തൃശൂർ തേക്കിൻകാട് മൈതാനത്ത് മണ്ണ് സ്വരാജ് റൗണ്ടിലേക്ക് ഒലിച്ചിറങ്ങിയ നിലയിൽ.
തൃശൂർ: കനത്തമഴയിലും വെള്ളക്കെട്ടിലും തകർന്ന് തൃശൂരിന്റെ ഹൃദയഭൂമിയായ തേക്കിൻകാട് മൈതാനം. പൂരനഗരിയുടെ സാംസ്കാരികപ്രതീകമായ ഈ ഹരിതഭൂമി വലിയ പാരിസ്ഥിതികഭീഷണിയാണ് ഇന്ന് നേരിടുന്നത്. കനത്തമഴയിൽ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മേൽമണ്ണ് ഒലിച്ചുപോയി ചാലുകൾ രൂപപ്പെട്ടിരിക്കുകയാണ്. വടക്കുന്നാഥൻക്ഷേത്രവും സ്വരാജ് റൗണ്ടും ഉൾപ്പെടുന്ന ഈ പൈതൃകഭൂമി സംരക്ഷിക്കാൻ അടിയന്തര ജിയോടെക്നിക്കൽ- ഹൈഡ്രോളജിക്കൽ പഠനങ്ങൾ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പാരിസ്ഥിതിക തകർച്ചയും ആശങ്കകളും
തിരുവന്പാടി ദേവസ്വത്തിനുമുന്പിലുള്ള ഭാഗം, മണികണ്ഠനാൽ പരിസരം, ജനറൽ ആശുപത്രിക്കു മുൻവശം എന്നിവിടങ്ങളിലാണ് മഴയിലെ മണ്ണു കുത്തിയൊലിച്ചുപോകുന്നത്. നേരത്തെ തേക്കിൻകാട് മൈതാനത്തെ മണ്ണ് നഷ്ടപ്പെട്ടുപോകാതിരിക്കാൻ മുൻകരുതലായി മൂന്നു ലെയറുകളായി തരംതിരിച്ചിരുന്നു. എന്നാൽ നവീകരണത്തിന്റെ പേരിൽ ശാസ്ത്രീയ സംവിധാനങ്ങളെല്ലാം മാറ്റിയതാണ് ഇപ്പോഴത്തെ വിപത്തിനുകാരണം.
മഴ പെയ്താൽ മൈതാനത്തെ മണ്ണ് തടസങ്ങളൊന്നുമില്ലാതെ ഒഴുകിപ്പോകുന്ന അവസ്ഥയാണുള്ളത്. മുൻകാലങ്ങളിൽ പാർക്കിനുസമീപം വെള്ളം തടസപ്പെടുന്പോൾ അടിയിലൂടെ ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇപ്പോൾ ആ വെള്ളമെല്ലാം മണ്ണിനൊപ്പം നേരെ റോഡിലേക്കാണ് കുത്തിച്ചൊരിയുന്നത്. ഇത്തരം പാരിസ്ഥിതികതകർച്ചകൾ പരിഹരിക്കാൻ ജിയോടെക്നിക്കൽ, എൻവയോണ്‍മെന്റൽ വിദഗ്ധരെ ഉൾപ്പെടുത്തി സമഗ്രപഠനം നടത്തണമെന്നും, ശാസ്ത്രീയമായ രീതിയിൽ ചെരിവുകൾ സംരക്ഷിക്കുകയും ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരിച്ച് വെള്ള
ക്കെട്ട് ഒഴിവാക്കുകയും വേണമെന്നാണ് ആവശ്യം.
തേക്കിൻകാട് മൈതാനത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപ ഫലപ്രദമായി വിനിയോഗിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു.
നിവേദനവുമായി തൃശൂർ സിറ്റിസണ്‍സ്
മൈതാനത്തെ മണ്ണൊലിപ്പും പാരിസ്ഥിതികതകർച്ചയും ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സിറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തിന്റെ തനിമയും പൈതൃകവും ഒട്ടും ചോർന്നുപോകാതെ നിലനിർത്തി അടിയന്തര പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തണമെന്നും, അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തിൽ കർശനമായ മേൽനോട്ടം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനമാണ് സംഘടന വിവിധ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നൽകിയത്.
Tags : Nattuvishesham DistrictNews DeepikaNews Thekkinkadu Maidan.