District News
കഴക്കൂട്ടം: മേനംകുളത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ കഴക്കൂട്ടം പൊലീ സിന്റെ പിടിയിലായി. മാടൻവിള സ്വദേശി ആഷിഖ്, കഠിനംകുളം സ്വദേശി റെജിൻ, മേനംകുളം കൽപന സ്വദേശി അഭിലാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മേനംകുളം "ലീ ഫ്രാങ്ക്' ലോഡ്ജിലെ കെയർ ടേക്കറും എ.എ. കോട്ടേജ് നിവാസിയുമായ ടോം മിറാൻഡയ് ക്കാണ് (57) മർദനമേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ യായിരുന്നു കേസിനാസ്പദമായ സംഭവം. ലീ ഫ്രാങ്ക് ഹോട്ടലിന്റെ മുൻവശത്തെ ഗേറ്റിൽ പിടിച്ചു പ്രതികൾ ബഹളമുണ്ടാക്കിയത് കെയർ ടേക്കറായ ടോം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ ലോഡ്ജിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ ടോമിനെ അസഭ്യം വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു പ്ലാസ്റ്റിക് കസേര കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ടോം മിറാൻഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത കഴക്കൂട്ടം പൊ ലിസ് പ്രതികളെ വേഗത്തിൽ വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
District News
കണ്ണൂർ: വ്യാജസ്വർണം പണയംവച്ച് ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), ചന്ദ്രോത്ത് മുനീർ (48) എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത്. പെരളശേരി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിലാണ് പ്രതികൾ സംഘടിതമായി തട്ടിപ്പ് നടത്തിയത്. പ്രതികളായ ധനേഷും മുനീറും ചേർന്നാണ് ഈ ബാങ്ക് ശാഖയിൽ വ്യാജ സ്വർണാഭരണങ്ങൾ പലതവണകളിലായി പണയം വച്ചത്.
മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കംവരുന്ന വ്യാജ ആഭരണങ്ങൾ പണയംവച്ച് 17.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളിൽ 916 BIS എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളിൽ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങൾ ധനേഷിനും മുനീറിനും എത്തിച്ചുനൽകിയത് കൂടാളി സ്വദേശിയായ ഹഫ്നാസാണെന്ന് പോലീസ് കണ്ടെത്തി.
സ്ഥാപനത്തിലെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ പ്രത്യേക നിർദേശ പ്രകാരം എസ്ഐമാരായ ഇ.വി. വിനീത്, എഎസ്ഐമാരായ മഹേഷ്, ഷിജിത്ത് കുമാർ, സീനിയർ സിപിഒമാരായ എൻ.വി. ഷിജു, സനൂപ്, സിപിഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
കടയ്ക്കല്‍: മടത്തറയില്‍ ബെവ്കോ മാനേജരെ മര്‍ദിച്ച കേസില്‍ മൂന്നുയുവാക്കളെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. നിലമേല്‍ കൈതോട് സ്വാദേശികളായ മര്‍ജാന്‍, നാദിര്‍, കിളിമാനൂര്‍ സ്വദേശിയായ അമല്‍ മോഹന്‍ എന്നിവരാണ് ചിതറ പോലീസിന്റെ പിടിയിലായത്.
ബെവ്കോയുടെ മടത്തറയിലുള്ള പ്രീമിയം കൗണ്ടറില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ മദ്യപിച്ചെത്തിയ മൂവര്‍ സംഘം സ്ഥാപനത്തിനുള്ളില്‍ കയറി അസഭ്യം വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മാനേജര്‍ വിനോദിനെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്.
മദ്യപിച്ചു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പ്രതികളെ വിനോദ് പുറത്തിറക്കി വിടുകയായിരുന്നു. പിന്നീട് പുറത്തേക്ക് എത്തിയ വിനോദിനെ മൂവര്‍ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെവ്കോ അധികൃതര്‍ ചിതറ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരെയും ചിതറ വളവുപച്ചയില്നിന്നു പോലീസ് പിടികൂടുകയായിരുന്നു.
കയ്യേറ്റം ചെയ്യല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ വിനോദ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
District News
തിരുവാങ്കുളം: എക്സൈസിന് ഒറ്റിക്കൊടുത്തെന്ന വിരോധത്തിൽ യുവാവിനെ മർദിച്ച അഞ്ചംഗ സംഘത്തിലെ മൂന്നു പേർ പോലീസിന്റെ പിടിയിലായി. തിരുവാങ്കുളം വട്ടപ്പറമ്പിൽ കവല അനീഷ് എന്ന വി.പി. അനീഷ് (53), അമ്പാടിമല വടക്കെ മലയിൽ ഉമേഷ് (38), തിരുവാണിയൂർ നെടുംപറമ്പിൽ തീപ്പൊരി ജോസ് എന്ന ജോസ് (38) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവാണിയൂർ മുരിയമംഗലം വലിയപറമ്പിൽ വീട്ടിൽ ഫ്രെഡിൻ (30)നെ ആണ് ആക്രമണത്തിനിരയായത്. അക്രമിസംഘത്തിലെ അമ്പാടിമല സ്വദേശി കുഞ്ഞാപ്പു എന്ന അരുൺ, മാമല സ്വദേശി അക്ഷയ് എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ 13ന് രാത്രി 10.45ഓടെ തിരുവാങ്കുളത്തെ ബാറിന് മുന്നിൽ വച്ച് ഫ്രെഡിനെ പ്രതികൾ ആയുധം കൊണ്ട് മർദിച്ച് ബലമായി കാറിൽ കയറ്റി കാറിൽ വച്ചും രണ്ടാം പ്രതിയുടെ അമ്പാടിമലയിലെ വീട്ടിലെത്തിച്ച് ടെറസിൽ വച്ചും മർദിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മർദനമേറ്റ ഫ്രെഡിനും വിവിധ കേസുകളിൽ പ്രതിയാണ്.
District News
പെരിന്തൽമണ്ണ: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. നാട്ടുകൽ പുത്തൻപീടികയിൽ മുഹമ്മദ് മുനീർ (34), കരിങ്കല്ലത്താണി കൂരിമുഹമ്മദ് ബഷീർ (32), നാട്ടുകൽ കളംപറന്പിൽ കെ.പി. നൗഫൽ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
ഫുട്ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് അക്രമസംഭവങ്ങൾക്ക് വഴിവച്ചത്. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് പ്രതികൾ മറ്റൊരു കാർ ഇടിപ്പിക്കുകയായിരുന്നുവെന്നും യുവാക്കൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞതിനെത്തുടർന്ന് മൂന്നു പേർക്കും പരിക്കേറ്റതായും പോലീസ് പറഞ്ഞു. അപകടത്തിന് തൊട്ടുമുന്‍പ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികൾ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു.
പരിക്കേറ്റ മൂന്ന് യുവാക്കളെയും നാട്ടുകാരാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മാസം മുന്‍പ് നടന്ന ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തിലെ പകയാണ് സംഭവത്തിന് കാരണം. പ്രതികളെ പെരിന്തൽമണ്ണ പോലീസ് കോടതിയിൽ ഹാജരാക്കി.
District News
സുൽത്താൻ ബത്തേരി: സ്വകാര്യ കന്പനികളിൽനിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റ് അടക്കം മൂന്നുപേർ പിടിയിൽ. അക്കൗണ്ടന്റായിരുന്ന കുപ്പാടി ചെന്പകപ്പള്ളി പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ ബേസിൽ വർഗീസ്(26), ബത്തേരി പുന്നശേരിയിൽ അശ്വിൻ രാജ്(25) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കന്പനികളിലാണ് 2023 ജനുവരിക്കും 2025 മാർച്ചിനും ഇടയിൽ തട്ടിപ്പ് നടന്നത്. പ്രവീണാണ് മൂന്ന് കന്പനികളുടെയും അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ജിഎസ്ടി, തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ എന്നിവ അടയ്ക്കാതെ തിരിമറി ചെയ്താണ് പണം തട്ടിയത്.
ജിഎസ്ടി അടയ്ക്കാതെ 70 ലക്ഷത്തോളം രൂപയാണ് തട്ടിയത്. ഇതിൽ 58 ലക്ഷം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, അശ്വിൻരാജ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു. എംഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിച്ചു. ജിഎസ്ടി യഥാസമയം അടയ്ക്കാത്തത് കന്പനികൾക്ക് നഷ്ടത്തിനു കാരണമായി.
National
ചണ്ഡിഗഡ്: പഞ്ചാബിൽ 24 കിലോ ഹെറോയിനുമായി മൂന്നു പേർ പിടിയിൽ. പഞ്ചാബ് പോലീസും ബിഎസ്എഫും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിലാണ്, പാക്കിസ്ഥാൻ കേന്ദ്രീകൃതമായ ലഹരിക്കടത്തുസംഘം പിടിയിലായത്.
സംഘത്തിൽനിന്ന് 24.5 കിലോ ഹെറോയിനും 21.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച മൾട്ടി-കോപ്റ്റർ ഡ്രോണും രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
അമൃത്സർ സ്വദേശികളായ ജഗജിത് സിംഗ് റാണ, മൻപ്രീത് സിംഗ്, റോഷൻ സിംഗ് എന്നിവരാണ് പിടിയിലായത്.രണ്ടു ഘട്ടങ്ങളിലായാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ആദ്യഘട്ടത്തിൽ 12.1 കിലോ ഹെറോയിനും കടത്തിനുപയോഗിച്ച ഡ്രോണും പിടിച്ചെടുത്തു. തുടർന്ന് ഡ്രോണിലെ സാങ്കേതിക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിലൊരാളായ മൻപ്രീത് സിംഗിന്റെ വീട്ടിൽനിന്ന് ബാക്കി 12.4 കിലോ ഹെറോയിൻ കൂടി കണ്ടെടുക്കുകയായിരുന്നു.
District News
ചേർത്തല: ചേർത്തല സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറും പണവും അപഹരിച്ച കേസിലെ പ്രതികൾ പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് ആശാരിപ്പറമ്പ് കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), ഞാറക്കൽ കൊല്ലംവേലിക്കകത്ത് ലിംബുട്ടൻ എന്ന ജോസഫ് ലിബിൻ ഡിക്രൂസ് (30), എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ ഉണ്ണികൃഷ്ണൻ (28) എന്നിവരെയാണ് അർത്തുങ്കൽ പോലീസ് പിടികൂടിയത്.
ഫെബ്രുവരി 20 നായിരുന്നു സംഭവം. വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറ് അപഹരിക്കുകയും ചെയ്തതാണ് ഇവർക്കെതിരേയുള്ള പരാതി. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴു പേർക്കായി അന്വേഷണം തുടങ്ങി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ ഡി. സഞ്ജീവ്കുമാർ, എസ്ഐ കെ. ആർ. ബൈജു, സീനിയർ സിപി ഒമാരായ ജിതിൻ, നന്ദുലാൽ, യദു പ്രിയ, ഡി വൈഎസ്പി സ്ക്വാഡിലെ സീനിയർ സിപിഒ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ചിത്രീകരിച്ച വീഡിയോകൾ അതിജീവിതയെ അപമാനിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ.
എറണാകുളം സ്വദേശിയായ ഒരാളും തൃശൂർ സ്വദേശികളായ രണ്ടുപേരുമാണ് പിടിയിലായത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മാർട്ടിൻ അതിജീവിതയുടെ പേരുവിവരം വെളിപ്പെടുത്തുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന തരത്തിലും അഭിപ്രായപ്രകടനം നടത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ റേഞ്ച് ഡിഐജിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ വിവിധ യുആർഎല്ലുകൾ പ്രകാരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് അറിയിച്ചു.
വീഡിയോ ഷെയർ ചെയ്ത ഇരുനൂറിലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. ഷെയർ ചെയ്ത ലിങ്കുകൾ ഡിലീറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
Kerala
കണ്ണൂർ: പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. സംഭവവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിന്റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാൻഡ് ബ്രേക്കിന്റെ അടുത്തായി രഹസ്യ അറ കണ്ടെത്തിയത്.
ഈ അറയ്ക്കുള്ളിൽ 100, 200, 500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. 80 ലക്ഷം രൂപയുടെ നോട്ടുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണമാണെന്ന് വ്യക്തമായത്. പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
Kerala
കൊടുങ്ങല്ലൂർ: ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനനെ (42) അതിക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ കൂനമ്മാവിൽ പ്രവർത്തിക്കുന്ന, മാനസികവെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിന്റെ ഉടമ കൂനമ്മാവ് ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തുമകൻ ആരോമൽ (23), കോട്ടയ്ക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 21നു രാവിലെയാണ് സുദർശനനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപമുള്ള റോഡരികിൽ കണ്ടത്. ഗുരുതരമായ പരിക്കുകളേറ്റിരുന്ന ഇയാൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലാണ്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ഈമാസം 18നു പുലർച്ചെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി അറിഞ്ഞു. പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്നു സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് ഇയാളെ ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ കഴിഞ്ഞുവരവേയാണ് സുദർശനനു ഗുരുതരമായ പരിക്കേറ്റത്.
തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ അമൽ ഫ്രാൻസിസിന്റെ നിർദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ആശ്രമത്തിന്റെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.
സുദർശനനു ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്കുശേഷം കേസ് വരാപ്പുഴ സ്റ്റേഷനിലേക്കു കൈമാറും.