പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ ദൃക്സാക്ഷി കോടതിയിൽ കൂറുമാറി.
രഹസ്യമൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖാണ് കേസിന്റെ വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി തിരുത്തിയത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കാർ അമിതവേഗതയിൽ വന്നു ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതു കണ്ടെന്നും വാഹനം ഓടിച്ചിരുന്നതു താടിവച്ച ശ്രീറാം വെങ്കിട്ടരാമനാണെന്നു തിരിച്ചറിഞ്ഞെന്നുമായിരുന്നു ഷഫീഖ് നേരത്തെ പൊലിസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴി. എന്നാൽ, കേസിന്റെ വിചാരണാവേളയിൽ സാക്ഷി ഈ നിലപാട് തിരുത്തുകയായിരുന്നു. അതേസമയം, കേസിൽ നാലാം സാക്ഷിയായ പിഡബ്ല്യുഡി ഓഫീസിലെ വാച്ച്മാൻ അനിൽ കുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകി. അപകടസമയത്ത് ശബ്ദംകേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചുകിടക്കുന്നതു കണ്ടെന്നും നാട്ടുകാരും പോലിസും ചേർന്നു വാഹനം ഓടിച്ചത് ശ്രീറാമാണെന്നു പറയുന്നതുകേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകടസ്ഥലത്തു കണ്ട അതേ ശ്രീറാം തന്നെയാണ് ഇന്നു കോടതിയിൽ ഹാജരായിരിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കിയിരുന്നു.
കേസിന്റെ വിചാരണ ആരംഭിച്ചശേഷം ഇതുവരെ നാലുസാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃക്സാക്ഷി തന്നെയാണ് ഇപ്പോൾ കൂറുമാറിയിരിക്കുന്നത്. സ് കിൽസ് എക്സലൻസി അക്കാദമി മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിക്കൽ, കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി ബി. എസ്. രാജേഷ് ഹാജരായി.
Tags : Nattuvishesham Local News K.M. Basheer murder case Eyewitness