ബിജെപി പ്രവർത്തകർ റീത്തു വച്ച് പ്രതിഷേധിക്കുന്നു.
തൃശൂർ: കുറുപ്പം റോഡിലെ നടപ്പാത നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയതിനെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. വ്യാപാരികൾ നൽകിയ പരാതിയെത്തുടർന്ന് മേയറുടെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മേയർക്കും സംഘത്തിനും മുന്നിൽ വ്യാപാരികൾ പരാതികളുടെ കെട്ടഴിച്ചു. മഴവെള്ളം ഒഴുകിപ്പോകാൻ യാതൊരു ആലോചനയുമില്ലാതെയാണ് പണിയെന്നും, നിലവിലുള്ള പണികൾ പൂർണമായും പൊളിച്ചുമാറ്റി ശാസ്ത്രീയമായി വീണ്ടും നിർമിക്കണമെന്നുമാണ് അവരുടെ ആവശ്യം. നിലവിലെ റോഡ് ലെവലിൽ കാന പണിത് സ്ലാബ് കനം മാത്രം പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിലാക്കണം പണികൾ. കൂടാതെ വെള്ളം ഒഴുകിപ്പോകാൻ ഇടയ്ക്കിടയ്ക്ക് ഓവുകൾ സ്ഥാപിക്കണമെന്നും ഗ്രിൽ വർക്കുകൾ പൂർണമായും ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
എന്നാൽ, സ്വരാജ് റൗണ്ടിൽ നിന്നു സുഗമമായി ഒഴുകിയെത്തുന്ന വെള്ളത്തിലെ തടസങ്ങൾ ഒഴിവാക്കാനാണ് ഗ്രില്ലുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും കാൽനടയാത്രികരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നുമാണ് കരാറുകാരനും എൻജിനിയറും വ്യക്തമാക്കിയത്. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ വ്യാപാരികൾക്ക് ഇത് ബോധ്യപ്പെടുമെന്നും, അല്ലാത്തപക്ഷം പൊളിച്ചുകളയാമെന്നും അവർ അറിയിച്ചു. എന്നാൽ ഈ നീക്കം അനാവശ്യ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
തുടർന്ന്, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച ശേഷംമാത്രം നിർമാണംതുടരാൻ തീരുമാനിക്കുകയായിരുന്നു.
മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഡിവിഷൻ കൗൺസിലർമാർ, കരാറുകാരൻ, കോർപറേഷൻ എൻജിനീയർ എന്നിവർ കോർപറേഷൻ ഭാഗത്തുനിന്നും ചർച്ചയിൽ പങ്കെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെട്ടിയങ്ങാടി യൂണിറ്റ് പ്രസിഡന്റ് സെബി വർഗീസ് പുളിക്കൻ, ജനറൽ സെക്രട്ടറി ബിജു പോൾ കാട്ടൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ ജോഷി മാത്യു തേറാട്ടിൽ, രഘു എന്നിവരും വ്യാപാരികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Road footpath