പ്രതീകാത്മക ചിത്രം
നെടുംകുന്നം: മേഖലയിലെ കർഷക- നാമമാത്ര കർഷകർ ദുരിതത്തിൽ. നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികൾ കുട്ടത്തോടെ എത്തി കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാന്തുരുത്തി, മുളയംവേലി, കുരുന്നം വേലി, ഇടത്തി നാട്ടുപടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികൾ ഇറങ്ങി നിരവധി കർഷക-നാമ മാത്ര കർഷകരുടെ മരച്ചീനി, ഏത്തവാഴകൾ, കമുകുകൾ, ചേന ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കാർഷിക, ഫലവൃക്ഷ വിളകൾ നശിപ്പിക്കൽ പതിവാണ്.
ഇതിനോടൊപ്പം ആണ് കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത കാലവർഷത്തിൽ കർഷകർക്ക് ഉണ്ടായ നഷ്ടം. നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി കാർഷിക വിളകൾക്ക് കനത്ത നാശമാണ് സംഭവിച്ചത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാലേ വ്യാപതി നിജപ്പെടുത്താൻ സാധിക്കു. വരും ദിവസങ്ങളിൽ കണക്കെടുപ്പ് പൂർത്തിയാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. കാട്ടുമൃഗങ്ങൾ വരുത്തുന്ന കൃഷിനഷ്ടത്തോടൊപ്പം പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടവും കൂടിയാകുമ്പോൾ കർഷകർ ആകെ പ്രതിസന്ധിയിലാവുകയാണ്.
ഓണവിപണി ലക്ഷ്യമാക്കി ഏത്തവാഴ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയ കൃഷി ഇറക്കിയ നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു.ബിജു കോഴി മണ്ണിൽ, പുല്ലംപ്ലാവിൽ തങ്കച്ചൻ, മടിയ കുന്നേൽ വിജയൻ, വെണ്ണിക്കുളം ജോയി, മരുതൂർ പുരുഷൻ, തോണിപ്പാറ സാബു, കണ്ണോത്ത് ബാബു, രാജു എന്നിവർക്ക് വ്യാപക കൃഷിനാശം ആണ് സംഭവിച്ചത്.
Tags : Nattuvishesham Local News crop damage farmers