മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽനടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ വിളംബര ഘോഷയാത്ര.
കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും നാളെ ഉച്ചയ്ക്ക് രണ്ടിന് അഷ്ടമുടിക്കായലിൽ നടക്കുമെന്നും ഇക്കുറി മത്സരം തീപാറുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡിടിപിസി ഫെസിലിറ്റേഷൻ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയുടെ ഇതുവരെയുള്ള മത്സരങ്ങൾ വലിയ ആവേശത്തിലാണ് പൂർത്തിയായത്. മുൻകാലങ്ങളേക്കാൾ വലിയ ജനകീയ പങ്കാളിത്തമാണ് എല്ലാ ജലോത്സവങ്ങളിലും ഉണ്ടായത്. വിദേശ വിനോദസഞ്ചാരികൾക്ക് അവരുടെ ട്രാവൽ പ്ലാൻ ചെയ്യാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അടുത്ത വർഷം മുതൽ നെഹ്റു ട്രോഫി ജലോത്സവം മുൻപ് നടന്നിരുന്നത് പോലെ ഒാഗസ്റ്റ് രണ്ടാം ശനിയാഴ്ചയും പ്രസിഡൻസ് ട്രോഫി നവംബർ ഒന്നാം തീയതിയിലും സ്ഥിരമായി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വള്ളംകളിക്ക് വലിയ സാമ്പത്തിക പിന്തുണയാണ് സർക്കാർ നൽകുന്നത്. സമ്മനത്തുക കൂടാതെ ഏതാണ്ട് ഒരു സീസൺ കളിക്കുന്ന ഒരു ചുണ്ടൻ വള്ളത്തിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ബോണസ് ഇനത്തിൽ ഗവൺമെന്റിൽ നിന്ന് ലഭിക്കും.
കൊല്ലത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ബാക്ക് വാട്ടർ ടൂറിസം, ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം, പിൽഗ്രിമേജ് ടൂറിസം തുടങ്ങിയവയൊക്കെ ജില്ലയിൽ ശക്തിയാർജിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ദിവസം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. സാംസ്കാരിക പരിപാടികളുടെ അവസാന ദിനമായ ഇന്ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലെ മംഗനിയാര് ഗാര്ഡന്സില് മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ടിന് കീഴില്ലം ഉണ്ണിക്കൃഷ്ണന് അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ലീഗ് സമാപനവും കുറ്റമറ്റ രീതിയിലും ആവേശകരമായും സംഘടിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തിൽ വനിത, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎ വിഷ്ണു മോഹൻ, മേയർ എ.കെ. ഹഫീസ്, കളക്ടർ ആനി ജൂല തോമസ് എന്നിവർ പങ്കെടുത്തു.
Tags : Champions Boat League contest District News Local News