സ്കൂൾ അധികൃതരിൽനിന്നു ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി. ഷൈൻദേവിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് ശേഖരിക്കുന്നു.
കൊട്ടിയം: ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ വിഷവാതകം ശ്വസിച്ച സംഭവത്തിൽ വിശദമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തി കുട്ടികളിലും രക്ഷിതാക്കളിലുള്ള ആശങ്ക അകറ്റണമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സ്കൂളിന് സമീപമുള്ള ടാർ - ബിറ്റുമെൻ മിക്സിംഗ് പ്ലാന്റിൽനിന്നും ഉയർന്ന വിഷപ്പുക ശ്വസിച്ച് കുട്ടികൾക്ക് തലവേദനയും തലകറക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഏറ്റവും അടുത്തുള്ളഹോളിക്രോസ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു.
വൈകുന്നേരത്തോടെ കുട്ടികളെ ഡിസ്ചാർജ് ചെയ്തു. അധ്യാപകർക്കും അസ്വസ്ഥതകൾ അനുഭവപെട്ടതായി വൈസ് പ്രിൻസിപ്പാൾ ഫ്രിനിഷയും അധ്യാപകരും പറഞ്ഞു. 2026 ജൂൺ ഒന്പതിന് ഇതേപോലെ കുട്ടികളിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ മുഖ്യമന്ത്രിക്കും വകുപ്പ് മേധാവികൾക്കും നൽകിയ പരാതിയെ തുടർന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് താത്കാലിക സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് പ്രവർത്തനം നിർത്തിവച്ചു.
തുടർന്ന് പ്ലാന്റ് ഉടമ അനന്തപുരിട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കേരള ഹൈക്കോടതിയെ സമീപിക്കുകയും 2019 ലെ മറ്റൊരു കേസിന്റെ ഫുൾ ബഞ്ച് വിധി ചൂണ്ടിക്കാട്ടി പഞ്ചായത്തുകൾക്ക് ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ അനുവാദം നിരസിക്കാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഇടക്കാല സ്റ്റേ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കേസ് നവംബർ 30 ലേക്ക് പോസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് പ്ലാന്റ് തുടർന്നും പ്രവർത്തിക്കുകയും കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാകുകയും ചെയ്തത്.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, അഡ്വ ഡി. ഷൈൻദേവ് , ട്രഷറർ എൻ. അജിത് പ്രസാദ്, നിർവാഹക സമിതിയംഗം കറവൂർ എൽ.വർഗീസ് എന്നിവർ സ്കൂൾ, ആശുപത്രി, പൊലിസ് അധികൃതരിൽ നിന്നും വിശദമായ റിപ്പോർട്ട് തേടി.
തുടർന്ന് പ്ലാന്റും പരിസരവും സന്ദർശിച്ചു സംഭവം സംബന്ധിച്ച് വിശദമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തി കുട്ടികളിലും രക്ഷിതാക്കളിലുംഉള്ള ആശങ്ക അകറ്റി, കുട്ടികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശിശുക്ഷേമ സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags : children inhaling toxic fumes District News Local News Child Welfare Committee