പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ മന്ത്രി കെ.മുരളീധരന് സന്ദര്‍ശിച്ചപ്പോള്‍.
പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളോടെയുള്ള വികസനം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്. ആശുപത്രിസന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തവേ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയിലാണ്. കാഷ്വാലിറ്റിയില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷാലിറ്റി കാഷ്വാലിറ്റിയുമുണ്ടാകും. സിടി-എംആര്‍ഐ സ്കാന്‍ സൗകര്യങ്ങളും ലഭ്യമാക്കും. സ്ട്രോക്ക് ഐസിയു സ്ഥാപിക്കും. കാത്ത്ലാബ് ഒരുക്കുന്നത് പരിഗണനയിലുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഫോറന്‍സിക് സര്‍ജനെ നിയമിക്കുന്നതും പരിഗണനയിലാണ്. ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും.
ലബോറട്ടറി സംവിധാനം കൂടുതല്‍മെച്ചപ്പെടുത്താന്‍ ജീവനക്കാരെ നിയമിക്കും. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്കോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധരുടെ സേവനം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. എംഎല്‍എമാരായ ജ്യോതികുമാര്‍ ചാമക്കാല, സി. അജയപ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.