്ക് ചുമതലപ്പെടുത്തി.
ലീഗല്‍ മെട്രോളജി -സിവില്‍ സപ്ലൈസ് അളവുതൂക്ക വെട്ടിപ്പ്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്താനുള്ള പരിശോധനകള്‍ നിരന്തരമാക്കും. ആരോഗ്യം, ഭക്ഷ്യസുരക്ഷ - തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
മോട്ടര്‍ വാഹന വകുപ്പ് മദ്യപിച്ചും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വനം വകുപ്പ് പുനലൂര്‍, തെന്മല, അച്ചന്‍കോവില്‍ ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ വനമേഖല കേന്ദ്രീകരിച്ചുള്ള ലഹരി നിര്‍മാണവും കടത്തും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ടൂറിസം - ഫയര്‍ ഫോഴ്സ് ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.