പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനായി ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു 28,30 ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കലോത്സവം. 29 ഞായറാഴ്ചയായതിനാല്‍ കലോത്സവത്തിന് അവധിയും നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി.
സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എകെജെഎം സ്കൂള്‍, പേട്ട ഗവണ്മെന്റ് ഹൈസ്കൂള്‍, മൈക്ക സ്കൂള്‍, എന്‍എച്ച്എ സ്കൂള്‍, കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാള്‍ എന്നിങ്ങനെ 19 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 13 ഉപജില്ലകളില്‍ നിന്നായി യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പ്രതിഭകള്‍ മത്സരിക്കും.
249 ഇനങ്ങളിലാണ് മത്സരങ്ങള്‍. വൈക്കം, ചങ്ങനാശേരി ഉപജില്ലകളിലെ കലോത്സവം ഇന്നു സമാപിക്കും. മറ്റ് ഉപജില്ലകളിലെ മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
28ന് രാവിലെ കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് കലോത്സവത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം. ആദ്യദിനത്തില്‍ രചനാ മത്സരങ്ങളും മോഹിനിയാട്ടം, കേരള നടനം, ഗോത്രകലകള്‍ തുടങ്ങിയവയും അരങ്ങിലെത്തും.
സെന്റ് മേരീസ് സ്കൂളിലോ സെന്റ് ഡൊമിനിക്സ് സ്കൂളിന്റെ എല്‍പി വിഭാഗത്തിനു സമീപമായിട്ടോ ആയിരിക്കും ഭക്ഷണശാല പ്രവര്‍ത്തിക്കുക. വിവിധ സ്കൂളുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാലു ദിവസവും നാലുനേരം ഭക്ഷണമുണ്ടായിരിക്കും. രണ്ടിനു വൈകുന്നേരം നാലിനാണ് സമാപന സമ്മേളനം. ഭരണപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല.
കെഎസ്ടിഎയ്ക്കാണ് ഭക്ഷണം. മറ്റ് അധ്യാപക സംഘടനകള്‍ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലാണ് ജഡ്ജുമാര്‍ ഉള്‍പ്പടെയുളളവരെ നിയോഗിച്ചിരിക്കുന്നത്. 30ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ജില്ലയിലെ എംഎല്‍എമാര്‍ക്ക് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനാലാണ് 28ന് ഉദ്ഘാടന സമ്മേളനം വച്ചിരിക്കുന്നത്.
ഹരിത പ്രോട്ടോകോളില്‍ കലോത്സവം നടത്തുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കോർത്തിണക്കി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ജില്ലാ കലോത്സവത്തിനായി അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ത്രിതല പഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍, അധ്യാപക സംഘടനകള്‍, സ്പോണ്‍സര്‍മാര്‍ എന്നിവരില്‍ നിന്ന് കണ്ടെത്തും.
Tags : school arts festival nattuvishesham local news revenue district school arts festival