പിടിയിലായ മുഹമ്മദ് ഹഫ്നാസ്, ധനേഷ് ബാബു, മുനീർ.
കണ്ണൂർ: വ്യാജസ്വർണം പണയംവച്ച് ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), ചന്ദ്രോത്ത് മുനീർ (48) എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത്. പെരളശേരി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിലാണ് പ്രതികൾ സംഘടിതമായി തട്ടിപ്പ് നടത്തിയത്. പ്രതികളായ ധനേഷും മുനീറും ചേർന്നാണ് ഈ ബാങ്ക് ശാഖയിൽ വ്യാജ സ്വർണാഭരണങ്ങൾ പലതവണകളിലായി പണയം വച്ചത്.
മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കംവരുന്ന വ്യാജ ആഭരണങ്ങൾ പണയംവച്ച് 17.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളിൽ 916 BIS എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളിൽ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങൾ ധനേഷിനും മുനീറിനും എത്തിച്ചുനൽകിയത് കൂടാളി സ്വദേശിയായ ഹഫ്നാസാണെന്ന് പോലീസ് കണ്ടെത്തി.
സ്ഥാപനത്തിലെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ പ്രത്യേക നിർദേശ പ്രകാരം എസ്ഐമാരായ ഇ.വി. വിനീത്, എഎസ്ഐമാരായ മഹേഷ്, ഷിജിത്ത് കുമാർ, സീനിയർ സിപിഒമാരായ എൻ.വി. ഷിജു, സനൂപ്, സിപിഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.