ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകർന്ന ഒറ്റക്കുഴി-ചെമ്പോത്തുമല റോഡ്.
തയ്യേനി: കഴിഞ്ഞദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലയോരഗ്രാമമായ തയ്യേനിക്ക് സംഭവിച്ചത് കനത്ത നാശനഷ്ടം. തയ്യേനി, ഒറ്റക്കുഴി, വായിക്കാനം, തയ്യമുണ്ട പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. തയ്യേനി-തയ്യമുണ്ട റോഡ്, ഒറ്റക്കുഴി-ചെമ്പോത്തുമല റോഡ്, ഒറ്റക്കുഴി-കാവുന്തല റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്നു. രണ്ടു കലുങ്കുകളും തകര്‍ന്നു. പലയിടത്തും റോഡിന്റെ അടിഭാഗത്തെ മണ്ണ് പൂര്‍ണമായും ഒലിച്ചു.
റോഡില്‍ പലയിടത്തും വലിയ പാറകല്ലുകള്‍ വീണടിഞ്ഞിരിക്കുകയാണ്. ജെസിബി ഉപയോഗിച്ച് റോഡിലെ തടസങ്ങള്‍ നീക്കിയശേഷമാണ് ഒറ്റപ്പെട്ടുപോയ രണ്ടു കുടുംബാംഗങ്ങളെ ഇന്നലെ രാവിലെ സുരക്ഷിതസ്ഥാനത്തെത്തിച്ചത്. ഒഴുകയില്‍ സജി, കടപ്രയില്‍ ബാബു എന്നിവരുടെ വീടുകളില്‍ വെള്ളം കയറി വലിയ നാശനഷ്ടം സംഭവിച്ചു. ഷീജ ഷിബു, കുഞ്ഞമ്പു എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. കിണറിടിഞ്ഞതിനെതുടര്ന്ന് സമീപത്തെ വീടും അപകടാവസ്ഥയിലാണുള്ളത്. മുപ്പതോളം വീടുകളുടെ സമീപം മണ്ണിടിഞ്ഞുവീണിരിക്കുകയാണ്. നിരവധി കൃഷിസ്ഥലങ്ങളും 17 കുടുംബങ്ങളിലെ 55ഓളം പേര് തയ്യേനി ഗവ.സ്കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുകയാണ്. 25ഓളം പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.
വലിയ നാശനഷ്ടം
തയ്യേനിയിലും പരിസരപ്രദേശങ്ങളിലുമായി 40 വീടുകളിൽ ചെളിവെള്ളം കയറി. ചെമ്പോത്തുമലയിൽ കണിയാംപറമ്പിൽ റെജി, സെബാസ്റ്റ്യൻ എന്നിവരുടെ 2.5 ഏക്കറോളം കൃഷിഭൂമി ഉരുൾപൊട്ടലിൽ പൂർണമായും തകർന്നു. ചെമ്പോത്തുമലയിലേക്കുള്ള രണ്ടു കിലോമീറ്റർ റോഡും കൊയിലംപാറ-വായിക്കാനം ഭാഗത്തെ ഒന്നര കിലോമീറ്ററോളം റോഡും മലവെള്ളപ്പാച്ചലിൽ തകർന്നു.
ഓടപ്പള്ളി ഭാഗത്ത് ജനാർദ്ദനൻ തുരുത്തേൽ, ഡെന്നി വട്ടക്കുന്നേൽ, തങ്കച്ചൻ താന്നിക്കൽ, ജോസഫ് തെക്കേടത്ത്, ജോജോ മഞ്ഞനാട്ട്, പാലാവയൽ ടൗണിനു സമീപം ബെന്നി കരീക്കുന്നേൽ, വിനോദ് മുണ്ടമറ്റം, സാജൻ രാമനാട്ട്, ബാബു കേഴപ്ലാക്കൽ, ഹരി പടിഞ്ഞാറേ പന്നിക്കോട്ടിൽ, ഏണിച്ചാൽ ഭാഗത്തെ ബിജു ഓലിക്കൽ, ജോയി കൊച്ചു പറമ്പിൽ, ജോയി കളമ്പുകാട്ട്, ജോണി തെരുവംകുന്നേൽ, സനീഷ് പുറത്തേ മുതുകാട്ട്, മാത്യു പുതുമംഗലത്ത്, തോമസ് പുറത്തേമുതുകാട്ട്, പേണ്ടാനം തോമസ് എന്നിവരുടെ വീടുകളിൽ വെള്ളം കയറിയതിനെ തുർന്ന് ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും നാശമുണ്ടായി.
പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. അറയ്ക്കൽ സോമിയുടെ ഉടമസ്ഥതയിൽ പാലാവയൽ - ഓടക്കൊല്ലി റോഡരികിൽ പ്രവർത്തിക്കുന്ന സെന്റ് ജോൺസ് ഹോളോബ്രിക്സ് നിർമാണ യൂണിറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ചാക്ക് സിമന്റും നിർമാണ യന്ത്രസാമഗ്രികളും നശിച്ചു.